Saturday, March 24, 2012

ഡാന്യൂബ്




                                    ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ മഞ്ഞില്‍ മൂടിക്കിടന്നു.സെന്‍റ്ആന്‍റോണിന്‍റെ തണുത്ത വഴിയിലൊരിടത്ത് ഓരം ചേര്‍ന്ന് ഞങ്ങള്‍ നിന്നു .മഞ്ഞുപൂത്ത വേലി പടര്‍പ്പുകള്‍ക്കപ്പുറം "കന്നുകാലി ഫാം "  എന്നെഴുതിയ വഴികാട്ടിയുടെ അരികിലുള്ള വഴിയില്‍ നിറഞ്ഞു കിടന്നിരുന്ന മഞ്ഞില്‍ അല്‍പ്പം മുന്‍പ് കടന്നു പോയ ഏതോ വാഹനത്തിന്‍റെ ചക്രം പതിഞ്ഞിരിക്കുന്നു....
കഴിഞ്ഞ വസന്ത കാലത്ത് വരുമ്പോള്‍ ഈ പുല്‍മേട്ടില്‍ ധാരാളം കാലികള്‍ മേഞ്ഞു നടപ്പുണ്ടായിരുന്നു,വെള്ളയും കറുപ്പും നിറമുള്ള കന്നുക്കുട്ടികളും .
ഇപ്പോള്‍ വെളുത്ത മഞ്ഞിന്‍ കൂമ്പാരങ്ങള്‍ അല്ലാതെ മറ്റൊന്നുമേ കാണാനില്ല.

ഇരുട്ടിന്‍റെ മറവില്‍ കുത്തിനോവിക്കുന്ന ആ തണുപ്പില്‍ ഞങ്ങള്‍ക്കിടയില്‍ തെല്ലും ദൂരം ഇല്ലാതെയായി.
നിറം മങ്ങിയ അവന്‍റെ ചുണ്ടുകള്‍ക്ക് അപ്പോള്‍ " ഡാവിഡോഫ് " ന്‍റെ ഗന്ധമാണെന്ന് എനിക്ക് തോന്നി .
എന്‍റെ പ്രിയപ്പെട്ട ജോണ്‍ ഉപയോഗിച്ചിരുന്ന അതേ " ഡാവിഡോഫ് ".
വര്‍ഷങ്ങളായി സിഗരട്ടിനെ വെറുത്തിരുന്ന ഞാന്‍ ആ ജര്‍മന്‍ പുകയുടെ നനുത്ത മണം ഇഷ്ട്ടപ്പെട്ടുതുടങ്ങിയതിന് കാരണം ജോണ്‍ എന്ന "റിച്ചാര്‍ഡ്‌ ജോസഫ്‌ ജോണ്‍" " ""ആയിരുന്നല്ലോ
ഒരിക്കല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഡസ്സ്റ്റ് ബിന്നില്‍ നിന്ന് ഒരു സിഗരറ്റ് പാക്കെറ്റിന്‍റെ ഒഴിഞ്ഞ കവര്‍ എടുത്തു പീറ്റര്‍ കാണാതെ മണക്കുമ്പോള്‍. ഉള്ളില്‍ നിറഞ്ഞത്‌ ജോണിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. പിന്നീടൊരിക്കല്‍ പീറ്റര്‍ അത് മമ്മയോട് പറയുകയും ചെയ്തു .
"നീ സിഗ്രെട്ട് വലിക്കാറുണ്ടോ ഗ്രേസ്സ്...?"
"ഇല്ല മമ്മ....."
"നമ്മുടെ രീതി അനുസരിച്ച് ഇതൊക്കെ ശരിയായിരിക്കാം ഗ്രേസ്സ്...
പക്ഷെ എന്‍റെ കുട്ടികള്‍ ഇതൊന്നും ശീലിക്കാന്‍ പാടില്ല .....പീറ്റര്‍ പറഞ്ഞു നിന്‍റെ ചില വട്ടുകളെ കുറിച്ച് "
കത്തിച്ച മെഴുകുതിരി സാക്ഷിവെച്ച്‌ ഒടുവില്‍ സത്യം ചെയ്യേണ്ടി വന്നു മമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ .

മമ്മയെപ്പോഴും ഇങ്ങനെയാണ്..പപ്പയെക്കൊണ്ട് ,എന്നെക്കൊണ്ട് ,എന്‍റെ സഹോദരന്‍ പീറ്ററിനെ കൊണ്ട് ,അനുജത്തി വോള്‍ഗയെ ക്കൊണ്ട് ,എന്തിന് വിക്കിയെ കൊണ്ട് പോലും ഇങ്ങനെ പല സത്യങ്ങളും ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്‍റെ മമ്മ .
"നിങ്ങള്‍ എന്നോട് കള്ളം പറയില്ലല്ലോ......" മുഖത്തേക്ക് നോക്കി മമ്മ വിതുമ്പും .
മമ്മയ്ക്ക്‌ ജീസ്സസ്സിനോടുള്ളതിനെക്കാള്‍ വിശ്വാസം ഞങ്ങളുടെ പ്രാര്‍ഥനാ മുറിയില്‍ എരിഞ്ഞമരുന്ന മെഴുകുതിരികളോടാണോ എന്നു പോലും ചിലപ്പോള്‍ എനിക്ക് തോന്നിയിരുന്നു .ആ മെഴുകുതിരി വെളിച്ചത്തെ തൊട്ട്‌ ആരും കള്ളം പറയില്ല എന്ന് പൂര്‍ണമായും, അന്ധമായും വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീ ആയിരുന്നു എന്‍റെ മമ്മ.
പപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ലോകത്തിലെ ഏറ്റവും ബുദ്ധിമതിയും ,അതിലേറെ വിഡ്ഢിയുമായ ഇന്ത്യന്‍ സ്ത്രീ "

ഞാനുള്‍പ്പെടെ എല്ലാവരും .....പപ്പയും,പീറ്ററും,വോള്‍ഗയുംവരെ മമ്മയെ ഓരോ നിമിഷവും പറ്റിച്ചുകൊണ്ടിരുന്നു.
വിക്കി മമ്മയെ പറ്റിച്ചിരുന്നോ? അറിയില്ല ....
ഇല്ല എന്ന് വിശ്വസിക്കാനാണ് മമ്മയ്ക്കിഷ്ടം ;എനിക്കും , കാരണം വിക്കി അനുസരണയും നന്ദിയുമുള്ള ഞങ്ങളുടെ വളര്‍ത്തുനായ ആയിരുന്നല്ലോ .വിക്കിക്കുള്ള ആ രണ്ട് ഗുണങ്ങളും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല എന്ന് മമ്മ ഒരു ദിവസം അഞ്ച് തവണ എങ്കിലും പറയാറുണ്ടായിരുന്നു .

മമ്മയോട്‌ ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ ആ ദിവസവും ഞാന്‍ മമ്മയോട് കള്ളം പറയുമോ. ?
അന്ന് പപ്പയുടെ ഓര്‍മ്മ ദിവസമായിരുന്നിട്ടും........
മമ്മയുടെ പ്രാര്ത്ഥന അന്ന് രാവേറെ ചെല്ലുവോളം നീണ്ടു നിന്നു. പീറ്ററിന്‍റെ മുറിയില്‍ അപ്പോഴും ഒരു അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
പതിവില്ലാതെ നേരത്തെ വോള്‍ഗ ഉറങ്ങിയ ആരാത്രിയില്‍,
ജോണിനെ തേടി പുറപ്പെടുമ്പോള്‍ ,പുറത്ത് തണുപ്പ് അധികമാണെന്ന് മമ്മ ഓര്‍മിപ്പിച്ചിരുന്നിട്ടും ......
ദേഹം മൂടാന്‍ പപ്പയുടെ പഴയ കമ്പിളിയുടുപ്പണിയിച്ചിട്ടും. ...
മമ്മയോട് ഞാന്‍ കള്ളം പറഞ്ഞതെന്തിനായിരുന്നു ?

തണുപ്പിനെ വക വെയ്ക്കാതെ സിറ്റി ക്ലോഡിയ മാളിന്‍റെ ഇരുണ്ട ഇടനാഴിയില്‍ രാത്രി  വെളുക്കുവോളം ഞാന്‍   ജോണിന്‍റെ കൈകളിലായിരുന്നുവല്ലോ .ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ഓരോ വേളകളിലും ജര്‍മ്മന്‍ പുകയുടെ ഗന്ധം ആവോളം നുകര്‍ന്ന്............
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

ഇതേപോലെ മഞ്ഞ് പെയ്ത മറ്റൊരു രാത്രിയില്‍ ആയിരുന്നല്ലോ സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിലേക്ക്
ഓടിക്കതച്ച്‌ എത്തി ജോണിന്‍റെ എക്സിക്യൂട്ടീവ് സ്യൂട്ടിലെ ബെഡ്ഡിലേക്ക് ഞാന്‍ പിടഞ്ഞ് വീണത്‌ .

"എന്നെ ഉപേക്ഷിക്കല്ലേ ജോണ്‍ എന്ന് കാലില്‍ വീണു അപേക്ഷിച്ചത് .......നീ ഇല്ലാതെ എനിക്കിനി ഒരു ജീവിതമില്ല എന്ന് പുലമ്പിയത്........നീ കൈ വിട്ടാല്‍ ഞാന്‍ ജീവന്‍ വെടിയും എന്ന് കരഞ്ഞു പറഞ്ഞത്........"


സ്നേഹിക്കപ്പെടാന്‍ ഇത്രമേല്‍ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോണ്‍ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിയും.
എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോണ്‍.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന്‌ പറഞ്ഞ എന്‍റെ ജോണ്‍ ......

കരഞ്ഞു കൊണ്ടു അന്ന് സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ ജോണ്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് എത്ര വിഡ്ഢിത്തമായിപ്പോയി .
വഴിയോരത്ത് തണുത്തു വിറച്ച് ഒരു ഭ്രാന്തിയെപ്പോലെ നിന്നത് രാത്രി പീറ്റര്‍ കണ്ടില്ലായിരുന്നുവെങ്കില്‍
ഡാന്യൂബ് നദിയില്‍ മഞ്ഞുറഞ്ഞ് കിടന്ന ആ രാത്രിയില്‍ ..........ഇതാണ് ലോകവസാനമെന്ന് തോന്നിയ അതേ രാത്രിയില്‍ .....എല്ലാം മമ്മയോട് ഏറ്റു പറയേണ്ടി വന്ന നശിച്ച രാത്രിയില്‍ .....മമ്മയാണ്‌ പറഞ്ഞത് ജീവിതം അവസാനിപ്പിക്കാം എന്ന്.
ഞാന്‍ പറഞ്ഞുപോയ കള്ളങ്ങള്‍ക്കെല്ലാം തിരിച്ച് മമ്മ എന്നോടും പകരം വീട്ടിയ ഒരു രാത്രി ആയിരുന്നോ അത്?.അന്ന് പതിവില്ലാതെ പീറ്ററിനും വോള്‍ഗയ്ക്കും എനിക്കും വിക്കിക്കും കഴിക്കുവാന്‍ ആഹാരം വിളമ്പിയത് മമ്മയായിരുന്നു ,ഞങ്ങള്‍ കഴിച്ച പഴച്ചാറില്‍ വിഷം ചേര്‍ത്തതും.

