Monday, July 25, 2011

A Salute To Kargil Heroes..........



ബഹുമതികള്‍ ലഭിച്ചവര്‍ 

Capt.Vikram Batra - Param Vir Chakra(Posthumous)




Grenedier. Yogendra singh yadav 


 (Param Vir Chakra)
The Param Vir Chakra was announced for Yadav posthumously, but it was soon discovered that he was recuperating in a hospital, and it was his namesake that had been slain in the mission. Sources said there were two Yogendra Singh Yadavs in a team of 22 men, under the command of Lieutenant Balwan Singh, who climbed to the top of Tiger Hill using ropes and mountaineering equipment, that's why the confusion of names occurred and the award was announced as posthumous.

RFN. Sanjay Kumar (Param Vir Chakra)
Major Padmapani Acharya of the 2nd Battalion, The RAJPUTANA RIFLES (Maha Vir Chakra (Posthumous)


Lieutenant Balwan Singh, Maha Vir Chakra Of the 18th Battalion of GRENADIERS Regiment


Major M Saravanan, VirChakra, 1 Bihar
Captain Saju Cherian, Sena Medal 307 Medium Regiment
Lieutenant Kanad Bhattacharya, Sena Medal (Posthumous)(22 YEARS)

Lieutenant Keishing Clifford Nangrum, Maha Vir Chakra (Posthumous) Of the 12th Battalion of JAMMU AND KASHMIR
Captain R Jerry Prem Raj, Vir Chakra (Posthumous), 158 Medium Regiment
Major Sonam Wangchuk, Maha Vir Chakra Of the LADAKH Scouts 




 ഇനി ഒരു ഓര്‍മ്മക്കുറിപ്പ്‌ ......

ഡല്‍ഹിയിലെ കാണാകാഴ്ചകളുടെ അതിരുകള്‍ മറച്ച മൂടല്‍ മഞ്ഞിലൂടെ മകന്‍റെ നീതിക്കുവേണ്ടി നിയമത്തിന്‍റെ പടികള്‍  കയറിയിറങ്ങുന്ന  ഒരു അച്ഛന്‍റെ   രൂപം കണ്ണിലിപ്പോഴും നിറഞ്ഞ് നില്‍ക്കുന്നു ..........

അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ മകന്‍റെ  ഓര്‍മകളില്‍ ഉരുകിയ  ഒരു പാവം അച്ഛന്‍. 
നിയമങ്ങളുടെ നൂലാ മാലകള്‍ക്കിടയില്‍ അംഗീകരിക്കപ്പെടാതെ  പോയ ഒരു "ധീര മരണം" ആയിരുന്നു ആ മകന്‍റെ ത്.
മാതൃ രാജ്യത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ മരണപ്പെട്ടുവെങ്കിലും മരണാന്തര ബഹുമതികള്‍  ഒന്നും തന്നെ ആ മകനെ തേടി വന്നില്ല.
Captain Saurabh Kalia

പക്ഷെ ഇന്നും ഓരോ കാര്‍ഗില്‍ വിജയത്തിന്‍റെ ഓര്‍മയിലും മനസ്സില്‍ തെളിഞ്ഞു വരുന്നു ആ ധീര യോദ്ധാവിന്‍റെ  മുഖം ......

വീണ്ടും ഒരു ജൂലൈ   26 കാര്‍ഗില്‍  വിജയദിനം ആഘോഷിക്കുമ്പോള്‍ വേദനയോടെ ഓര്‍ത്തു പോകുന്നു ക്യാപ്റ്റന്‍ സൗരവ്  കാലിയയെ.

ഓരോ  യുദ്ധങ്ങളും വേദനകളാണ് .ഓരോ വിജയാഘോഷങ്ങള്‍ മുഴങ്ങുമ്പോഴും അതിന്റെ ഉള്ളിലെവിടെയോ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നമുക്ക് കാതോര്‍ത്താല്‍ കേള്‍ക്കാം. 
ഒരു അച്ഛന്‍റെ ,അമ്മയുടെ ,അതുമല്ലെങ്കില്‍ ഒരു ഭാര്യയുടെ ,ഒരു മകന്‍റെ ,മകളുടെ....

