Tuesday, December 29, 2015

മകരവും മനസ്സും അന്നും ഇന്നും .........


 
അന്ന് ........
 കുമരം പേരൂരിലെ വൃശ്ചിക തണുപ്പിന് മധുരയിലെ ജമന്തിപൂക്കളുടെ മണമായിരുന്നു .
വാദ്യഘോഷത്തി ന്റെയും ആരവങ്ങളുടെയും അകമ്പടിയോടെ അച്ചൻ കോവിൽ കൊടി തേക്കിൻ കാടിറങ്ങി ഒരിക്കൽ കുമരംപേരൂരിൽ എത്തിയിരുന്നു. ജാതിമത ഭേദമന്യേ ഗ്രാമവാസികളിൽ ഏവരും    വർഷത്തിൽ ഒരിക്കൽ കാത്തിരുന്ന  സുദിനം .സ്വാമി അയ്യപ്പന് വേണ്ടി കാണിക്ക ഇടുമ്പോൾ കിട്ടുന്ന പ്രസാദം  ഭക്ത്യാദരവോടെ ഒരു ദൈവങ്ങൾക്കും കണക്കു ബോധിപ്പിക്കാതെ നെഞ്ചോട്‌ ചേർത്ത  നിമിഷങ്ങൾ.ശ്രീ അയ്യപ്പന്  വാവര് സ്വാമിയോടുള്ള അടുപ്പത്തി ന്റെ  സൗഹൃദ പച്ചയിൽ നെയ്യും തേങ്ങയും നേർച്ച അർപ്പിക്കുന്ന റാവുത്തർ കുടുംബങ്ങളും ഉണ്ടായിരുന്നു അന്ന്.

ഇന്ന് ....
വൃശ്ചികം ധനുമാസക്കുളിരിൽ വിറയ്ക്കുമ്പോൾ മകര മഞ്ഞ് പെയ്യുവാൻ ഇനി ദിനങ്ങൾ  ബാക്കി .
കാടിറങ്ങി ഇപ്പോൾ കന്നി അയ്യപ്പന്മാർ ഈ വഴി വരാറേയില്ല .
ശരണം വിളികൾ  വഴിമാറി മറ്റേതോ ഗ്രാമം തേടി പോയി തുടങ്ങി. പുതിയ തലമുറകളിലെ യുവത്വം അന്യോന്യം മത്സരബുദ്ധിയോടെ ദൈവങ്ങൾക്ക് വേണ്ടി ശക്തി പ്രകടനങ്ങൾ നടത്തുമ്പോൾ  കുമരം പേരൂരി ന്‌  നഷ്ടമായിപ്പോകുന്നത്    ഒരു  ഗ്രാമത്തിലെ മത സൗഹാർദത്തിന്റെ ഊഷ്മള ഗന്ധമാണ് .
ഈ ധനുമാസ പുലരികൾക്ക്   മതത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധമാണെന്ന്   തോന്നി തുടങ്ങിയിരിക്കുന്നു .വിശ്വാസപ്രമാണങ്ങളുടെ അധിനിവേശ ചൂടിൽ പൊള്ളി തുടങ്ങുന്ന കുമരംപേരൂരിൽ ഇനി എന്നെങ്കി ലും  അച്ചൻ കോവിൽ കൊടിയുടെ വാദ്യഘോഷങ്ങൾ മുഴങ്ങുമോ ??  മധുരയിൽ നിന്നും ചെങ്കോ ട്ടയിൽ നിന്നും   കാൽനടയായി എത്തുന്ന അയ്യപ്പന്മാരുടെ ജമന്തിപൂമാലകൾക്ക് കണ്‍ പാർത്ത്   എവിടെയെങ്കിലും റാവുത്തർ ബാല്യങ്ങൾ ജന്മംകൊള്ളുമോ ???