Wednesday, November 07, 2012

തമോഗര്‍ത്തങ്ങളിലേക്ക്





തമോഗര്‍ത്തങ്ങളിലേക്കുള്ള   എന്‍റെ ആദ്യ യാത്രയായിരുന്നു അത് .എന്നെ  സംബന്ധിച്ച് ഇന്നേവരെ ഞാന്‍ ജീവിച്ച പ്രപഞ്ച വിസ്മയത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നു മനുഷ്യ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള തമോഗര്‍ത്തങ്ങള്‍..  
വെളിച്ചത്തില്‍ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് ഒരു പ്രയാണം.ഇവന്‍റ് ഹോറിസണ്‍ കടക്കുംവരെ സാധാരണവേഗതയിലായിരുന്ന പേടകത്തിലിരിക്കുമ്പോള്‍ എത്ര സുഖകരമായിരുന്നു ഓര്‍മ്മകള്‍ , പ്രകാശ തുല്യ വേഗതയില്‍ തമോഗര്‍ത്തത്തിന്‍റെ  കേന്ദ്ര ബിന്ദുവായ സിംഗുലാരിട്ടിയില്‍ മറയും വരെ ഒരേ തീവ്ര വേഗതയില്‍ അനുഭവിച്ച വൈരുദ്ധ്യങ്ങള്‍ .  ഇരുട്ടിലുടനീളം തിരഞ്ഞിട്ടും ഞാന്‍ കാണാതിരുന്നത് ബൈനറി നക്ഷത്രങ്ങളെ യാണ്‌.. , എനിക്ക് കൂട്ട് വന്ന്  ഒടുവില്‍ കറുത്ത കുള്ളനായി മാറിപ്പോയ അതിലെ വെളുത്ത ചങ്ങാതിയെ .നക്ഷത്രങ്ങള്‍ ഇങ്ങനെ  ഇരുളടഞ്ഞു പോകുന്നത്  ഗുരുത്വാകര്‍ഷണ തകര്‍ച്ചയിലൂടെയാണത്രെ. സ്വന്തം ആകര്‍ഷണ ശക്തിക്ക് അടിമപ്പെട്ടു സ്വയം തകര്‍ന്നു പോകുന്ന അവസ്ഥ.പരിധികള്‍ നിര്‍വചിച്ച് വെള്ള ക്കുള്ളന്മാരായി രൂപം പ്രാപിച്ച പലരെയും ഞാന്‍ മനസ്സില്‍ കണ്ടു. 
അപ്പോഴൊക്കെ ചൂടുള്ള നക്ഷത്ര നിശ്വാസമായി മെറ്റില്‍ഡ എന്‍റെ   തണുത്തുറഞ്ഞു കൊണ്ടിരുന്ന ഓര്‍മകളെ  പൊള്ളിച്ചു  കൊണ്ടേയിരുന്നു. 
    
 .ആസ്ട്രോ ഫിസിക്സ്‌ റിസര്‍ച്ച് ചെയ്ത നാള്‍ ബ്രിസ്റ്റോള്‍ വെച്ചാണ് മെറ്റില്‍ഡയെ  ഞാന്‍  ആദ്യം  കാണുന്നത്.
.ഓര്‍ക്കുവാന്‍   ബ്രിസ്റ്റോള്‍    എനിക്ക് തന്നത്  മെറ്റില്‍ഡയെ മാത്രമായിരുന്നില്ലല്ലോ.
പ്രൊജക്റ്റ്‌ വ ര്‍ക്കുകള്‍ ഇല്ലാതെ വെറുതേയിരുന്ന സായാഹ്നങ്ങ ളില്‍ പലപ്പോഴും ഹസീന ഫൈസല്‍  ചാറ്റ് വിന്റോയിലൂടെപറന്ന് വന്ന്  എന്‍റെ ശീതികരണ മുറിയില്‍ അരികു ചേര്‍ന്ന് തോളില്‍  തല ചായ്ച്ചിരുന്നു.
"ജീവിതം വല്ലാതെ മടുക്കുന്നു     ദേവന്‍ ............"