രാജ്യത്തിന്‌ വേണ്ടി ധീരമായി  പോരാടുമ്പോള്‍ , രക്തസാക്ഷിത്വം വരിക്കുമ്പോള്‍ സ്വന്തം രാജ്യത്തിന് അവര്‍ ധീര ദേശാഭിമാനികള്‍ ,മറിച്ച്  ശത്രു രാജ്യത്തിന് അവര്‍ വെറും ശത്രുക്കള്‍ .

നാമെല്ലാം ഒരേ ദൈവ സൃഷ്ട്ടിയിലെ മനുഷ്യാരാണെന്നുള്ള സത്യം എല്ലാവരും മറക്കുന്നു.
അങ്ങനെ മറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ യുദ്ധങ്ങള്‍ക്ക് എന്ത് പ്രസക്തി അല്ലെ ....!

എങ്കിലും പടക്കളത്തിലും ചില നിയമ വ്യവസ്ഥകള്‍ ഉണ്ടെന്നാണ് ഭാഷ്യം.
ആ നിയമങ്ങളെല്ലാം ക്ഷണനേരം കൊണ്ട് ശത്രു രാജ്യം മറന്നു പോയിരുന്നു 
സൗരവ് കാലിയ എന്ന  യോദ്ധാവിന്‍റെ  വിധിക്ക് മുന്‍പില്‍ .

കാര്‍ഗില്‍ യുദ്ധസമയത് പാകിസ്ഥാന്‍  സേന ക്യാപ്റ്റന്‍ സൗരവ്  കാലിയയെ തടങ്കലില്‍ ആക്കുകയും 22(May 15, 1999 – June 7, 1999)  ദിവസം ക്രൂരമായി പീഡിപ്പിച്ചു ഒടുവില്‍  അതിക്രൂരമായി കൊല്ലുകയുമാണ്‌ ചെയ്തത്  .
1999ജൂണ്‍ 9  ന് പാകിസ്താന്‍ ,ഇന്ത്യക്ക് സൗരവിന്‍റെ മൃതദേഹം കൈമാറിയപ്പോള്‍ മാത്രമാണ് ശത്രുരാജ്യത്തിന്‍റെ ക്രൂരത പുറം ലോകം അറിയുന്നത്  .(The postmortem revealed that the Pakistan army had indulged in the most heinous acts; of burning their bodies with cigarettes, piercing ear-drums with hot rods, puncturing eyes before removing them, breaking most of the teeth and bones, chopping off various limbs and private organs of these soldiers besides inflicting all sorts of physical and mental tortures before shooting them dead, as evidenced by the bullet wound to the temple ).

ഇത് വിധിയെന്ന് കരുതി സമാധാനിക്കാന്‍ നമുക്ക് കഴിയുമായിരിക്കാം ,പക്ഷെ ഒരു അച്ഛനോ അമ്മയ്ക്കോ എങ്ങനെ സമാധാനിക്കാനാവും ?.

ശത്രുരാജ്യത്തിന്‍റെ പീഡനത്തിനു   വിധേയമായി മരിച്ചതുകൊണ്ടോ ,നിയമങ്ങളുടെ നൂലാമാലകളി ല്‍പ്പെട്ടത് കൊണ്ടോ എന്നറിയില്ല  ആ ധീര യോദ്ധാവിനെ  തേടി ഒരു ബഹുമതികളും അന്ന്  വന്നില്ല .