പപ്പയോടൊപ്പം ജീവിച്ച നാളുകളിലും ,പപ്പയെ നഷ്ട്ടപ്പെട്ട നിമിഷങ്ങളിലും ചെയ്യുവാന്‍ കഴിയാതെ പോയ ഒരു കൃത്യം ചെയ്യുന്നവല്ലാത്തോരാവേശം മമ്മയുടെ മുഖത്ത് അപ്പോള്‍ നിറഞ്ഞു നിന്നിരുന്നു.

.പാതിരാ കുര്‍ബാനയ്ക്ക് കത്തീഡ്രലില്‍ മണി മുഴങ്ങുമ്പോഴും ഞങ്ങളാരും ഉറങ്ങിയിരുന്നില്ല.പിന്നെ എപ്പോഴോ എന്നെ മടിയില്‍ കിടത്തി ,അപ്പോഴേക്കുംഉറങ്ങി പോയ വോല്‍ഗയുടെയും പീറ്ററിന്‍റെയും നെറുകയില്‍ തഴുകി "എന്‍റെ മക്കള്‍ ഉറങ്ങിക്കോ......... "എന്ന് ഇടയ്ക്കിടെ മമ്മ പറയുന്നത് ഞാന്‍ കേട്ടിരുന്നു ,പുറത്ത് മഞ്ഞ് പൊഴിയുന്ന ഒച്ചയില്‍ ചിലപ്പോഴൊക്കെ വിക്കിയുടെ നേര്‍ത്ത കരച്ചിലും.

ഉണര്‍വിന്‍റെ ഓര്‍മകളില്‍ ചില നിമിഷങ്ങളില്‍ ഉള്ളിലെവിടെയോ ഒരു പാല്‍ മണം നിറഞ്ഞു തുളുമ്പി
തൂവെള്ള ഗൗണില്‍ വരുന്നത് മമ്മയായിരുന്നു,ഒപ്പം പപ്പയും .മമ്മയുടെ കൈയ്യില്‍ കൈക്കുഞ്ഞായി ഞാനും.
"ഇവള്‍ക്ക് നമുക്ക് ഗ്രേസ്സ് എന്ന് പേരിടാം "പപ്പയാണ്‌ പറഞ്ഞത്.എന്നെ മാറോട് ചേര്‍ത്ത് നെറുകയില്‍ ഉമ്മ വെച്ച്‌ മമ്മ പപ്പയോടൊപ്പം ചേര്‍ന്ന് നടന്നുപോകുന്നു.
പിന്നെ വരുന്നത് ഒരു കൂട്ടം ആളുകള്‍ .പപ്പയെ ആരോ താങ്ങിയെടുത്ത് ,പിന്നാലെ അലമുറയിട്ടു കരഞ്ഞ് മമ്മയും,ഒന്നുമറിയാതെ കരയുന്ന എന്നോടൊപ്പം പരിഭ്രമിച്ച മുഖവുമായി മൂന്ന് വയസ്സുള്ള പീറ്ററും ,കുഞ്ഞ് വോള്‍ഗയും.
മങ്ങിയ ഓര്‍മ്മയില്‍ ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ തെളിഞ്ഞു .വഴിയോരത്തെ പൂക്കള്‍ നിറഞ്ഞ പുല്‍മേടിന്‍റെ ഓരം ചേര്‍ന്ന് ജോണ്‍ നടന്നു വരുന്നു ,കൂടെ ഞാനും.

ഒരു വിരലില്‍ സിഗരറ്റും മറുകയ്യില്‍ എന്നെയും ചേര്‍ത്ത്പിടിച്ച്‌.........
ഇരുട്ടു മാഞ്ഞു തെളിഞ്ഞു വന്ന നിമിഷം എന്‍റെ കണ്ണുകളില്‍ നോക്കി ജോണ്‍ ചോദിക്കുന്നു
"ചുണ്ട് നന്നായി ചുവന്നു .....വേദനിച്ചോ നിനക്ക്?"
സെന്‍റ്ആന്‍റോണില്‍ വീശിയ തണുത്ത കാറ്റും ഞാനും അന്നാദ്യമായി "ഡാവിഡോഫ്"  ന്‍റെ മധുരം അറിഞ്ഞു  .
വീണ്ടും അവന്‍ എന്‍റെ മുഖം അടുപ്പിച്ചപ്പോള്‍ ചുണ്ടുകള്‍ പൊള്ളുമെന്നു ഭയന്ന്‌ ഞാന്‍ മുഖം തിരിക്കുന്നു.പുല്‍ മേടില്‍ പൂക്കള്‍ കൊഴിഞ്ഞപ്പോള്‍ മഞ്ഞ് വീണ പാതയില്‍ ജോണ്‍ എന്നെയും കൂട്ടി നടന്നു മറഞ്ഞു.


കത്തീഡ്രലില്‍ നിന്നും മണി മുഴങ്ങി
മമ്മ നല്ല ഉറക്കമായി.കണ്ണുകള്‍ പാതിയടയും പോലെ ഞാനും.

"എന്തൊരു തണുപ്പ് ....."അവന്‍റെ കൈകളില്‍ ഞാന്‍ മുറുകെ പിടിച്ചു.
"എന്തെ തിരികെ പോകണോ ....?"ചോദ്യത്തില്‍ ദേഷ്യം കലര്‍ന്ന പരിഭവം.
സെന്‍റ്ആന്‍റോണിലെ വഴിമരങ്ങള്‍ തണുത്ത കാറ്റില്‍ വിറക്കുന്നത് ഞാന്‍ കണ്ടു.
"വേണ്ട.....പക്ഷെ ഈ തണുപ്പെനിക്ക് താങ്ങുവാന്‍ കഴിയുന്നില്ല .."
"സൂര്യന്‍ ഉദിക്കട്ടെ അപ്പോള്‍ ചൂടെന്നു പരാതി പറയരുത് ......"
ഞാനും അവനും നോക്കിനില്‍ക്കെ സൂര്യന്‍ കിഴക്കുദിച്ചുയര്‍ന്നു.
ചൂടേറ്റുവാടി മരച്ചില്ലകളിലെ മഞ്ഞിന്‍ പൂക്കള്‍ കൊഴിഞ്ഞു വീണു .
പാതയോരങ്ങളിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. വെള്ളയും ,കറുപ്പും നിറമുള്ള കന്നിന്‍ കുട്ടികള്‍ കൂട്ടത്തോടെ മലയിറങ്ങി വരുന്നു .

മഞ്ഞിന്‍റെ പുതപ്പുകള്‍ ഉരുകി ഒലിച്ചിറങ്ങുന്ന മഹാപ്രളയത്തില്‍ ഞങ്ങള്‍ മുങ്ങിത്താഴുമെന്ന് ഞാന്‍ ഭയന്നു.
എന്‍റെ ചുണ്ടില്‍ അപ്പോഴും " ഡാവിഡോഫ് " ന്‍റെ കയ്പ്പുള്ള "രുചി" നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു.
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു .

"പ്രിയപ്പെട്ടവനേ ഈ വാക്കുകള്‍ നിനക്കുള്ള എന്‍റെ പ്രണയ സമ്മാനമെന്ന് "ഞാന്‍ പറയുമ്പോള്‍ കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ നില്‍ക്കുന്ന എന്‍റെ ചുണ്ടില്‍ മരണത്തിന്‍റെ  നേര്‍ത്ത ഗന്ധവുമായി വീണ്ടും വീണ്ടും അവന്‍ അമര്‍ത്തി ചുംബിച്ചു.


ചിത്രം :കടപ്പാട് ഗൂഗിള്‍  

Sunday, March 18, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (5)

ഹിമശൈല സൈകത ഭൂവില്‍......

ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍..
ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.നിനച്ചിരിക്കാതെ വന്ന ഹര്‍ത്താല്‍ കൊണ്ടുപോയത് കാശ്മീര്‍  യാത്രയിലെ രണ്ട് ദിവസങ്ങള്‍ .ഓരോ ദേശത്തിനും ഹര്‍ത്താലിന് ഓരോ മുഖങ്ങളാണെന്ന് തോന്നി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം മാറ്റുവാന്‍ ഈ ഹര്‍ത്താലിനെ മാനസീകമായി ഉള്‍ക്കൊള്ളുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .
തലേന്ന് നടന്ന ബോംബു സ്ഫോടനത്തില്‍ മരണപ്പെട്ട മത നേതാവിനെ അനുകൂലിക്കുന്ന മത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ ശ്രീനഗറിലെ മിക്ക ഇടങ്ങളിലും ഈ പ്രതിഷേധം പൂര്‍ണമായിരിക്കും എന്ന് ഫയാസ്സ് ഫായി പറഞ്ഞു .കാലത്ത് വന്ന "ഗ്രേറ്റര്‍ കാശ്മീര്‍ "പത്രത്താളില്‍ മരണമടഞ്ഞ നേതാവിന്‍റെ പുഞ്ചിരി തൂകുന്ന മുഖം.അന്നേദിവസം കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയും അത് തന്നെയായിരുന്നു.
മരണം,അത് ആര്‍ക്കാണെങ്കിലും വേദനതന്നെയാണ്.ചില മരണങ്ങള്‍ ചിലര്‍ക്ക് ആഘോഷമെങ്കില്‍ മറ്റ് ചിലര്‍ക്ക് തീരാത്ത നൊമ്പരവും .
കാശ്മീര്‍ മുഖ്യ മന്ത്രി ശ്രീ. ഒമര്‍ അബ്ദുള്ളയുടെ അനുശോചനവാക്കുകള്‍ ,മതനേതാക്കന്മാരുടെ,മത പണ്ഡിതന്മാരുടെ സ്വാന്തനിപ്പിക്കല്‍ തുടങ്ങി പല വാര്‍ത്തകളും നിറഞ്ഞ പത്രത്താളുകളില്‍ കണ്ണീര്‍ വറ്റാത്ത സ്ത്രീ ഹൃദയങ്ങളെ ഫിരണിലും ,ബുര്‍ഖയിലും മൂടി മറച്ചിരുന്നു.