   ഇന്‍ബോക്സില്‍ നിറയുന്ന മിസ്സിസ്സ്ഫൈസലിന്‍റെ  മെസേജുകള്‍ അവഗണിക്കുമ്പോള്‍ ഒരു കൈയിലെ വിരല്‍ മൌസിലെ റൈറ്റ് ബട്ടനിലും  മറു കൈ കെന്നി റോസ്സ് ഡിസില്‍വ എന്ന പോര്‍ട്ട്ഗീസ്സ്കാരിയുടെ പഞ്ഞിപോലുള്ള ഇടത്‌ തുടയിലും യാന്ത്രികമായി  ക്ലിക്ക്  ചെയ്തു കൊണ്ടിരുന്നു .
"നീ എന്നാണ് ഇന്ത്യയിലേക്ക് തിരികെ പോകുക. ?"വെളുത്തു  ചുവന്ന വിരലുകളില്‍ നിന്നും ഒരു വൈദ്യുത പ്രവാഹം എന്നിലേക്ക് പകര്‍ന്ന്  എനിക്കത്ര പരിചയം ഇല്ലാത്ത ഭാഷയില്‍  കെന്നി ഡിസില്‍വ കൊഞ്ചി. 

"........അടുത്ത സോളാര്‍ എക്ലിപ്പ്സ്സ് നമ്മള്‍  ഇന്ത്യയില്‍ ആഘോഷിക്കും "സ്വര്‍ണ മുടിയിഴകള്‍ പാറിനടന്ന അവളുടെ ചെവിയില്‍ അമര്‍ത്തി കടിച്ച്  മന്ത്രിക്കുമ്പോള്‍ ഉള്ള് കൊണ്ട് ചിരിച്ചു .വാക്കുകള്‍ കൊണ്ട് ഈ പെണ്ണുങ്ങളെ പറ്റിക്കുവാന്‍ എത്ര എളുപ്പം.പ്രത്യേകിച്ച് പ്രണയ പരവശരായ സ്ത്രീകളെ .
 സൂര്യ ഗ്രഹണങ്ങള്‍ പിന്നെയും എത്രയോ കഴിഞ്ഞു. കെന്നി റോസ്സ് ഒരിക്കല്‍[പോലും ഇന്ത്യയിലെ  ഗ്രഹണം കണ്ടില്ല. 
ബ്രിസ്ട്ടള്‍ നിന്നും നാട്ടില്‍  വന്ന നാള്‍  ഹസീനയെ വിളിക്കുവാന്‍  പഴയ ഫോണ്‍ നമ്പര്‍  വീണ്ടും ശരിയാക്കി. 
:ദേവാ...നീ നാട്ടില്‍ വന്നു അല്ലെ ................."
 കപട സ്നേഹം വാക്കുകളില്‍ പുരട്ടിയ മറുപടികള്‍ പറഞ്ഞുകൊണ്ടേയിരുന്നു. 
കടങ്ങളുടെ കണക്കുകള്‍ നിരത്തി,പ്രാരാബ്ദങ്ങളുടെ കെട്ടുകള്‍ മുറുക്കുവാന്‍ ഹസീന തുടങ്ങിയപ്പോള്‍ മൊബൈല്‍ മനപൂര്‍വ്വം സ്വിച്ച് ഓഫ്‌  ചെയ്തു .
"ഒരു കുടുംബോം കുട്ട്യോളുമൊക്കെയായി ജീവിക്കേണ്ട സമയ നിനക്ക് ................കണ്ട മദാമ്മ പെണ്ണുങ്ങ ളോടൊപ്പം നാട് ചുറ്റുയെ  "
അമ്മാമയുടെ  പരാതികള്‍ ക്കൊടുവില്‍  സ്വാതിമേനോന്‍  ജീവിത സഖിയായി.
 .

താലിച്ചരടില്‍ കെട്ടി മുറുക്കിയിട്ട ഒരു ബന്ധം ,അതായിരുന്നു എനിക്ക് സ്വാതി .അനുഗ്രഹങ്ങള്‍ ചൊരിയാന്‍ കാത്തിരുന്ന അമ്മമ്മ അതിന് മുന്‍പേ ഓര്‍മയായി.