ഇപ്പോള്‍ വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു .എല്ലാം മറക്കുവാന്‍ പഠിച്ചു വരുന്ന  നമ്മളില്‍ പലരും   ഇതൊന്നും ഓര്‍ക്കുവാന്‍ ശ്രമിക്കാറുമില്ല.
പഞ്ചാബിലെ അമൃതസറിലെ സൗരവിന്‍റെ കുടുംബത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് അറിയാന്‍ എനിക്കും നിര്‍വാഹമില്ല .

തന്‍റെ മകന് നീതികിട്ടുവാന്‍ വേണ്ടി ആ അച്ഛന്‍ ഇപ്പോഴും ജീവിതത്തിന്‍റെ   പടികള്‍ കയറിയിങ്ങുകയാവുമോ ?.
കണ്ണീരോടെ ആ ഓര്‍മകളെ താലോലിച്ചു ആ അമ്മ ഇപ്പോഴും ജീവിതം തള്ളിനീക്കുന്നുണ്ടാകുമോ ?

കാര്‍ഗില്‍ ദിനം വീണ്ടും അരികില്‍ എത്തുമ്പോള്‍ ആ ധീര യോദ്ധാവിനെ ഇങ്ങനെ അക്ഷരങ്ങളിലൂടെയെങ്കിലും സ്മരിക്കാം. 

കാര്‍ഗില്‍ ഓര്‍മ്മകള്‍ തരുന്ന ധീര സ്മരണകള്‍ ഇനിയും .....

ഓരോ ജൂലൈ 26 കണ്ണീര്‍ മഴയായി പൊഴിഞ്ഞു വീഴുമ്പോഴും നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം  ഈ മുഖങ്ങള്‍ ......വേര്‍ പിരിഞ്ഞു  പോയവര്‍ക്ക് ഒരിറ്റു കണ്ണീര്‍  പൂക്കള്‍ അര്‍പ്പിക്കാം ,വിജയ ശ്രീലാളിതരായവര്‍ക്ക് ആശംസകളും .


എങ്കിലും ഞാന്‍ ആഗ്രഹിച്ചുപോകുന്നു ഈ യുദ്ധമൊന്നും ഇല്ലാതിരുന്നുവെങ്കില്‍ എന്ന് ...........

ഭാരത്‌ മാതാ കീ  ജയ്........ 






കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍







Sunday, July 24, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...........(1)


"ശ്രീനഗറില്‍  കാല്‍വെക്കുന്നതോടു  കൂടി ഭാരതത്തില്‍ നിന്നും വിദൂരസ്ഥമായ, വ്യത്യസ്തമായ  ഏതോ ഒരു വിചിത്ര നഗരിയില്‍ പ്രവേശിച്ചതുപോലെയുള്ള  ഒരു പ്രതീതി ഉളവാകുന്നു. പുതിയ ഭൂപ്രകൃതി,പുതിയ ഭാഷ ,പുതിയ സംസ്ക്കാരം ,പുതിയ വസ്ത്രധാരണ രീതി , പുതിയ ആചാരങ്ങള്‍-നമ്മുടെ വിചാരങ്ങള്‍ക്ക്‌ പോലും പുതുമ തോന്നുന്നു.നമ്മള്‍ ആകപ്പാടെ പരുങ്ങുന്നു.ലോകത്തിലെ ഏറ്റവും  മനോഹരമായ ഒരു പ്രദേശത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന് അഭിമാന സമ്മിശ്രമായ ഒരു ബോധം നമ്മിലുദിക്കുകയും  ചെയ്യുന്നു ....."



----കാശ്മീര്‍ (രാജവാഴ്ച്ചയില്‍ )എസ .കെ പൊറ്റക്കാട്‌ 

ചിനാര്‍ മരങ്ങള്‍ക്കിടയിലൂടെ ............... 
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍....... 