അന്നത്തെ പ്രഭാത ഭക്ഷണം ചായയും ,കാശ്മീര്‍ റോട്ടിയും . ഹര്‍ത്താല്‍ പ്രമാണിച്ച് കിട്ടിയ അവധിയില്‍ സന്തോഷിച്ചിരിക്കുകയാണ് മുന്‍തസ്സിറും ,അര്‍ബിനയും .ഇളയ കുട്ടി രാവിലെ തന്നെ ഉറക്കമുണര്‍ന്നത് നഗീനുമായി അടുക്കളയില്‍ കലപില തുടങ്ങി.
ഉച്ച ഭക്ഷണത്തിന് മീന്‍ വാങ്ങി വരാമെന്ന് പറഞ്ഞ്‌ ഫയാസ്സ് ഫായി  പുറത്തേക്കു പോയി.



ഇന്നത്തെ ഹര്‍ത്താല്‍ യാത്ര അല്‍പ്പനേരം ഖാസി അങ്കിളിന്‍റെ വീടിന്‍റെ പിന്നിലെ ആപ്പിള്‍ തോട്ടത്തിലേക്കാവാം.കൂട്ടിന്‌ അര്‍ബിനയും  മുന്‍തസ്സിറും  ഉണ്ട് .തോട്ടത്തില്‍ അക്രൂട്ട്(വാല്‍ നട്ട് ) ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു.നഗീന്‍റെ സ്വന്തം അടുക്കളത്തോട്ടത്തില്‍ വിവിധയിനം ചീരകള്‍ .



അല്‍പ്പം മാറി നിറയെ പൂത്ത് നില്‍ക്കുന്ന കടുക് ചെടികള്‍....
ചുവന്ന പൂക്കള്‍ നിറച്ചു നില്‍ക്കുന്ന ഒരിനം റോസാ ചെടിയില്‍ പടര്‍ന്നു കയറിയ മുന്തിരി വള്ളിയില്‍ തളിരിട്ട ധാരാളം  ഇലകള്‍..
വിവിധയിനം പേരറിയാത്ത പൂക്കള്‍ അവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നു  ണ്ടായിരുന്നു.
ക്രീം കളര്‍ പൂക്കള്‍ നിറഞ്ഞു തറയില്‍ പറ്റിപിടിച്ചു വളര്‍ന്നു നില്‍ക്കുന്ന ചെടി " സ്ട്രോ ബെറി" ആണെന്ന് അര്‍ബിനയാണ് പറഞ്ഞു തന്നത്.



ആ ചെടിയില്‍ നിറയെ പാകമാകാത്ത പച്ച നിറത്തിലുള്ള കായകള്‍ .നാട്ടിലേക്ക് പോരുമ്പോള്‍ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞു അര്‍ബിന എനിക്കൊരു ഒരു ആപ്പിള്‍ തൈ കാട്ടി തന്നു .കുറച്ചു സ്ട്രോ ബെറി ചെടി കൂടെ എടുക്കാന്‍ ഓര്‍മ്മിപ്പിക്കണേ എന്ന് മുന്തസ്സിറിനോട് അപ്പോഴേ ഞാന്‍ പറഞ്ഞു വെച്ചു .നാട്ടിലെ മാവിന്‍റെ അരികിലായി ഒരു ആപ്പിള്‍ മരത്തിനു വളരുവാന്‍ മനസ്സുകൊണ്ട് കുറച്ചിടം ഞാന്‍ ഒരുക്കിയിട്ടു. ആ നിമിഷം എന്‍റെ വീട്ടുമുറ്റത്തു നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ഒരു ആപ്പിള്‍ മരം മനസ്സില്‍ വ്യര്‍ത്ഥമായ സ്വപ്നം നിറച്ചു എന്നതും സത്യം.




ഉച്ച ഭക്ഷണത്തിനായി നഗീനോടൊപ്പം ചീരയ്ക്ക് സമാനമായ ചില ഇലകള്‍ ശേഖരിച്ചു.ഓരോ ദേശങ്ങളിലും ജീവിത ശൈലിയില്‍ എന്തെല്ലാം വ്യത്യസ്തതകള്‍..



മനുഷ്യരിലെന്നപോലെ ചെടികളില്‍ ,പൂക്കളില്‍ പോലും ആ വൈവിധ്യം എത്ര വ്യക്തം.ഓരോ ഇലകളിലും,ഓരോ പൂക്കളിലും....
"ഭാഷയും,രുചിയും വ്യത്യസ്തമെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരൊറ്റ ജനത ഒരേഒരിന്ത്യ "


ഹര്‍ത്താല്‍ ദിനത്തിലും തുറന്ന പ്രവര്‍ത്തിച്ച ഏതോ മാര്‍ക്കറ്റില്‍ നിന്നും ഫയാസ്സു ഫായി വാങ്ങിവന്ന മീന്‍ നഗീന്‍ നന്നായി കഴുകിയെടുത്ത് കൊണ്ടുവന്നു .കേരള തനിമയിലുള്ള മീന്‍ കറി എന്‍റെ വകയെന്ന് തീരുമാനം കൂടെയുള്ള മലയാളി മുഖങ്ങളില്‍ സന്തോഷം നിറച്ചു ,ഒപ്പം എന്നിലും.നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ആഴ്ചയോളം ആയി എന്ന്‌ മാത്രമല്ല മീന്‍ കറി ഒക്കെ കണ്ട ദിവസങ്ങളേ മറന്നു .
തിരുവനതപുരം സ്റ്റൈല്‍ മീന്‍ കറി വെയ്ക്കുവാനുള്ള ശ്രമം തേങ്ങയുടെ ദൗര്‍ല്ലഭ്യം മൂലം മനസ്സുകൊണ്ട് ആദ്യമേ ഉപേക്ഷിച്ചിരുന്നു . കുമരംപേരൂര്‍ സ്റ്റൈല്‍ കാശ്മീരി മുളകരച്ച കുടംപുളിയിട്ടു വെച്ച നല്ല ചുവന്ന മീന്‍ കറിയെ മനസ്സി ലോര്‍ത്ത് നഗീന്‍റെ അടുക്കളയില്‍ കയറി കറിക്കൂട്ടുകള്‍ പരതി .മുളക് ,മല്ലി,മഞ്ഞള്‍ തുടങ്ങി വിവിധയിനം പൊടികള്‍ ഞാന്‍ തന്നെ അലമാരയില്‍ നിന്നും തിരഞ്ഞു പിടിച്ചു.അടുക്കളക്കാരിയായ നഗീന് കാശ്മീരി ഭാഷയല്ലാതെ മറ്റൊന്നുമേ വഴങ്ങുന്നില്ല എന്ന സത്യം എന്നെ വീണ്ടും വിഷമിപ്പിച്ചു .ഏകദേശം ആ അടുക്കള മുഴുവന്‍ പരതിയിട്ടും മീനിന്‍റെ മുഖ്യ ചേരുവയായ പുളി മാത്രം കണ്ടു കിട്ടിയില്ല.പുളിയില്ലാതെ എങ്ങനെ ഒരു മീന്‍ കറി !
എന്‍റെ പരതല്‍ കണ്ടു നഗീന്‍ എന്ത് വേണമെന്നു കൈകൊണ്ടു ആംഗ്യ ഭാഷയില്‍ വീണ്ടും വീണ്ടും ചോദികൊണ്ടിരുന്നു."പുളി "എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ആംഗ്യ ഭാഷയില്ലാതെ ഞാന്‍ കഷ്ട്ടപ്പെടുന്നു എന്ന് നഗീന് തന്നെ ഒടുവില്‍ മനസ്സിലായി എന്ന് തോന്നുന്നു.അവസാനം നല്ല പഴുത്ത തക്കാളിയില്‍ കിടന്ന്‌ കാശ്മീരി മീന്‍ കഷണങ്ങള്‍ അടുപ്പില്‍ വെട്ടി തിളയ്ക്കുന്നത് കണ്ട് എന്‍റെ മനസ്സിന്‌ തൃപ്തിയടയേണ്ടി വന്നു.അന്നത്തെ ഉച്ചയൂണ് അങ്ങനെ പോയി.
(വീണ്ടുമൊരു ദിവസം നല്ല പുളിപ്പുള്ള കാശ്മീര്‍ സ്പെഷ്യല്‍ ഇറച്ചി കറിയില്‍ ചേര്‍ത്ത ചെരുവകകള്‍ക്കിടയില്‍ നഗീന്‍ കാട്ടിതന്ന നല്ല നാടന്‍ പുളി കണ്ട് എന്‍റെ മനസ്സ്കരഞ്ഞു.കാശ്മീര്‍ ഭാഷയില്‍ പുളിക്ക് നഗീന്‍ പറഞ്ഞ വാക്ക് വികാര വിക്ഷോപത്തിനിടയില്‍ എനിക്ക് ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞില്ല. തേങ്ങാപ്പാലും ,പുളിയും ചേര്‍ത്ത ആ കാശ്മീരി ഇറച്ചിക്കറിയുടെ "രുചിയില്‍" "" ""പിന്നീട് ആ വാക്ക് വീണ്ടും ഓര്‍ക്കുവാനും മനസ്സു വന്നില്ല.)

രണ്ടുദിവസ ഹര്‍ത്താല്‍ ദിനങ്ങളും നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു.ശ്രീനഗര്‍ ദിനങ്ങള്‍ ഇത്രയേറെ തെളിഞ്ഞു വരിക അപൂര്‍വമാണ്.ഗുല്‍മാര്‍ഗ് പോകുവാന്‍ ഏറ്റവും നല്ല കാലാവസ്ഥ ആയിരുന്നു അതെന്ന് ഫയാസ്സു ഫായി പറഞ്ഞു.നാട്ടില്‍ നിന്ന് ഖാസി അങ്കിള്‍ വിവരങ്ങള്‍ അറിയാന്‍ ആ ദിവസവും വിളിച്ചിരുന്നു.കഴിഞ്ഞ ആഴ്ച എത്തിയ ബാബാ(ഫയാസ്സ്ഫായിയുടെ അച്ഛന്‍ )പിറ്റേന്ന് കൊല്‍ഗാമിലേക്ക് തിരികെ പോകുന്നു എന്ന് പറഞ്ഞു  .അന്നേദിവസ ഹര്‍ത്താല്‍ വാര്‍ത്തകള്‍ പറയുന്ന കൂട്ടത്തില്‍ മുന്‍പ് ശ്രീനഗറിലെ ഹര്‍ത്താല്‍ മാസങ്ങള്‍ നീണ്ടു നിന്നിട്ടുണ്ട് എന്ന് ബാബ പറയുമ്പോള്‍ ഫയാസ്സ് ഫായി പുഞ്ചിരിച്ച്‌ ഞങ്ങളെ കടന്നു പോയി.എന്തിനായിരുന്നു ആ ചിരി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .ഒരു പക്ഷെ കഴിഞ്ഞ നാളുകള്‍ ശ്രീനഗര്‍ നേരിട്ട അരക്ഷിതത്വം,അസ്വാതന്ത്ര്യം,വേദന,നൊമ്പരം അങ്ങനെ പലതും ആ ചിരിയില്‍ഉണ്ടായിരിക്കാം .

