Sunday, May 20, 2012

കണ്ണേ കരയരുത് ...കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി





ഇന്നലെയായിരുന്നു ആ വീട്ടിലേക്ക് ഞങ്ങള്‍  ചെന്നത് ,ഇഷ്ട്ടികകള്‍ അടുക്കികെട്ടിയ പണിതീരാത്ത വീട്ടില്‍ വിജയനുണ്ട്,വിജയന്‍റെ പ്രിയ ഭാര്യയും പത്തുവയസ്സുകാരന്‍ വൈശാഖും , നാല്  വയസ്സുകാരന്‍ വിവേകുമുണ്ട് .ഇനിയും കുറേ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയാല്‍ ന്യൂ ഇയര്‍ ആഘോഷം നിറഞ്ഞ പീറ്റര്‍ സായ് വിന്‍റെ  വീട്ടില്‍ കുട്ടികള്‍ക്ക് പൂത്തിരി കത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍ വിജയനെകാണാം.അന്തി മയങ്ങിയ നേരം  കായല്‍ കരയിലുള്ള വീട്ടില്‍ കുട്ടികളൊടൊത്ത്  മറ്റൊരു കുട്ടിയായി വിജയനും.പിന്നെയും എത്രയോ വേളകളില്‍  ഞാന്‍ അയാളെ   കണ്ടിട്ടുണ്ട്.പലവട്ടം വിജയന്‍ ഡ്രൈവ് ചെയ്ത  അംബാസിഡറില്‍  കുടുംബ സമേതം യാത്രചെയ്തിട്ടുണ്ട്  .

കാലം കാഴ്ചകള്‍ക്കായി എന്തെല്ലാമാണ് ഒരുക്കി വെക്കുക!!!

നാളുകള്‍ക്കിപ്പുറം വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമായ വിജയനെയും കാട്ടി തന്ന   അതേ വിധി തന്നെയാണ്  കഴിഞ്ഞ ആഴ്ച സ്കൂളില്‍ ,തന്‍റെ കുട്ടികള്‍ക്ക് ഫീസ്സ്‌   ഇളവിനുള്ള അപേക്ഷാ ഫോം കൊടുക്കുവാന്‍ പ്രിന്‍സിപ്പല്‍ സിസ്റ്ററിനെ  കാത്ത് നില്‍ക്കുന്ന വിജയന്‍റെ ഭാര്യയേയും എന്‍റെ കണ്മുന്‍പില്‍ കൊണ്ടുവന്നത് . .ഈ നാളുകളില്‍ വിജയനെ വേട്ടയാടിയ  അസുഖവിവരം അറിഞ്ഞിരുന്നു ഞാന്‍ .ഒരു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കാത്ത  അയാള്‍ക്ക് എങ്ങനെ ഇത്തരത്തിലുള്ള ഒരു രോഗം വന്നു എന്നതിനും ഉത്തരമില്ല  . കീമോതെറാപ്പിയും  റേഡിയേഷനും തളര്‍ത്തിയ ശരീരത്തില്‍ തളരാത്ത മനസ്സുമായി  അയാള്‍   ഉയിര്‍ത്തെഴുന്നേല്‍ക്കുക യായിരുന്നു.ജീവന്‍ തിരികെ കൊടുത്തിന്‌ പകരമായി വിധിക്ക്   കൈമാറേണ്ടി വന്നത്‌  സൗമ്യമായ  ആ സംസാരശേഷിയും.രോഗത്തിന്റെ തീഷ്ണതയില്‍  നാവ് മുറിച്ചു മാറ്റിയിട്ടും വിജയന്‍ എല്ലാവരോടും  സ്ഫുടതയില്ലാത്ത വാക്കുകളില്‍ സംസാരിച്ചു. മനസ്സിന്‍റെ ശക്തിയില്‍ ഇരട്ടി ശക്തി ആവാഹിച്ച കൈകള്‍ വീണ്ടും വളയം പിടിച്ചു.
അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കാശ്മീര്‍ പോകുന്ന ഞങ്ങളെ  യാത്രയാക്കുവാന്‍ തീര്‍ത്തും രോഗ വിമുക്തനായ  വിജയന്‍ എയര്‍പോര്‍ട്ടില്‍  വന്നത്.ആഹാരം കഴിക്കുവാനും  സംസാരിക്കുവാനുമുള്ള പ്രയാസം  അയാള്‍  ആരും അറിയാതെ മറച്ച്  വെക്കുന്നു എന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു വര്‍ഷം കഴിഞ്ഞു വിജയനെ കണ്ടിട്ട്.

ഫീസ്സ്‌ ഇളവു നല്‍കുന്ന കാര്യം ആലോചിക്കാം  എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി ഗീത പറഞ്ഞു.തന്‍റെ  ഭര്‍ത്താവ്  വീണ്ടും കിടപ്പിലായി എന്നും ചികിത്സയ് ക്കായി ജീവിത മാര്‍ഗമായിരുന്ന കാര്‍ വിറ്റു  എന്നും ഗീത പറയുമ്പോള്‍ വിധിയോടു ചോദിയ്ക്കാന്‍ ചോദ്യമില്ലാതെ ഞാനും തളര്‍ന്നു. മുഖത്തെപ്പോഴും വിഷാദം നിറഞ്ഞചിരിയുള്ള     പ്രത്യേക ഭാവമായിരുന്നു ഗീതയ്ക്ക്.