ഇത് ശ്രീനഗര്‍-


ശ്രീ-എന്നാല്‍ സൂര്യന്‍       നഗര്‍ -എന്നാല്‍ നഗരം  
  
 സൂര്യ നഗരം  


ആകാശ കാഴചയില്‍ ശ്രീനഗര്‍ വളരെ  മനോഹരിയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വാരം .
മഞ്ഞനിറം വാരി വിതറി പൂത്തുലഞ്ഞു നില്‍ക്കുന്ന കടുകുപാടങ്ങള്‍,നിര നിരയായി വളരെ ഭംഗിയായി അടുക്കി വെച്ചതുപോലെയുള്ള വൃക്ഷങ്ങള്‍,വിവിധ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ പോലെ  വീടുകള്‍ .


ഡല്‍ഹിയില്‍ നിന്നും യാത്ര തുടങ്ങിയത് മുതല്‍ ഉള്ളിലെവിടെയോ ആവേശത്തിന്‍റെ ഒരു തിര തള്ളല്‍.
ഇത്‌ ഒരു ജന്മസാഫല്യം.......എത്രയോ വര്‍ഷങ്ങളായി ആഗ്രഹിച്ചതാണ്‌കാശ്മീര്‍ലേക്ക് ഒരു യാത്ര.
ഓരോ പ്രാവിശ്യവും ഓരോ തടസ്സങ്ങള്‍ .പിന്നെ ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍ അല്‍പ്പസ്വല്‍പ്പം അസ്വസ്ഥതകളും ഉണ്ടായിരുന്നല്ലോ.


.ശ്രീനഗര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍  ഒരു മായിക ലോകത്ത് എത്തിയ  പ്രതീതി .ഭൂമിയിലെ സ്വര്‍ഗത്തിലാണ് നില്‍ക്കുന്നതെന്ന ഒരു ആശ്ചര്യം .....അഭ്രപാളികളിലും ,ഫോട്ടോയിലും  മാത്രം കണ്ടിട്ടുള്ള മനോഹര നഗരം നേരിട്ട് കണ്ടപ്പോള്‍ അതിന് ഭാഗ്യം തന്ന ആ അദൃശ്യ ശക്തിയോട് ഒരു നിമിഷം ഞാന്‍ മനസ്സ് നിറഞ്ഞു നന്ദി പറഞ്ഞു .
ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 

  അന്നേദിവസം ശ്രീനഗറിലെ താപനില 5 ഡിഗ്രീസെല്‍ഷ്യസ്സ് .നേരിയ മഴ പെയ്യുന്നുണ്ട് .തണുപ്പിന്‍റെ പുതപ്പണിയാന്‍    സമയമായി.
ഡല്‍ഹിയിലെ 40ഡിഗ്രീ ചൂടില്‍ നിന്നും കാശ്മീരിലെ  5 ഡിഗ്രീ തണുപ്പിലേക്ക് .
 പക്ഷെ തണുപ്പിന്‍റെ കാഠിന്യം  അത്ര കണ്ടു  തോന്നിയില്ല....എന്താണാവോ ?


ഖാസി അങ്കിള്‍ പറഞ്ഞപ്രകാരം എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പ്രീ പെയിട് ടാക്സി ഏര്‍പ്പാട് ചെയ്തു.  ഹസ്രത് ബാല്‍ ആണ് പോകേണ്ടത്.
ടാക്സിയില്‍ കയറും മുന്‍പേ മഞ്ഞുമഴ എന്നെ നനച്ച് ആവേശത്തോടെ  പെയ്തു തുടങ്ങി . തണുപ്പിന്‍റെ നേരിയ തലോടല്‍ .....എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര തുടങ്ങിയത്  മുതല്‍ ഡ്രൈവര്‍ പലതും സംസാരിക്കുന്നുണ്ട്.ഇന്ന് കാലത്തെ തുടങ്ങിയ മഴയാണത്രേ.മഴയില്‍   നനഞ്ഞ ശ്രീ നഗറിന്‍റെ   വഴികള്‍  പിന്നിട്ട് കാര്‍ പോയ്‌  കൊണ്ടേയിരുന്നു. 
ചില്ലുജാലകം തുറക്കുന്നതും കാത്ത് തണുപ്പിന്‍റെ ആയിരം  കൈകള്‍ 