തിങ്കളാഴ്ച അതിരാവിലെ തന്നെ ഞങ്ങള്‍ ഗുല്‍ മാര്‍ഗിലേക്ക് പുറപ്പെട്ടു.ശ്രീനഗര്‍ നിന്നും നാല്പത്തിയാറു കിലോമീറ്റര്‍ അകലെയാണ് ഗുല്‍ മാര്‍ഗ്ഗ് .തലേന്ന് രാത്രി വീണ്ടും പെയ്തു തുടങ്ങിയ മഴ ഗുല്‍ മാര്‍ഗ്ഗ് യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്ന എന്‍റെ വിഷമം കണ്ടിട്ടാകണം പ്രഭാതമായപ്പോഴേക്കും മാറി നിന്നു.കാശ്മീര്‍ ദിനങ്ങളില്‍ മനോഹരങ്ങളായ ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്. ദാല്‍ തടാകം ഉണരും മുന്‍പ് ഞങ്ങള്‍ ഹസ്രത് ബാല്‍ കഴിഞ്ഞിരുന്നു.രാത്രിമഴയില്‍ കുളിച്ച ശ്രീനഗറിന്‌ പതിവിലും തണുപ്പ് കൂടിയത് കൊണ്ടാവണം ദല്‍ കുളിരിന്‍റെ മൂടല്‍ മഞ്ഞു പുതച്ച് ഉറങ്ങി ഉണരാന്‍ വൈകിയെതെന്നു തോന്നി.കാശ്മീര്‍ പ്രഭാതങ്ങളാണോ സന്ധ്യകളാണോ മനോഹരമെന്നു ചോദിച്ചാല്‍ ആകെ കുഴങ്ങി പോകും.ഈ പകല്‍ക്കാഴ്ചയില്‍ മഞ്ഞു മൂടിയ ഈ പ്രഭാതമാണ്‌ കൂടുതല്‍ സുന്ദരിയെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ കാശ്മീര്‍ സന്ധ്യകള്‍ എന്നോട് പരിഭവിക്കും .

വഴിയോരങ്ങളില്‍ നിറയെ വില്ലോ മരങ്ങള്‍ .നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെ ഒരു നോക്കു കാണുവാന്‍ കാറിന്‍റെ ചില്ല് ജാലകം ഞാന്‍ താഴ്ത്തി. മനസ്സില്‍ ചിനാബ് നദിയുടെ ഓര്‍മ വന്നു .കാശ്മീരിന്‍റെയും പാകിസ്ഥാനിലെ പഞ്ചാബിന്‍റെയും വറ്റാത്ത നീരുറവയാണ് ചിനാബ്. ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍ നിന്നും ജന്മം കൊണ്ട ചിനാബ് ജമ്മു പ്രവശ്യ വഴി ഒഴുകി  പാകിസ്താനിലെത്തുന്നു .
1960 സെപ്റ്റംബര്‍ 19 തിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും(ജവഹര്‍ലാല്‍ നെഹ്‌റു) പാകിസ്താന്‍ പ്രസിഡന്റും  (മുഹമ്മദ്‌ ആയുബ് ഖാന്‍) ))കറാച്ചിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് (Indus Waters Treaty )ചെനാബ് നദിയിലെ ജലം ഇരു രാജ്യങ്ങളും ഇന്നും പങ്കിട്ടെടുക്കുന്നത് .ഇത്തരത്തിലുള്ള കരാറുകളുടെ പിന്‍ബലത്തിലാണ് തങ്ങള്‍ ഒഴുകുന്നത്‌ എന്നറിയാതെ ഇനിയും എത്രയോ നദികള്‍ ഇന്നും നമുക്ക് ദാഹജലം നല്‍കുന്നുണ്ട്. ജ്ഹലം,സിന്ധു ,സത് ലജ് ,രവി ........അങ്ങനെ പലതും.
അതിരുകള്‍ അറിയാതെ ഒഴുകിയ നദികള്‍ക്കറിയില്ലല്ലോ നമ്മള്‍ വേര്‍തിരിച്ചിട്ട അതിര്‍ത്തികള്‍ .
നമ്മള്‍ നയിക്കുന്ന വഴിയിലൂടെ ഒഴുകാന്‍ മാത്രം പഠിച്ചവരാണല്ലോ പാവം നീര്‍ച്ചാലുകള്‍..
അതിരുകള്‍ തിരിക്കുന്നതും അണകള്‍ കെട്ടി തടയുന്നതും സ്വാര്‍ത്ഥരായ നമ്മള്‍ മനുഷ്യര്‍ .
എന്നിരിക്കിലും പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ആരോ ഒരാള്‍ ഒരിക്കല്‍ പറഞ്ഞുപോല്‍ "India and Pakistan can go on shouting on Kashmir for all time to come, but an early settlement on the Indus waters is essential for maintenance of peace in the sub-continent"എന്ന്.

നദിയുടെ കാഴ്ചകള്‍ കണ്ണില്‍ നിന്നും മറഞ്ഞു .
ശ്രീനഗര്‍ - ലേ (Sreenagar -lay )നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളുടെ നല്ല തിരക്കാണ്

ഇടതടവില്ലാതെ ഒഴുകി വരുന്ന പട്ടാള വണ്ടികള്‍ ആണ് പിന്നീടുള്ള കാഴ്ച.കാശ്മീരിന്‍റെ വടക്ക് ദിക്ക് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ശകടങ്ങളില്‍ ഇരിക്കുന്ന ധീര ജവാന്‍മാരുടെ മുഖങ്ങള്‍ കാര്‍ഗില്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചു.പെട്ടെന്ന് മനസ്സില്‍ വന്നത് ക്യാപ്റ്റന്‍ ജെറി പ്രേം രാജിനെയാണ്.എന്നെ കടന്നു പോകുന്ന ഓരോ സൈനീക വാഹങ്ങളിലും ഞാന്‍ കാണുന്നത് കാര്‍ഗില്‍ യുദ്ധത്തില്‍ പൊലിഞ്ഞു പോയ ആ ധീര യോദ്ധാവിന്‍റെ മുഖം തന്നെയോ എന്ന് എനിക്ക് തോന്നി.ഇന്നും ഓരോ ജൂലൈ 7 കടന്നു പോകുമ്പോഴും ഓര്‍മ്മയുടെ കണ്ണീരില്‍ തെളിയാറുള്ള  ആ ധീര മുഖങ്ങള്‍........ ഏതെല്ലാമാണ് !

ഇടയ്ക്കൊരു സ്ഥലത്ത് വെച്ച്‌ റോഡു രണ്ടായി പിരിഞ്ഞു .ഞങ്ങളെ പിന്തുടര്‍ന്ന് വന്ന സൈനീക വാഹനങ്ങള്‍ ബാരമുള്ളയിലേക്ക് തിരിയുന്ന മറ്റൊരു റോഡു ലക്ഷമാക്കി നീങ്ങവേ അന്‍സാരി ഞങ്ങളുടെ വാഹനം ഗുല്‍ മാര്‍ഗിന്‍റെ വഴിയിലേക്ക് തിരിച്ചു വിട്ടു.

"പൂക്കളുടെ താഴ്വാരം" എന്ന്‌ കൂടി പ്രസിദ്ധമായ ഗുല്‍ മാര്‍ഗിലെ ഓരോ പുല്‍ ചെടികളിലും പൂവുകള്‍ക്ക് പകരമായി മഞ്ഞിന്‍റെ വിസ്മയ കാഴ്ചകള്‍ നിറച്ചിരുന്നു അന്ന്. പ്രഭാതം പൊട്ടിവിരിഞ്ഞു തുടങ്ങിയെങ്കിലും തണുപ്പിന്‍റെ തലോടല്‍ വിട്ടു ഉണര്‍ന്നെണീക്കാന്‍ എന്നെപ്പോലെ ഓരൊ പുല്‍ക്കൊടിക്കും മടി പോലെ .വഴിയോരങ്ങളില്‍ പെയ്തൊഴിഞ്ഞ മഴവെള്ളത്തില്‍ കുതിര്‍ന്ന് കാശ്മീര്‍ സൗന്ദര്യം അലിഞ്ഞു പോയോ എന്നും എനിക്ക് തോന്നി. ഗ്രാമാതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ കാടിന്‍റെ ഒരു അനിര്‍വച്ചനീയ സൗന്ദര്യമാണ് .പൈന്‍,ഫിര്‍ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചരിവുകളിലൂടെ അന്‍സാരിയുടെ കാര്‍ അനായാസം മുന്‍പോട്ടു പോയി.കാടിന്‍റെ ഇരുട്ടില്‍ വീണ്ടും അന്തിമയങ്ങിയ പ്രതീതി.ഒരു വേള കണ്മുന്‍പിലെ റോഡ്‌ മൂടല്‍ മഞ്ഞില്‍ മുങ്ങി കാടിന്‍റെ നിഗൂഡതകളെല്ലാം  മഞ്ഞില്‍ മറഞ്ഞ മനോഹരമായ ഒരു കാണാക്കാഴ്ച സമ്മാനിച്ചപ്പോള്‍ അന്‍സാരി വാഹനത്തിന്‍റെ വേഗത കുറച്ചു.

.മുകളിലേക്ക് കയറുന്ന വാഹനങ്ങളും എതിരെ വരുന്ന വാഹനങ്ങളും മഞ്ഞ ലൈറ്റ് തെളിച്ച് ഇടയ്ക്കിടക്ക് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു.റോഡിന്‍റെ ഒരു വശം അഗാധ ഗര്‍ത്തമെങ്കില്‍ മറുവശം ഇളകുന്ന മണ്ണിന്‍ കൂനകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന വഴി മരങ്ങള്‍.. .
മഴയെങ്ങാന്‍ പെയ്തു പോയാല്‍ ദുര്‍ഘടമാകുന്ന വഴികളെക്കുറിച്ച് അന്‍സാരി പറഞ്ഞു താരതെതന്നെ ഏകദേശ ധാരണ മനസ്സില്‍ ഉണ്ടായി. വഴിയോരങ്ങളില്‍ ചിലയിടങ്ങളില്‍ "മാര്‍ബിള്‍ "എന്ന്‌ എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ഉരുകാതെ അവശേഷിച്ച മഞ്ഞിന്‍റെ പാളികള്‍.. കണ്ടു .ഹിമവാന്‍റെ ശിരസ്സില്‍ നിന്നും താഴേക്കുള്ള ഒഴുക്കിനിടയില്‍ ശാപം കിട്ടിയതിനാലോ, എന്നോ ഒരുനാള്‍ ഹിമ ശിലയായ് മാറി ഇന്നും ശാപ മോക്ഷം കാത്തുകിടക്കുന്ന അനേകം കൊച്ചരുവികളും ആ വഴിയാത്രയിലെ പുതിയ കാഴ്ചകള്‍ ആയിരുന്നു .ഗുല്‍ മാര്‍ഗിലേക്ക് അടുക്കുംതോറും മഞ്ഞു പൂവിട്ട മരങ്ങള്‍ കണ്ടുതുടങ്ങി .റോഡിനിരു വശങ്ങളിളിലും മഞ്ഞിന്‍റെ കൂമ്പാരം .വെളുത്ത പൂക്കള്‍ക്കിടയില്‍ വഴിനടക്കുവാന്‍ ആരോ വിരിച്ചിട്ട തിളങ്ങുന്ന കറുത്ത പട്ടുപോലെ തോന്നിച്ചു ടാറിട്ട റോഡ്‌ .സഞ്ചാരികളുടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡുകളില്‍ മഞ്ഞിന്‍റെ പരലുകള്‍ കാണാനേയില്ല.