നാട്ടില്‍   സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ അച്ഛനായിരുന്നു ഏറെ ആഹ്ലാദം .
മറുനാട്ടില്‍ നിന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പറിച്ചു നടേണ്ടി   വന്ന  നക്ഷത്ര ജീവിതം 
ആകാശവും നക്ഷത്രങ്ങളും കൂട്ടുകാരായിരുന്നിടത്ത്  കുന്നു കൂടിയ സര്‍ക്കാര്‍ ഫയലുകള്‍. 
"നിനക്കിതു മതി ......നാട്ടിലാകുമ്പോ കണ്ണടയും വരെ  കാണാല്ലോ ഞങ്ങള്‍ക്ക് "അമ്മയും നിശബ്ദമായി പറഞ്ഞത് അതായിരിക്കണം. 

സ്വാതിയോടോപ്പം ഉറക്കം വരാതെ കിടന്ന പല   രാത്രികളിലും   ആകാശ വിസ്മയങ്ങള്‍ പാതി തുറന്ന ജനവാതിലിലൂടെ കൂട്ട് വന്നു. ഒരേ ആകാശം,ഒരേ നക്ഷത്രങ്ങള്‍ .കെന്നിയോടൊപ്പം ,മെറ്റില്‍ഡയോടൊപ്പം കണ്ട കാഴ്ചകള്‍ അതേപടി ഒരുമാറ്റവുമില്ലാതെ ഇപ്പോഴും......
പക്ഷെ മെറ്റില്‍ഡയോടൊപ്പം നോര്‍വേയിലെ  തണുപ്പ് നുകര്‍ന്ന്  ഓസ്‌ലോ ആകാശത്ത് കണ്ട പ്രകാശ വിസ്മയം പിന്നീട് ഒരിക്കലും കാണുവാന്‍ കഴിഞ്ഞില്ല .
 ആകാശ നക്ഷത്രങ്ങളില്‍ നെലെണ്ണത്തിനെ മാറ്റിനിര്‍ത്തി  മെറ്റില്‍ഡ   പഠിപ്പിച്ചുതന്ന ലൈന്‍ ക്ലിപ്പിംഗ് അല്‍ഗോരിതം ഉണ്ടാക്കി തുടങ്ങിയത് സ്വാതി നേരെത്തെ ഉറങ്ങിയ രാത്രികളില്‍ ആയിരുന്നു. കൃത്യമായ വിന്‍ഡോ ,വ്യൂ പോയിന്റുകള്‍ക്കിടയില്‍   ഇരുട്ടില്‍ പല രൂപങ്ങള്‍ തെളിഞ്ഞു വന്നു . ആകാശ ഗോളങ്ങളെ ഉപയോഗിച്ച് ഇത്തരം സാങ്കല്‍പ്പിക രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ ഏറെ മിടുക്കി കെന്നിഡിസില്‍വ  തന്നെയായിരുന്നു. 

 സ്വര്‍ണ്ണമലമടക്കുകള്‍  പോലെ അഴിച്ചിട്ട മുടി ഇളം കാറ്റില്‍ ഉലച്ച്‌ ആകാശ ചരുവില്‍ നിന്നും ഒടുവില്‍ "ചൊവ്വയിലെ  സ്ത്രീ" വന്നു .*എബ്രഹാം ജോണ്‍** പറഞ്ഞ അതേ രൂപം ,പക്ഷെ മെറ്റില്‍ഡയുടെ നിറവും കെന്നി റോസ്സിന്‍റെ മുടിയഴകുമുള്ളവള്‍. എന്നത് സത്യം.
നക്ഷത്രങ്ങളുടെ വെളിച്ചം ഒന്നൊന്നായി ഊതി അണച്ച് ഇവള്‍ എന്തിനുള്ള പുറപ്പാടാണ് ?.