ഇന്നലെ പതിവില്ലാതെ പ്രിന്‍സിപ്പല്‍ എനിക്ക്  ഫോണ്‍ ചെയ്തു.
വിജയന്‍റെ വീട്ടില്‍ ഒന്ന് പോകണം  എന്ന് ,ഫീസ്സ്‌ ഇളവിന്റെ നിയമവശങ്ങള്‍ അനുസരിച്ച്  സ്കൂള്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരന്വേഷണം .പണിതീരാത്ത ആവീട്ടില്‍ അങ്ങനെയാണ്  ഞങ്ങള്‍  പോയത്.ഒരു പുഞ്ചിരിയില്‍  ആയിരം ദുഃഖങ്ങള്‍ ഒതുക്കുന്ന കാഴ്ചയായിരുന്നു ഗീതയുടെ മുഖത്ത്. മണ്‍കട്ടകള്‍ ചുവരുകള്‍ തീര്‍ത്ത  മുറിയിലെ കട്ടിലില്‍ അവശനായി വിജയന്‍.ഒരുവട്ടം വന്നു പോയ രോഗം വീണ്ടും തിരികെ വന്ന്‌  വിജയനെ ആകെ മാറ്റിയിരിക്കുന്നു. ഒരു വേള ജീവന്‍ തിരികെ നല്‍കിയപ്പോള്‍ പോലും വിധി  അയാളെ  ഇത്ര തളര്‍ത്തിയിരുന്നില്ല  എന്ന് തോന്നി .കായല്‍ കരയിലെ ന്യൂ ഇയര്‍ ആഘോഷ വേളയില്‍ ആര്‍ത്തു ചിരിച്ച്‌ കുട്ടികളോടൊപ്പം പൂത്തിരി കത്തിക്കുന്ന രൂപം മനസ്സില്‍ നിറഞ്ഞു.
വേദന വറ്റിച്ച കണ്ണുകള്‍ ഞങ്ങളെ കണ്ടപ്പോള്‍ നിറയുന്നുവെന്നും തോന്നി.ഇടക്കൊക്കെ ഒരു നാല്  വയസ്സുകാരന്‍ മുറിയിലേക്കോടി  വന്ന്  തന്‍റെ അച്ഛന്‍റെ തലയില്‍ തൊട്ട് ,മുടിയില്‍ തഴുകി പിന്നെ എന്നോട് ചിരിച്ച്  ഒന്നുമറിയാതെ,അല്ലെങ്കില്‍ എന്തൊക്കെയോ അറിഞ്ഞ്  അവന്‍റെ  ഏട്ടനോട്  ചേര്‍ന്ന്  വാതില്‍ മറഞ്ഞു നിന്നു .രോഗത്തിന്‍റെ   വിഷമതകളെക്കുറിച്ചും ,ചികിത്സയെക്കുറിച്ചും ഗീത സ്കൂള്‍ അധികൃതരോട് പറയുന്നുണ്ടായിരുന്നു.ഇടക്കെപ്പോഴോ ഗീതയുടെ മുറിഞ്ഞുപോയ വാക്കുകള്‍ കൂട്ടി  യോജിപ്പിച്ച്‌ സംസാരിക്കാന്‍  വിജയന്‍ ഒരു പാഴ്ശ്രമം നടത്തിയപ്പോള്‍ ഇഷ്ട്ടിക പാകിയ ഭിത്തിയില്‍ കണ്ട സഹായ മാതാവിന്‍റെയും ഉണ്ണിക്കണ്ണന്‍റെയും ചിത്രങ്ങളിലേക്ക് ഞാന്‍ എന്‍റെ നിറഞ്ഞുപോയ കണ്ണുകളെ പറഞ്ഞയച്ചു.
യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ ആശ്വാസ വചനങ്ങള്‍  നിറച്ച് സിസ്റ്റര്‍ ഗീതയോട് സംസാരിച്ചു,കുട്ടികളോട് മിടുക്കരായി പഠിക്കണമെന്ന് വാത്സല്യപൂര്‍വ്വം ഉപദേശിച്ചു.പ്രാര്‍ത്ഥനകള്‍ എല്ലാത്തിനും ഫലം കാണുമെന്നും എത്രയും  വേഗം സുഖം പ്രാപിക്കുമെന്നും പറഞ്ഞ്  ആ പടികള്‍ ഇറങ്ങുമ്പോള്‍ വേദനകള്‍ തളര്‍ത്തിയ കണ്ണുകള്‍ ഞങ്ങളോട് ചിരിച്ചു.
തിരികെയുള്ള യാത്രയിലുടനീളം വിജയനെയും കുടുംബത്തെയും കുറിച്ചായിരുന്നു സംസാരം.വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിജയനെ പ്രതീക്ഷയോടെ ഞാനോര്‍ത്തു .
കരുണയുള്ളവന്‍ ഇവരില്‍ അല്‍പ്പമെങ്കിലും കാരുണ്യം ചൊരിയാതിരിക്കുമോ?
ആയിരം മനസ്സുകള്‍ അനുഭവിക്കുന്ന നൊമ്പരത്തിന്‍റെ  ഒരംശം മാത്രമാണിത് .
യാത്രയില്‍ കാണുന്ന വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കപ്പുറം ഇത്തരം ചില സത്യങ്ങളെ കണ്ടില്ലെന്ന്‌  നടിക്കാനാവുന്നില്ല.

വിജയനും കുടുംബത്തിനും വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ......

ചിത്രം:കടപ്പാട് ഗൂഗിള്‍