സമുദ്രനിരപ്പില്‍ നിന്നും 2653 മീറ്റര്‍ ഉയരത്തില്‍ പീര്‍ പഞ്ചാല്‍ മലനിരയുടെ ചരുവില്‍ കിലന്‍ മാര്‍ഗ് അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹര താഴ്വരയാണ് ഗുല്‍ മാര്‍ഗ്ഗ്.കാശ്മീരിലെ അവസാന സ്വതന്ത്രഭരണാധികാരിയായിരുന്ന യുസുഫ് ഖാന്‍ ചൗക് ആണ് ഈ മനോഹര ദേശം ലോകത്തിനു മുന്‍പില്‍ കാട്ടിക്കൊടുത്തത് എന്ന്‌ ചില രേഖകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം തന്‍റെ പ്രിയ പത്നിയും കവിതകള്‍ രചിക്കുകയും ചെയ്യുമായിരുന്ന ഹബ്ബ ഖാടൂനോടൊപ്പം പലപ്പോഴും ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചിരുന്നു എന്നും പറയപ്പെടുന്നു.പിന്നീട്‌ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ പ്രിയ സഖി നൂര്‍ജഹാനോടൊപ്പം ശ്രീനഗറില്‍ ഗ്രീഷ്മം തുടങ്ങുന്ന നാള്‍ ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ വിശ്രമ വേളകള്‍ ചിലവഴിച്ചതായും ചില കുറിപ്പുകളില്‍ ഉണ്ട് . സര്‍ വാള്‍ട്ടര്‍ ലോറെന്‍സ്(ദി ലാന്‍ഡ്‌ സെറ്റില്‍മെന്റ്റ് ഓഫീസര്‍ from 1889  to 1895 -കാശ്മീര്‍ ) അദ്ദേഹത്തിന്റെ "ദി വാലി ഓഫ്‌ കാശ്മീര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്ന പ്രകാരം മുന്‍ കാലങ്ങളില്‍ ചില യൂറോപ്യന്‍ സഞ്ചാരികള്‍ ഗുല്‍ മാര്‍ഗില്‍ വന്നിട്ടുണ്ട്. അവര്‍ അവിടെ ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുകയും വളരെ നാളുകള്‍ക്കു ശേഷം ഈ കുടിലുകള്‍ വേനല്‍ക്കാല വസതികളായി മാറുകയും ചെയ്തത്രേ .വീണ്ടും അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗുല്‍ മാര്‍ഗ്ഗ് മഞ്ഞുകാല വിനോദങ്ങള്‍ക്കുള്ള ഒരു സ്ഥലമായിമാറിയത് എന്നും ചരിത്രം സൂചിപ്പിക്കുന്നു.
സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിക്കാന്‍ ധാരാളം സൗകര്യങ്ങള്‍ ഇന്ന് ഗുല്‍ മാര്‍ഗില്‍ ലഭ്യമാണ്. ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്റ് ശ്രീനഗര്‍ നിന്നും ഗുല്‍ മാര്‍ഗിലേക്ക് പ്രത്യേകം ഹെലിക്കോപ്പ്റ്റെര്‍ സര്‍വീസും മഞ്ഞു കാലം ആസ്വദിക്കാന്‍ ജോംഗ ( ഒരു പ്രത്യേക തരം ജീപ്പ് ) സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .


ഏപ്രില്‍ മാസങ്ങളില്‍ മഞ്ഞു പൂക്കള്‍ മാത്രം വിരിയുന്ന ആ പൂക്കളുടെ താഴ്വര ഞങ്ങളെ എതിരേറ്റത്‌ എനിക്കപരിചിതമായ ഒരു കാഴ്ച സമ്മാനിച്ചു കൊണ്ടായിരുന്നു .റോഡില്‍ നിറഞ്ഞു കിടക്കുന്ന മഞ്ഞിന്‍ കട്ടകള്‍ മുറിച്ചു മാറ്റുകയാണ് ഒരു വാഹനം .അന്നാട്ടുകാരായ ചിലരും ചില സഞ്ചാരികള്‍ക്കുമൊപ്പം വളരെ ആകാംഷയോടെ ഞാനും അല്‍പ്പ നേരം ആ കാഴ്ച ആസ്വദിച്ചു .



ഗുല്‍ മാര്‍ഗ് എങ്ങും മഞ്ഞില്‍ നിറഞ്ഞു കിടക്കുന്ന മനോഹര കാഴ്ച .മഞ്ഞു മലകളില്‍ പോകുമ്പോള്‍ ധരിക്കാറുള്ള വിന്റെര്‍ ബൂട്സ് പിന്നെ സൂട്ടും തുടങ്ങിയവ ഒരു കടയില്‍ നിന്നും വളരെ തുശ്ചമായ വാടകയ്ക്ക് വാങ്ങി .അന്‍സാരിയുടെ സഹായമുള്ളതിനാല്‍ അധികം വിലപേശല്‍ ഉണ്ടായില്ല . സഞ്ചാരികള്‍ പലരും പറ്റിക്കപ്പെടുക ഇത്തരം സാധനങ്ങള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ആണെന്നുള്ള മുന്‍ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കോട്ടും ബൂട്സ് അണിഞ്ഞ്‌ മഞ്ഞ്‌ നിറഞ്ഞ ഗുല്‍ മാര്‍ഗ്ഗ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഞാന്‍ തയ്യാറായി.വലിക്കുന്ന ഒരു തരം വണ്ടിയുമായി ഒരു കൂട്ടം ആളുകള്‍ അപ്പോള്‍ ഞങ്ങളുടെ പിന്നാലെ കൂടി.കുതിരകളുമായി മാറ്റൊരു കൂട്ടര്‍ വേറെയും .ഗുല്‍ മാര്‍ഗ്ഗ് ചുറ്റി കാണിച്ചു തരാമെന്നായി ഇരുവരും .മുന്‍പൊരിക്കല്‍ ആഗ്ര റിവേ റെയില്‍വേ സ്റ്റേഷന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളെ പൊതിഞ്ഞ് കൂടെ കൂടിയ റിക്ഷ വണ്ടികള്‍ ഓര്‍മവന്നു .
.ഗുല്‍ മാര്‍ഗ് മുഴുവന്‍ ചുറ്റിക്കാണി ക്കാം എന്നായി കുതിരക്കാരന്‍.
വലിക്കുന്ന വണ്ടിയില്‍ ഒരു യാത്ര പോകാന്‍ 800 രൂപ മതിയാകുമെന്നു മറ്റേ കൂട്ടര്‍ വില പേശല്‍ തുടങ്ങി.
ആളുകള്‍ വലിക്കുന്ന വണ്ടികള്‍ കണ്ടപ്പോള്‍ പണ്ട് കുട്ടികാലത്ത് നാട്ടില്‍ കവുങ്ങില്‍ പാളയില്‍ കുട്ടികളെ ഇരുത്തി വലിച്ചു കൊണ്ട് പോകുന്ന ഓര്‍മ വന്നു.



ദൂരെ പലരും ഈ "പാളയാത്ര" നടത്തുന്നത് മങ്ങി കാണാം .ഈ "സ്ലെട്ജു " "പോണി "വാലകളെ പറഞ്ഞു വിടാന്‍ തന്നെ അല്‍പ്പം കഷ്ട്ടപ്പെടെണ്ടി വന്നു.
എന്നെപോലെ ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ഓരൊ വേഷം കെട്ടേണ്ടി വരുന്ന പാവം മനുഷ്യ ജന്മങ്ങള്‍ !

അങ്ങനെ മഞ്ഞു മൂടിക്കിടക്കുന്ന വിശാലമായ ഭൂമിയിലേക്ക് ഞങ്ങള്‍ ഇറങ്ങി. .
കാഴ്ചകളുടെ ഒരു പകുതിയും മഞ്ഞില്‍ മൂടിയിരുന്നു എന്നത് സത്യം.
മുന്‍പ് മണാലിയില്‍(( ((kullu -manaali -ഹിമാചല്‍ പ്രദേശ്‌  ) മഞ്ഞിന്‍റെ ദ്രിശ്യ വിസ്മയം കണ്ടിട്ടുണ്ട് എങ്കിലും .
കാഴ്ചകളെ ഇങ്ങനെ പൂര്‍ണമായി മറയ്ക്കുന്ന "വൈറ്റ് ഔട്ട്‌ "എന്ന പ്രതിഭാസം അന്ന് ആദ്യമായി ആസ്വദിച്ചു.
ഭൂമിയും ,ആകാശവും ,ചക്രവാളവും ഒന്നും തന്നെ വേര്‍തിരിച്ചറിയുവാന്‍ കഴിയാത്ത ഒരത്ഭുത ലോകം.
എങ്ങും മഞ്ഞിന്‍റെ നിറം,മണം,വികാരം.......ആകാശമില്ല ,ഭൂമിയില്ല ,സൂര്യനില്ല ഒരു വൃക്ഷങ്ങള്‍ പോലുമില്ല .വളരെ നേരിയ ഒരു വെള്ളപ്പുതപ്പ് കൊണ്ട് സര്‍വ്വം മൂടിയിട്ട പോലെ .
ഭൂമിയില്‍ നിന്നും ഒരു നിമിഷ നേരത്തേക്ക് മറ്റേതോ ഒരു ലോകത്ത് എത്തിയ പ്രതീതി.തൊട്ടടുത്ത്‌ നില്‍ക്കുന്ന വ്യക്തിയെപോലും കാണുവാന്‍ കഴിയാതെ, കാഴ്ചകള്‍ എന്തെന്നറിയാതെ ഏതോ മായിക ലോകത്തില്‍ പറന്ന് നടക്കുന്ന ഭാരമില്ലാത്ത പഞ്ഞികെട്ട് പോലെ തോന്നിക്കുന്ന അവസ്ഥ .......
ഇടയ്ക്കു മൂടല്‍ മഞ്ഞില്‍ തെളിഞ്ഞു വന്നത് അല്‍പ്പം ദൂരെയുള്ള ഒരു ക്ഷേത്ര ഗോപുരമാണെന്ന് മനസ്സിലായി. നോക്കിനില്‍ക്കുമ്പോള്‍ തന്നെ അത് തെളിയുകയും പിന്നെ മറഞ്ഞ് മഞ്ഞിന്‍റെ നിറത്തോട് ചേരുകയും ചെയ്തു.