കാച്ചിയ എണ്ണയുടെ ചൂടുള്ള നിശ്വാസം  മുഖത്തേക്കടിച്ചപ്പോള്‍ കണ്ണുകള്‍ തുറന്നു.
"ഇതെന്തൊരു ഉറക്കമാണേട്ട...?"
അഴിച്ചിട്ട മുടിയുമായി മുന്‍പില്‍ നില്‍ക്കുന്നു ചൊവ്വയിലെ സ്ത്രീ ....ഇവളെ ആരാണ് പുളിയിലക്കരനേരിയതുടുപ്പിച്ചത് !.
"ഇതെന്താ മിഴിച്ചു നോക്കുന്നെ .....ചായ ഫ്ലാസ്ക്കില്‍ ഇരിപ്പുണ്ട്  .ഞാന്‍ ഇറങ്ങുന്നു ഇപ്പോള്‍ തന്നെ വൈകി"
 ചൊവ്വയിലെ സ്ത്രീയുടെ ശബ്ദം അകന്നു പോകുന്നു .
"ടൂണ്‍സില്‍ നിന്ന്‌ എബി മൂന്ന് തവണ വിളിച്ചിരുന്നു.തിരിച്ചു വിളിക്കണേ  ട്ടോ" 
ആകാശ വാതിലുകള്‍ ശബ്ദത്തോടെ  അടച്ച്‌ പോകും  മുന്‍പ്‌ സ്വാതി പറഞ്ഞു . 
വീണ്ടും ഒരു സൂര്യോദയം കൂടി.
പത്ര  താളുകളില്‍ പതിവ് വാര്‍ത്തകള്‍.
"സാറിന്  ഇന്ന് നല്ല ക്ഷീണം ....?രാത്രി ഉറക്കം  ശരിയായില്ല , ല്ലേ?"
സതീശനോട് ചൊവ്വയിലെ സ്ത്രീ യെക്കുറിച്ച് പറഞ്ഞാലോ .
കണ്ണടച്ചപ്പോഴൊക്കെ തെളിഞ്ഞു വന്ന മുടിയഴിച്ചിട്ട ആരൂപം കഴിഞ്ഞ രാത്രി മുഴുവന്‍ തന്‍റെ ഉറക്കം കള ഞ്ഞ കാര്യം.

പിന്‍സീറ്റില്‍ നിന്ന്‌ ബാഗു എടുത്തു തന്ന് കാറിന്‍റെ  ഡോര്‍ അടക്കുമ്പോള്‍ സതീശന്‍ വലതു കൈയില്‍ സ്നേഹപൂര്‍വ്വം പിടിച്ചു പറഞ്ഞു 
"ഞാന്‍ തമാശു  പറഞ്ഞതല്ല  നല്ല  ക്ഷീണം ഉണ്ട് സാറിന്‍റെ  മുഖത്ത് .ഇന്ന് തന്നെ പോയി ഡോക്‌ട്ടറെ കണ്ട്‌  ഒരു ഫുള്‍ ചെക്ക്‌ അപ്പ്‌ ചെയ്യണം ...."
ഓഫീസിന്‍റെ പടികള്‍ കയറുമ്പോള്‍ സതീശന്‍റെ  സ്പര്‍ശന മേറ്റ വിരലുകളില്‍ വല്ലാത്ത മരവിപ്പ്.

സ്നേഹപൂര്‍വമുള്ള  സ്പര്‍ശനങ്ങള്‍ക്കും   ഇപ്പോള്‍ പിശുക്ക്   വന്നിരിക്കുന്നു.
കമ്പ്യൂട്ടറിന്‍റെ  മൌസിനെയാണോ തന്നെയാണോ കൂടുതല്‍ സ്നേഹിക്കുന്നതെന്ന്‌ സ്വാതി ചോദിച്ചതില്‍ ഒരത്ഭുതവും തോന്നുന്നില്ല.

"ഇന്ന് റാങ്ക് ലിസ്റ്റ് ഇടണം ..അവന്മാരെ ഒരു പാഠം പഠിപ്പിക്കണം."
പുതിയ എല്‍ ഡിസിറാങ്ക് ലിസിട്നെ കുറിച്ച് ഭാസ്കരന്‍ വാചാലനായി
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞ വന്ന  ചുവന്ന മണ്‍കൂനകള്‍ക്കിടയില്‍ക്കിടയിലേക്ക് എത്തി നോക്കി .
"എന്താ ഇന്നും  സിസ്റ്റം പണിമുടക്കിയോ ?"
മോനിട്ടറിന്‍റെ   അതിരുകള്‍ കടന്ന് നോട്ടം പോയത് കാഷ്യര്‍ രാധാമണി ശ്രദ്ധിച്ചിരിക്കുന്നു .
 ചൊവ്വയിലെ  ചുവന്ന മണ്ണിലെ കാഴ്ചകള്‍ മറ്റാരെയും കാണിക്കാതെ മോനിട്ടറിന്‍റെ  സ്ഥാനം അല്‍പ്പം മാറ്റി, സ്ക്രീനിന്റെ മറവില്‍ ഇപ്പോള്‍  രാധാ മണിക്ക് തന്‍റെ മുഖ  ഭാവങ്ങള്‍  കാണുവാനേ കഴിയില്ല .എത്ര വേഗമാണ് ഒന്ന് ഒന്നിനെ മറയ്ക്കുന്നത്.

പതിവില്ലാതെ ഗോളാന്തര വാര്‍ത്തകള്‍ തേടി ഒരു യാത്ര .
ചുവന്ന ഭൂമിയില്‍ തെളിഞ്ഞു വന്ന മല മടക്കുകളില്‍ അതാ അവള്‍.
ഇരുളില്‍ തെളിഞ്ഞ കണ്ണുകളില്‍ ഭയപ്പാട്.ജീവന്‍റെ  സ്പന്ദനമില്ലാത്ത ,പുരുഷ സാമിപ്യമില്ലാത്ത ചൊവ്വയില്‍ ഇവള്‍ ആരെയാണ് ഭയക്കുന്നതെന്ന്   ചോദിക്കുവാന്‍ തോന്നി.
ഇവളുടെ പിന്‍ കഴുത്തില്‍ ആരെങ്കിലും ചുംബിച്ചിരിക്കുമോ?അല്ലെങ്കില്‍ ഒരു ദന്ത ക്ഷതം...
പുരുഷനില്ലാത്ത  ചൊവ്വയില്‍ ഇവളെ   ക്ഷതമേല്‍പ്പിക്കുന്നത് ആരാണ്?
പുരുഷ സ്പര്‍ശനമേല്‍ക്കാത്ത ലോകത്തെ ആദ്യത്തെ സ്ത്രീ ഇവള്‍ തന്നെയാകും ,അവസാനത്തെയും.
കാമവും രതിയും അറിയാത്തവള്‍,പ്രണയവും വഞ്ചനയും അറിയാത്തവള്‍.
ചിരിയും കരച്ചിലും അറിയുമോ ഇവള്‍ക്ക്......
കൈ വിരലുകള്‍ സ്ക്രീനില്‍ തെളിഞ്ഞ് വന്ന ചൊവ്വയിലെ സ്ത്രീയുടെ  നഗ്നമായ മാറിടം തഴുകി.
"അനാവശ്യ സൈറ്റുകള്‍ തുറക്കുന്നവര്‍ക്കെതിരെ സൈബര്‍ കേസ് വരും ..."
ഞെട്ടിപ്പോയി ,പ്രതീക്ഷിക്കാതെ റൂമിലേക്ക്‌ വന്ന ശ്യാം സ്ക്രീനിലേക്ക് പാളി നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. 
 വിരലുകള്‍ സ്ക്രീനില്‍ നിന്നും തെന്നി മേശമേല്‍ വീണു.
ശ്യാം ആരോടെന്നില്ലാതെ രോഷം കൊണ്ടു .
"ഇവന്മാര്‍ക്കൊന്നും വേറെ ജോലിയില്ലെന്നെ....സൈബര്‍ കേസ് അത്രെ ........."
     "
ശ്യാമിന് ഒന്നും തോന്നാതിരിക്കുവാന്‍ മേശമേല്‍ ഇരുന്ന ഫയല്‍ അലസമായ ഭാവത്തില്‍ മറിച്ചു.
"ഇത് നീ ഉദ്ദേശിക്കുന്ന  സൈറ്റ് അല്ല ശ്യാം......യു  ആര്‍  എല്‍  തരാം നോക്കു.സംതിംഗ് ഇന്ട്രെസ്റിംഗ്....ചൊവ്വയിലെ സ്ത്രീ."