സഞ്ചാരികളെ വലിച്ച് കൊണ്ട് പോകുന്നവരുടെ ആര്‍പ്പു വിളികള്‍ കാതോര്‍ത്താല്‍ കേള്‍ക്കാം.അല്‍പ്പം അകലെയുള്ള അമ്പലത്തില്‍ നിന്നും മുഴങ്ങുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍ കാറ്റിന്‍റെ ദിശക്കനുസരിച്ച് ശബ്ദം കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു . സത്യത്തില്‍ ഞാന്‍ ഭൂമിയില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന ആ പ്രാര്‍ഥനാ ഗീതമായിരുന്നു.
പരിസരം അല്‍പ്പം തെളിഞ്ഞു വന്നപ്പോള്‍ തൊട്ടടുത്ത്‌ നിന്ന ആകാംഷ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കണ്ടു തുടങ്ങി.
കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ നിമിഷ വിരഹം മറക്കുമ്പോള്‍ മഞ്ഞിന്‍റെ പുതപ്പ് വീണ്ടും ഞങ്ങളെ മറച്ചു നിന്നു.

സമയം ഒരു മണിയായി എന്ന്‌ കാറില്‍ അന്‍സാരിയോടൊപ്പം വിശ്രമിച്ചിരുന്ന ഫയാസ്സു ഫായി പറയുമ്പോഴാണ് അറിയുന്നത്.കാലവും സമയവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ലോകത്താണല്ലോ അപ്പോള്‍ നില്‍ക്കുന്നത് .
തണുപ്പിന്‍റെ കാഠിന്യത്തില്‍ ഊണ് കഴിക്കുവാന്‍ തണുത്ത വെള്ളത്തില്‍ കൈ കഴുകുവാന്‍ തന്നെ എനിക്ക് മടി തോന്നി.
അടുത്തായി കണ്ട ഒരു കടയുടെ ഉള്ളില്‍ അവരുടെ അനുവാദത്തോടെ ഉച്ചഭക്ഷണം കഴിച്ചു തുടങ്ങി.കൈകള്‍ തണുപ്പിക്കുവാനുള്ള ഒരു നെരിപ്പോട് കടക്കുള്ളില്‍ അല്‍പ്പം ചൂടിന്‍റെ സുഖം നിറച്ചു.നഗീന്‍റെ സ്പെഷ്യല്‍ ചീര കറിയും ,ചിക്കനും അന്നത്തെ ഊണ് സ്വാദിഷ്ട്ടമാക്കി.വളരെ ഇഷ്ട്ടത്തോടെ ചോറും കറികളും എല്ലാവര്‍ക്കും വിളമ്പിത്തന്നത് ഫയാസ്സു ഫായി ആയിരുന്നു.












ഭക്ഷണ ശേഷം വീണ്ടും അല്‍പ്പനേരം മഞ്ഞില്‍ കളിക്കമെന്നായി കുട്ടികള്‍.
തമ്മില്‍ കാണുവാന്‍ കഴിയുമെന്നായപ്പോള്‍ പരസ്പ്പരം മഞ്ഞിന്‍റെ കട്ടകള്‍ എറിഞ്ഞ്‌ കുഞ്ഞുങ്ങള്‍ കളികള്‍ തുടങ്ങി.



കുറച്ചു സമയം കുട്ടികളോടൊപ്പം ഞങ്ങളെല്ലാവരും അവരുടെ കളിയില്‍ പങ്കാളികളായി എന്ന്‌ തന്നെ പറയാം. ആര്‍ത്തു ല്ലസ്സിക്കുന്ന ബാല്യത്തിനെ കളികള്‍ ഏല്‍പ്പിച്ച് അല്‍പ്പം അകലെ കണ്ട ഐസ് മൂടിയ തടാകം ലക്ഷ്യമാക്കി ഞാന്‍ നടന്നു. മുകള്‍ ഭാഗം വെള്ളം ഐസ് ആയി ഉറഞ്ഞു കിടക്കുന്ന ഒരു ചെറിയ തടാകം. കരയും വെള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.ഉള്ളില്‍ നിറഞ്ഞു കിടക്കുന്ന ജലത്തിന്‍റെ ആഴത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.കരയില്‍ ഇരുന്ന് വെള്ളത്തിലേക്ക്‌ തൊട്ടപ്പോള്‍ വിരലുകള്‍ മരവിച്ചു. മുകള്‍പ്പരപ്പിലുള്ള ഐസ് പാളികള്‍ പതുക്കെ മാറ്റി ഉള്ളിലെ തണുപ്പുള്ള വെള്ളം കൈയില്‍ കോരിയെടുത്തു.ക്യാമറയില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുക്കുവാനുള്ള ആഗ്രഹത്തില്‍ കൂടെയുള്ളവരെ വിളിക്കുവാന്‍ തിരിഞ്ഞ എന്‍റെ ഉള്ളില്‍ ഒരു നിമിഷം രക്തമുറഞ്ഞപോലെയായി..ഒന്നുമേ കാണുവാന്‍ കഴിയുന്നില്ല ,വീണ്ടും ആ വൈറ്റ് ഔട്ട്‌" .
ദിക്കും ദിശയുമറിയാതെ ആകാശവും ഭൂമിയും തിരിച്ചറി യാതെ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയ ആ നിമിഷം.

നടന്നു വന്ന വഴിയെ തിരികെ പോകാന്‍ ധൈര്യമില്ല. വഴിയെങ്ങാന്‍ തെറ്റിപോയാലോ എന്ന ഉള്‍ഭയം.മുന്‍പ് കേട്ട ആ ഭക്തിഗീതം ദൂരെ എവിടെയോ കേള്‍ക്കുന്നു.പതറിപ്പോകാതിരിക്കാന്‍ അപ്പോള്‍ എന്‍റെ മനസ്സിന്‌ ആ സ്നേഹഗീതം താങ്ങായി എന്ന്‌ പറയുന്നതാവും ഏറെ സത്യം. ഏതു ഭാഷയിലെന്നോ അതിന്‍റെ അര്‍ദ്ധമെന്തെന്നോ അറിയുന്നില്ല.എങ്കിലും മനസ്സിന്‌ വല്ലാത്തൊരു ധൈര്യം തോന്നിയ നിമിഷമായിരുന്നു അത്.അല്‍പ്പ സമയത്തിനുള്ളില്‍ ചിലരുടെ സംഭാഷണ ശബ്ദങ്ങള്‍ കേട്ടുതുടങ്ങി .നിന്ന സ്ഥലത്ത് നിന്നും ഒരു ചുവടു പോലും മുന്‍പോട്ടു വെക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് .അടക്കി പിടിച്ച ശബ്ദത്തോടൊപ്പം മഞ്ഞിന്‍റെ മറയില്‍ തെളിഞ്ഞു വരുന്ന പരിചിത മുഖങ്ങള്‍... കണ്ട് പരിസരം മറന്ന് അവരുടെ അടുത്തേക്ക് ഓടുകയായിരുന്നു. "പറയാതെ ഇതെങ്ങോട്ട് പോയി ?"എന്ന പരിഭവം കലര്‍ന്ന കണ്ണുകളോട് മറുപടി പറയുവാന്‍ തണുപ്പും,ഭയവും അനുവദിക്കുന്നില്ല.
ഈ നിമിഷ വിരഹത്തിന്‌ ഒരു വിരല്‍ സ്പര്‍ശം മതിയാകുമോ ?


ഏറെ നേരം കളിച്ചു തിമര്‍ത്ത ബാല്യം കളിമതിയാക്കിയപ്പോള്‍ ഞങ്ങള്‍ ഗുല്‍ മാര്‍ഗില്‍ നിന്നും തിരികെ യാത്ര തുടര്‍ന്നു.
മഞ്ഞിന്‍റെ വഴികള്‍ പിന്നിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അന്‍സാരിയാണ് പറഞ്ഞത് സഞ്ചാരികള്‍ അധികം വരാറില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്ന്. കാടിന്‍റെ ഊടുവഴികള്‍ പിന്നിട്ട് വാഹനം മഞ്ഞില്‍ പുതച്ച മറ്റൊരു കുന്നു കയറി. വഴിലൊരിടത് "ബാബാ ഋഷി "എന്നൊരു വഴികാട്ടി കണ്ടു. കുന്നിന്‍ നെറുകയിലുള്ള ഒരു പള്ളിയിലേക്കായിരുന്നു ആ യാത്ര. "ബാബാ ഋഷി "എന്ന്‌ പേരുള്ള ഒരു ആരാധനാലയം.വഴിയോരങ്ങളിലെ മരക്കൂട്ടങ്ങളില്‍ നിറയെ പഞ്ഞിക്കെട്ടുപോലെ മഞ്ഞു നിറഞ്ഞു നിന്നു. തണുപ്പിന്‍റെ കൈകള്‍ക്ക് ഒരു പ്രാര്‍ഥനാ മന്ത്രത്തിന്റെ സാന്ത്വനം .
പണ്ട് കാശ്മീര്‍ ഭരിച്ചിരുന്ന സൈനുല്ലാബ്ദീന്‍ എന്ന രാജാവിന്‍റെ കൊട്ടാരത്തിലെ പണ്ഡിത ശ്രേഷ്ടനായിരുന്നു ബാബാ ഋഷി.
ലാര്‍ പ്രദേശത്ത് ജനിച്ച ബാബാ പായം ഉദ്ദിന്‍ ആണ് പില്‍ കാലത്ത് ബാബാ ഋഷി എന്ന്‌ അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു.എങ്കിലും ബാബ  ഋഷിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ലോകത്തിന്‍റെ കഷ്ട്ടകളില്‍ മനം നൊന്തു ജീവിത സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച ഒരു ഋഷി വര്യന്‍ ആയിരുന്നു ബാബാ.സന്യാസം സ്വീകരിക്കുവാന്‍ വീട് വിട്ടു ഇറങ്ങുമ്പോള്‍ പത്നി ഗര്‍ഭവതി ആയിരുന്നു എന്നും, "താന്‍ മാര്‍ഗ്ഗ് "എന്ന സ്ഥലത്ത് നിന്നും മൂന്നു മൈല്‍ അകലെ ഗുല്മാര്‍ഗിനടുത്തു വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും,ചില വിവരണങ്ങള്‍ പറയുന്നു.
ബാബയുടെ ജീവിതത്തിന് ഭഗവാന്‍ ശ്രീ ബുദ്ധന്‍റെ ജീവിതവുമായി എവിടെയോക്കെയോ എനിക്ക് സാമ്യത തോന്നി.