"ചുമ്മാ .......മാഷിനു വേറെ ജോലിയില്ലേ ....ചോവ്വയിലെസ്ത്രീ  !!!...ജീവന്റെ കണികയില്ലാത്തിടത്ത്  സ്ത്രീയോ ......ആരോ പൊട്ടത്തരം പറഞ്ഞു...മാഷിത് വിശ്വസിച്ചോ .ഒക്കെ കള്ളത്തരങ്ങള്‍....
  "

ശ്യാം പോയപ്പോള്‍ റീപ്ലേ ചെയ്തു .....മലയിറങ്ങി വീണ്ടും അവള്‍ വരുന്നു ...ഒരു നേരിയ നൂല്‍ബന്ധവും ഇല്ലാതെ പൂര്‍ണ്ണ നഗ്നയായി .
അവ്യക്തമായ അവയവ പകര്‍ച്ചകള്‍......
പിന്നില്‍ കാലൊളം അഴിച്ചിട്ട മുടിയിഴകളുടെ നിഴല്‍  വളരെ വ്യക്തം.
ഇത് തന്നെ യാണ് തലേന്ന് കണ്ട സ്വപ്നവും.
ചുവന്ന മണ്ണില്‍ നിന്നും  വന്നവള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.
ഇരുട്ടില്‍  തന്‍റെ  നെഞ്ചോട്‌ ചേര്‍ന്ന്   അമര്‍ന്ന് കിടന്നു.
നോര്‍വയിലെ രാവില്‍ അറിഞ്ഞ അതേ തണുപ്പ്‌ ...... 
സ്വാതി ഉണരുമെന്നായിരുന്നു ഭയം.
പുരുഷന്‍റെ ഗന്ധമേല്‍ക്കാത്ത സ്ത്രീയെ ജീവിതത്തില്‍ അന്നാദ്യം പുണര്‍ന്നു.നനവുള്ള രാവ്‌ പുലരും മുന്‍പ്‌ നക്ഷത്രങ്ങള്‍ ഓരോന്നായി അണഞ്ഞു.
ഇരുട്ട്  വരിഞ്ഞ കിടക്കയില്‍ ഇടം കൈകൊണ്ടു തപ്പി നോക്കി. സ്വാതി  അടുത്തുണ്ട്. ശീതളി നെ കെട്ടിപ്പിടിച്ചുറങ്ങുന്നു .
കിടക്കയില്‍ നിന്ന് കയ്യെത്തി ജനവാതില്‍ തുറന്നു . ഒരു നക്ഷത്രവും ഇല്ല . ചുവന്ന ഗ്രഹം പൊട്ടുപോലെ ദൂരെയെങ്ങും കാണുന്നുമില്ല.
വലം കൈയ്യിലെ വിരലുകളില്‍ ഒരു ഉന്മാദ ഗന്ധം 
ഇടക്കെപ്പോഴോ പാതി കണ്ണുകള്‍ തുറന്നു  സ്വാതി  ചോദിച്ചു "ഇതേതു പെര്‍ ഫ്യുമാ  ഏട്ട.........നല്ല മണം......"
"ഇത് അവളുടെ ഗന്ധം......ചൊവ്വയിലെ സ്ത്രീയുടെ ഗന്ധം........."
വാക്കുകള്‍ വാക്കുകളായി വിഴുങ്ങി.
ഉറക്കത്തില്‍ വല്ലാത്തൊരു ശബ്ദം  ഉണ്ടാക്കി സ്വാതി   നെഞ്ചോട്‌ ചേര്‍ന്നു .
പിന്നീട് ഉറക്കം വന്നതേയില്ല  .ഇതിപ്പോള്‍ പതിവാണ് ,ഒന്നും രണ്ടും പ്രാവിശ്യമല്ല  .സ്ഥിരമായി ഒരു സ്വപ്നം തന്നെ വീണ്ടും വീണ്ടും കാണുക.വിശകലനം ചെയ്യാമെന്ന് വെച്ചാല്‍ ശ്യാം പറഞ്ഞ സിഗ്മണ്ട് ഫ്രോയിഡിന്‍റെ പുസ്തകം കിട്ടാനുമില്ല.