പള്ളിയുടെ അല്‍പ്പം അകലെയായി ഞങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തു.
അന്‍സാരി പറഞ്ഞത് വളരെ സത്യമാണ്. തിരക്ക് അല്‍പ്പം പോലും ഇല്ലാത്ത ശാന്ത സുന്ദരമായ ഒരിടം. പടിക്കെട്ടുകള്‍ കയറി പോയാല്‍ പഗോഡ മാതൃകയില്‍ ഉള്ള ഒരു പള്ളി കാണാം,പരിസരങ്ങളില്‍ അവിടവിടെ ഉരുകി തീരാത്ത വലിപ്പമുള്ള മഞ്ഞു കട്ടകളും .ദേവദാരു മരങ്ങളെ തഴുകി വരുന്ന തണുത്ത കാറ്റിനും എന്തെന്നില്ലാത്ത ഒരു സാന്ത്വന സ്പര്‍ശം .
അല്‍പ്പം മുന്‍പ് ദിക്കറിയാതെ ഒരു നിമിഷം ഈ ഭൂമിയില്‍ പെട്ട് പോയ നിമിഷത്തെ കുറിച്ച് അപ്പോള്‍ ഓര്‍ത്തു.
മനസ്സിന്‌ ധൈര്യം പകര്‍ന്ന്  ദൂരെ മുഴങ്ങിയ ഏതോ  പ്രാര്ത്ഥനാ മന്ത്രവും.

1480 കളിലെ ഈ ആരാധനാലയം പേര്‍ഷ്യന്‍ ,മുഗള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.അനേകം വിശ്വാസികള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ഇവിടെ ഓരൊ വര്‍ഷവും എത്തുന്നു എന്നും പറയപ്പെടുന്നു.കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനു വേണ്ടി പ്രത്യേക നേര്‍ച്ച അര്‍പ്പിക്കുന്നു എന്നതും ഈ ആരാധനാലയത്തിന്‍റെ സവിശേഷതയാണ് ,പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് വേണ്ടി.ബാബാ ഋഷി അന്ത്യ വിശ്രമം കൊള്ളുന്ന ഈ പള്ളിയില്‍ ഏതെങ്കിലും രീതിയില്‍ അഗ്നി ബാധ ഉണ്ടാകുന്നു എങ്കില്‍ അത് കാശ്മീര്‍ ജനതയ്ക്ക് വരാനിരിക്കുന്ന ഏതോ അത്യാപത്തുകളുടെ സൂചനയാണ് എന്നൊരു വിശ്വാസവും കൂടി ഈ ദേശക്കാരില്‍ ഉള്ളതായി അറിയുവാന്‍ കഴിഞ്ഞു .

പടിക്കെട്ടുകള്‍ തീരുന്നിടത്ത് തോക്കേന്തിയ ഒരു ജവാന്‍ നില്‍പ്പുണ്ട്.ചെരുപ്പ് പള്ളിക്ക് പുറത്ത് ഇടണമെന്ന് അദ്ദേഹം തന്നെയാണ് ആവശ്യപ്പെട്ടതും.മാര്‍ബിള്‍ തറയില്‍ ചവിട്ടിയപ്പോള്‍ തണുപ്പിന്‍റെ വൈദ്ദ്യുത പ്രവാഹം ഉള്ളം കാലില്‍നിന്നും അരിച്ചു കയറി.അകത്തളത്തില്‍ വിരിച്ച കാര്‍പെറ്റില്‍ ചവുട്ടി ഉള്ളിലേക്ക് കയറി.
ബാബാ ഋഷിയുടെ ഖബറിടമായിരുന്നു അവിടെ.ഞങ്ങളെ കൂടാതെ അവിടെയുണ്ടായിരുന്നത് ഒരു പഞ്ചാബി കുടുംബം മാത്രം . അവരുടെ കൈ കുഞ്ഞിനു വേണ്ടിയുള്ള ഏതോ നേര്‍ച്ചയാണെന്ന് കാഴ്ചയില്‍ത്തന്നെ മനസ്സിലായി.
മതത്തിന്‍റെ അതിരുകള്‍ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നില്ല എന്നത് മനസ്സില്‍ സന്തോഷം തോന്നിച്ചു.
പള്ളിയില്‍ ഒരു ഭാഗത്ത്‌ ഒരു ജനല്‍ പാളി പോലെ തോന്നിക്കുന്ന ഇടത്ത് പട്ടു നൂലുകളും,സ്വര്‍ണ്ണ വളകളും ,തങ്ക മോതിരങ്ങളും നേര്‍ച്ചയായി കെട്ടിയിട്ടിരിക്കുന്നതും കണ്ടു. മഞ്ഞില്‍ മൂടി കിടക്കുന്ന ഈ ഗിരി ശിഖരത്തിലും സമാധാനം തേടി, സന്തോഷം തേടി മനുഷ്യര്‍ വന്നെത്തണമെങ്കില്‍ അതിനു പിന്നിലെ അദൃശ്യ ശക്തി എന്താകും.?
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ അവിടെനിന്നും പ്രസാദമായി എന്തോ വാങ്ങുന്നത് കണ്ടു.കാണിക്ക അര്‍പ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധമില്ല. ഇഷ്ട്ടമുള്ളത്‌ കൊടുക്കാം. നിര്‍ബന്ധ പൂര്‍വ്വം കാണിക്കകള്‍ വാങ്ങുന്ന പേര് കേട്ട ആരാധനാലയങ്ങള്‍ ഓര്‍മവന്നു.മനസ്സിരുത്തി പ്രാര്‍ത്ഥിക്കുവാന്‍ പോലും സാവകാശം തരാതെ തിരക്കുകള്‍ക്കിടയില്‍ "നിസ്സഹായനായ ദൈവത്തിന്‍റെ "മുന്‍പില്‍ നമ്മള്‍ ആരുമല്ലാതായി തീരുന്ന നിമിഷങ്ങള്‍... എത്രയോ അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്.
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍ ഇരിക്കുന്ന ആള്‍ ഒരു ചെറിയ പൊതിയും അല്‍പ്പം മലരും എനിക്ക് തന്നു തന്നു.പ്രസാദമായി പൊതിഞ്ഞു തന്നത് ചാര നിറത്തിലുള്ള മധുരമുള്ള ഒരു പൊടിയായിരുന്നു.
മനസ്സില്‍ ടെന്‍ഷന്‍ തോന്നുമ്പോള്‍ ഇതില്‍ ഒരു നുള്ള് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാന്‍ ആള്‍ പറഞ്ഞു.അന്ധമായി നാം  ഒന്നിലും വിശ്വസിക്കുന്നില്ല എങ്കിലും ചില നിമിഷങ്ങളില്‍ സമാധാനത്തിനു വേണ്ടി ഏതു ശക്തിയോടും അപേക്ഷിച്ച് പോകും എന്ന സത്യം ഒരു സത്യം തന്നെയാണ്.
ആള്‍ പറഞ്ഞത് സത്യമാണെങ്കില്‍ ?അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍ ?
ബാബ റിഷിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ആ പൊതി ഞാന്‍ ഭദ്രമായി എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ സൂക്ഷിച്ചു.ഗുല്‍ മാര്‍ഗില്‍ നിന്നും മഞ്ഞു മലയിറങ്ങി വന്ന യാത്രയിലെ ക്ഷീണം തീര്‍ത്തും ഇല്ലാതെയായി എന്നൊരു തോന്നല്‍. .
മനസ്സ് നിറഞ്ഞ്‌ അല്‍പ്പ നേരം സര്‍വേശ്വരനോട്  പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം   .പള്ളിയുടെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ മനസ്സിന്‌ എന്തെന്നില്ലാത്ത ഉന്മേഷം.നമ്മള്‍ മനുഷ്യര്‍ എന്നും കൊതിക്കുന്നത് സാന്ത്വനവും ,സമാധാനവുമാണ്.വേദനിക്കുമ്പോള്‍ ഒന്ന് ആശ്വസിപ്പിക്കാന്‍,ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാ വിഷമങ്ങളും മാറും.ഈ സാന്ത്വനം നല്‍കുന്നത് ഒരു വ്യക്തിയാകണമെന്നും ഇല്ല.ചിലപ്പോള്‍ പ്രാര്ത്ഥനയില്‍  നിന്നാകാം,ചില ദര്‍ശനങ്ങളില്‍ നിന്ന് ആകാം .
പള്ളിയില്‍ നിന്നും കിട്ടിയ ആ മധുരത്തിന്‍റെ പൊതിയില്‍ എന്തുമായിക്കോട്ടേ ,അന്ന് വൈകി ഖാസി അങ്കിളിന്‍റെ വീടെത്തുമ്പോള്‍ എന്‍റെ പെട്ടിയില്‍ അത് പവിത്രമായിത്തന്നെ സൂക്ഷിക്കണം എന്ന്‌ ഞാന്‍ തീരുമാനിച്ചു.








മലയിറങ്ങുന്ന വഴിയില്‍ മഞ്ഞു മൂടിയ ഒരു ഭാഗത്തായി അന്‍സാരിയോട് ആവശ്യപ്പെട്ടു വാഹനം നിര്‍ത്തി.
കാട്ട് പാതയുടെ ഇരു വശങ്ങളിലും മഞ്ഞു പുതച്ച് കിടക്കുന്ന പ്രദേശം.ദേവദാരു പൈന്‍ ,ഫിര്‍ മരങ്ങള്‍ ധാരാളമായി നിറഞ്ഞു നില്‍ക്കുന്ന ഇരുളിമയില്‍ മഞ്ഞിന്‍റെ ശുഭ്ര നിറം കാഴ്ചകള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കി.
മരങ്ങളുടെ ഇടയില്‍, കുന്നിന്‍ ചരുവില്‍,ഇലകളില്‍ എവിടെയും മഞ്ഞിന്‍റെ വിസ്മയം. റോഡിനരികിലെ മഞ്ഞു തിട്ടയില്‍ വിരലുകള്‍ കൊണ്ട് ഓര്‍മകളുടെ ചിത്രങ്ങളും അക്ഷരങ്ങളും നിറച്ചു.കുത്തനെയുള്ള മലയുടെ ചെരുവിലെ മഞ്ഞില്‍ ചവുട്ടി മുകളിലേക്ക് കയറാന്‍ ഒരു വിഫല ശ്രമം .മരങ്ങള്‍ പൊഴിച്ചിട്ട ഇലകള്‍ മഞ്ഞുമായി കൂടി കലര്‍ന്ന് വല്ലാത്ത വഴുക്കല്‍ ഉണ്ട് എന്ന്‌ തോന്നി.പരസ്പ്പരം കൈകള്‍ കോര്‍ത്ത്‌ ഭാവിയില്‍ എനിക്ക് താങ്ങാകുവാന്‍ പോകുന്ന ബാല്യത്തിന്‍റെ ചെറു കൈതാങ്ങില്‍ ഒരു സാഹസീക യാത്ര.
മഞ്ഞു മലയുടെ മുകള്‍പ്പരപ്പില്‍ എത്തി താഴെ വാഹനം കിടക്കുന്ന റോഡിലേക്ക് നോക്കിയപ്പോള്‍ ഒരാവേശം,ഒന്ന് കൂടി മുകളിലേക്ക് പോകുവാന്‍.. ..അതിനും മുകളിലെ മഞ്ഞിന്‍റെ സ്വര്‍ഗ്ഗം വശ്യമായി ആകര്‍ഷിക്കും പോലെ .സാഹസം കൂടുന്നു എന്ന്‌ തോന്നിയതിനാലാവണം അന്‍സാരിയും ,ഫയാസ്സ് ഫായിയും താഴെനിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൂടുതല്‍ മുകളിലേക്ക് പോകുന്നത് അപകടമാണെന്ന് ..ആലോചിച്ചപ്പോള്‍ സത്യമാണ് .തീരെ പരിചയമില്ലാത്ത സ്ഥലം.മഞ്ഞി ന്‍റെ പാളികള്‍ക്കിടയില്‍ പതിയിരിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഒരു ചുവടു വെയ്ക്കുന്നത് മഞ്ഞിന്‍റെ പൂക്കളിലെങ്കില്‍ അടുത്ത ചുവട്‌ .......