ബസ്സ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മെറ്റില്‍ഡയുടെ മിഴികളുള്ള  ശ്രേയ അടുത്തു വന്നു
"ഇന്നെന്തേ മാഷ്‌ വൈകി.......?"
കണ്ണുകളില്‍ ഇവള്‍ ഒളിപ്പിച്ചു വെക്കുന്ന ദുരൂഹമായ വാക്കുകള്‍  എങ്ങനെ വായിച്ചെടുക്കാന്‍.
"സുഖമില്ലേ ?"
ഇവളും തന്നെ ഒരു രോഗിയാക്കുന്നോ...
പരിചിതമായ ആ  സുഗന്ധം.വലം കയ്യിലെ വിരലുകളില്‍ നിന്നാണോ ? അതോ ഇവളില്‍ നിന്നോ ? 
ശ്രേയ ഒന്ന് കൂടി അടുത്തേക്ക് നിന്നെങ്കില്‍  എന്ന് തോന്നി. ചൊവ്വയിലെ സ്ത്രീയുടെ അതേ സുഗന്ധം . 
കോളേജ് ബസ്സ് വന്നപ്പോള്‍ "ബൈ "പറ ഞ്ഞ്  അവള്‍ പോയി.
ഇവള്‍ ചൊവ്വയിലെ സ്ത്രീ യുടെ ഭാവങ്ങള്‍ കാട്ടുന്നതെന്തിന്?
അന്നും അടുക്കളയിലെ മനം മടുപ്പിക്കുന്ന ഗന്ധവുമായി സ്വാതി അടുത്ത് വന്നു കിടന്നു.
"നിനക്ക് ഞാന്‍ വാങ്ങിത്തന്ന ഏപ്രിന്‍ എവിടെ ?"
"ഓ അതവിടെ എവിടെയോ ഉണ്ട് ....തിരക്കില്‍ ഇതൊക്കെ കെട്ടി ജോലി ചെയ്യാന്‍ എവിടാ  സമയം."
മുറിയില്‍  ഉയര്‍ന്നു താഴുന്ന  നിശ്വാസങ്ങള്‍ക്ക് മുഷിഞ്ഞ തുണിയുടെ മടുപ്പിക്കുന്ന മണം.
ശബ്ദത്തിന്‍റെയും  വെളിച്ചത്തിന്‍റെയും  കണികകള്‍ അപ്രത്യക്ഷമായ മറ്റൊരുലോകം .
 സിംഗുലാരിട്ടിയില്‍ നിഴല്‍പ്പാടായി വീണ്ടും പലതും തെളിഞ്ഞു വരുന്നു  .....ഹസീന,മെറ്റിഡാ ,കെന്നി റോസ്സ് ........


അബോധ ബോധ മനസ്സുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന എന്‍റെ  ഓര്‍മ്മകള്‍. എത്ര തിരഞ്ഞിട്ടും കാണാതിരുന്നത് ചൊവ്വയിലെ സ്ത്രീയെ ആയിരുന്നു.
ചുവന്ന മണ്‍കൂനകള്‍ക്കിടയില്‍ നിന്ന് ,അഴിഞ്ഞുലഞ്ഞ മുടിയുമായി നഗ്നയായി അവള്‍ ഇറങ്ങി വരുന്നതും കാത്ത്  ഇരുട്ടില്‍ ഞാന്‍  കിടന്നു,  . മുറിയിലാകെ പരക്കുവാന്‍ പോകുന്ന ആ സുഗന്ധം തേടി ശ്വാസം പിടിച്ച് ......കണ്ണുകള്‍ ഇറുകെ അടച്ച് ....