മഞ്ഞു കാഴചകള്‍ ക്യാമറയില്‍ പകര്‍ത്തി .മൂടല്‍ മഞ്ഞു കുറവായതിനാല്‍ ചിത്രങ്ങള്‍ നന്നേ വ്യക്തമായിരുന്നു. റോഡിലൂടെ സൈനീക വാഹങ്ങളില്‍ ചിലത് കടന്നു പോയി.ചില സഞ്ചാരികള്‍ മഞ്ഞു മലയില്‍ നില്‍ക്കുന്ന ഞങ്ങളെ നോക്കി ആര്‍ത്തു വിളിച്ചു കൊണ്ട് പോകുന്നതും കണ്ടു
മുകളിലേക്ക് കയറുമ്പോലെ അത്ര എളുപ്പമല്ല തിരിച്ചുള്ള യാത്ര എന്ന്‌ മനസ്സിലാക്കുവാന്‍ ഏതാനും നിമിഷങ്ങളേ  വേണ്ടി വന്നുള്ളൂ
വല്ലാതെ വഴുതി പോകുന്ന കാലടികള്‍..
ഒന്ന് കാല് തെറ്റിയാല്‍ പിന്നെ താഴെയുള്ള റോഡില്‍ ചെന്ന് നില്‍ക്കുന്ന അവസ്ഥ.
വീണ്ടും കൈകള്‍ പരസ്പ്പരം കോര്‍ത്ത്‌ ക്യാമറ കഴുത്തില്‍ തൂക്കി മലയിറങ്ങി.
മഞ്ഞിന്‍ പൂക്കള്‍ കാലടികളില്‍ ഞെരിഞ്ഞമര്‍ന്നു
വിന്‍റര്‍ ബൂട്സ് ഇല്ലാത്ത വിരലുകള്‍ തണുപ്പ് തിരിച്ചറിയാന്‍ കഴിയാത്തത് പോലെ മരവിച്ചുപോയിരുന്നു .അടുത്ത് കണ്ട ഫിര്‍ മരത്തിന്‍റെ  അരികില്‍ നിന്ന് വീണ്ടും ഫോട്ടോക്ക് പോസ് ചെയ്തു .
കാഴ്ചകള്‍ വിട്ട് തിരികെ പോകുവാന്‍ എന്‍റെ കണ്ണുകള്‍ എന്നെ സമ്മതിക്കുന്നില്ല.കണ്ണെത്താ ദൂരമെല്ലാം മഞ്ഞിന്‍റെ പുതപ്പില്‍ .

ചുവടുകള്‍ സൂക്ഷിച്ച് വീണ്ടും താഴേക്ക്‌ വെച്ച ആരുടെ കാലടികളാണാവോ പിഴച്ചു പോയത് .മറ്റൊന്ന് ചിന്തിക്കുവാന്‍ സമയം കിട്ടും മുന്‍പ് രണ്ട് മീറ്റര്‍ താഴെയുള്ള ദേവ ദാരുവിനെ സാഷ്ടാംഗം നമസ്ക്കരിച്ചു ഞാന്‍ കാശ്മീര്‍ മണ്ണില്‍ കിടക്കുന്നു .റോഡിന്‍റെ ഭാഗത്തുനിന്നും കൂവലും ,വിളിയും,ഒപ്പമുള്ളവരിലെ ചിരിയുംഎന്നെ ഉണര്‍ത്തിയപ്പോള്‍ എന്‍റെ ക്യാമറയയെയാണ് ഞാന്‍ ആദ്യം നോക്കിയത്.ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ല.മഞ്ഞില്‍ മരവിച്ച എനിക്കും ഒരു പ്രശ്നവും ഇല്ല എന്ന്‌ സ്വയം സമാധാനിച്ചു.
ചിരിയും തമാശയുമായി തിരികെ കാറില്‍ കയറുമ്പോള്‍ മലമുകളിലെ മഞ്ഞില്‍ എന്നെ രക്ഷിച്ച ദേവ ദാരുവിനെ ഒരു വട്ടം ഒന്ന് തിരിഞ്ഞു നോക്കി.ഒരു കൈത്താങ്ങ്‌ തന്നതിന് ,ആ ഒരു നിമിഷത്തിന്‌ ഞാന്‍ മൗനമായി നന്ദി പറഞ്ഞു . മഞ്ഞിന്‍റെ പൂക്കള്‍ വിരിഞ്ഞ ഇലകള്‍ ഉലച്ചു എനിക്കവന്‍ യാത്ര മംഗളങ്ങള്‍ നേര്‍ന്നു.ചില ബന്ധങ്ങള്‍ അങ്ങനെയാണ് നിമിഷങ്ങള്‍ മാത്രം അനുഭവിക്കാന്‍ ഭാഗ്യം.ജന്മാന്തരങ്ങള്‍ കാണുവാന്‍ കഴിയാതെ അകന്നു പോകുന്ന ചില നൈമീഷിക ബന്ധങ്ങള്‍.......

അന്‍സാരി വാഹനം സ്ട്രാറ്റ് ചെയ്തു ,
ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ എത്തിയപ്പോള്‍ തണുപ്പിനു അല്‍പ്പം കുറവ് വന്നപോലെ.
കാറിന്‍റെ ഗ്ലാസ്‌ താഴ്ത്തി കാശ്മീര്‍ നാട്ടു കാഴ്ചകളിലേക്ക് കുറച്ചു നേരം .
ബാരമുള്ള റോഡിലേക്ക് പോകുവാനുള്ള സൈനീക വാഹനങ്ങളുടെ തിരക്ക് അപ്പോഴും ഉണ്ട് .
ഹര്‍ത്താല്‍ ദിവസത്തെ ബാക്കി പത്രങ്ങളായ കല്ലും ,തടികളും വഴിയോരങ്ങളില്‍ ചിതറി കിടക്കുന്നു.ഗുല്‍ മാര്‍ഗിലേക്കുള്ള യാത്രയില്‍ ഈ കല്ലും ,മരത്തടികളും കണ്ണില്‍ പെട്ടതും ഇല്ല.
അധികം മുന്‍പോട്ടു പോകും മുന്‍പ് വഴിയില്‍ ഒരിടത്ത്‌ കുറച്ച്‌ ആള്‍ കൂട്ടം കണ്ടു .യാത്രയുടെ ക്ഷീണം കാരണം കുട്ടികളെല്ലാം അപ്പോള്‍ ഉറക്കമായിരുന്നു. അന്‍സാരി ഹോണ്‍ അടിച്ചു വാഹനം സ്പീഡ് കൂട്ടി .പെട്ടെന്ന് വഴിയോരത്ത് ഇടവഴിയില്‍ ഒന്ന് രണ്ട് സൈനീകര്‍ തോക്കുമേന്തി ഓടുന്നതും ,മറഞ്ഞു നിന്നു ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതും മിന്നല്‍ പോലെ കണ്ണില്‍ മറഞ്ഞു പോയി ,അതിനെ പിന്‍ തുടര്‍ന്ന് പിന്നെയും കുറേ വെടിയൊച്ചകളും.
എന്തെന്നോ ഏതെന്നോ ചോദിക്കും മുന്‍പ് വാഹനം ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു  .
"അവിടെ എന്തോ പ്രശ്നമാണ് അത് നമ്മള്‍ അറിയേണ്ട കാര്യമില്ലല്ലോ "
എന്നായിരുന്നു അന്‍സാരിയുടെ മറുപടി.
ഒന്നും അറിയാതെ ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ .
നിഷ്കളങ്ക ബാല്യം.
സമയം സന്ധ്യ മയങ്ങി തുടങ്ങി.
വിന്‍ഡോ ഗ്ലാസില്‍ കൂടെ തണുപ്പ് എന്‍റെ ഉള്ളിലേക്കും അരിച്ചിറങ്ങി .
എന്തായിരിക്കും അവിടെ നടന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല.
മുന്‍പ് കേട്ട ആ വെടിയോച്ചയുടെ ശബ്ദം കാതില്‍ നിന്നും പോകുന്നതേയില്ല .
ഫയസ്സു ഫായിയുടെ മൊബൈലില്‍ നിന്നും ആ പഴയ കാശ്മീരി ഗാനം ഒന്ന് കേട്ടിരുന്നുവെങ്കില്‍ .
ശരീരത്തിലെ മരവിപ്പ് മാറിയപ്പോള്‍ എവിടെയൊക്കെയോ വേദന തുടങ്ങിയെന്നൊരു തോന്നല്‍
മഞ്ഞിലെ വീഴ്ചയുടെ സമ്മാനമാണ് .അണച്ച് പിടിച്ച ദേവ ദാരുവിനെ ഓര്‍മവന്നു,മഞ്ഞിന്‍റെ തണുത്ത തലോടലും.
സമയം വളരെ വൈകി ഖാസി അങ്കിളിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ആരോ ചോദിച്ചു
"ഒന്നൂടെ മല കയറുന്നോ ....ഒരു വീഴ്ചകൂടെ......?"
കൂടെയുള്ളവര്‍ കളിയാക്കി ആര്‍ത്തു ചിരിച്ചു.
ചില വീഴ്ചകള്‍ മറ്റുള്ളവരെ ചിരിപ്പിക്കുന്നു.
വേദനകള്‍ നമുക്ക് മാത്രവും.
ഓരോ വീഴ്ചകളും ഓരോ പാഠങ്ങള്‍
ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ ......
(തുടരും )


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(6)