ഓരോ കവലകള്‍  പിന്നിടുമ്പോഴും ഡ്രൈവര്‍ സ്ഥല വിവരണം നല്‍കുന്നുണ്ട് .മഞ്ഞു കാലം കഴിഞ്ഞതെയുള്ളൂ .വഴിയോരങ്ങളില്‍ മിക്ക മരങ്ങളും ഇല കൊഴിച്ചു നില്‍ക്കുന്നു .ഇനി തളിരിട്ടു പൂവിടണം .ചിലത് തളിര്‍ത്തു തുടങ്ങിയിട്ടുണ്ട് ,മറ്റു ചിലത്  മഞ്ഞയും ,വെള്ളയും ,പിങ്കും നിറങ്ങളില്‍ പൂക്കള്‍ നിറച്ചു നില്‍ക്കുന്നു.ഇതില്‍ തായിരിക്കും   ചിനാര്‍ മരങ്ങള്‍ ?.

മഴയില്‍ നനഞ്ഞ ശ്രീനഗര്‍ ഏറെ സുന്ദരിയാണെന്ന് എനിക്ക് തോന്നി, നനഞ്ഞ ഒരു കാശ്മീരി പെണ്‍കൊടിയെപ്പോലെ.........

ഈ മഴയിലും,മരം കോച്ചുന്ന തണുപ്പിലും  പാതയോരങ്ങളില്‍  അങ്ങിങ്ങ് തോക്കേന്തിയ സുരക്ഷാ ഭടന്മാരെ കാണാം.രക്തം പോലും ഉറഞ്ഞു പോകുമെന്ന് തോന്നുന്ന  ഈ തണുപ്പില്‍  നമ്മുടെ  രാജ്യത്തിന്  വേണ്ടി നിസ്വാര്‍ഥ സേവനം ചെയ്യുന്ന ആ ധീര ജവാന്മാരേ നമുക്ക് നമിക്കാം.....!.  തുടക്കത്തില്‍ ഈ കാഴ്ചകള്‍ എന്നില്‍ അത്ഭുതവും ,ആകാംഷയും ജനിപ്പിച്ചെങ്കിലും പിന്നീടുള്ള ഓരോ ദിവസങ്ങളിലും കാശ്മീരിന്‍റെ 
 നിശ്വാസം  പോലെ  കണ്മുന്പിലെ കാഴ്ചകള്‍ ഓരോന്നും എന്‍റെ  ജീവിതത്തിന്‍റെ ഭാഗമാകുന്നത് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു , കാശ്മീരിന്‍റെ സ്വപ്നങ്ങള്‍ എന്‍റെയും സ്വപ്നങ്ങള്‍ ആയ  നിമിഷങ്ങളില്‍  ഒക്കെയും .   


വഴിയോരങ്ങളില്‍   എനിക്ക് വേണ്ടി  പൂവിട്ട മരങ്ങള്‍ 

ഈ മനോഹര ഭൂപ്രദേശത്തിന് കനിഞ്ഞ്  നല്‍കിയ ആ സൗന്ദര്യം   ഇവിടുത്തെ മനുഷ്യര്‍ക്കും  അതേ പടി ദൈവം കൊടുത്തിട്ടുണ്ട്‌ .വെളുത്ത് ചുവന്ന് സുന്ദരമായ  മുഖങ്ങള്‍ .മുന്‍പില്‍ മിന്നി മറയുന്ന മനോഹര മുഖങ്ങളില്‍ ഒന്നും തണുപ്പിന്‍റെകാഠിന്യമോ ,കാശ്മീരിന്‍റെ സംഘര്‍ഷങ്ങളോ കാണുന്നില്ല . 
എങ്കിലും മനോഹരമായ  ആ    മുഖങ്ങളിലെ  ,പ്രതീക്ഷയുടെ ഉറവ വറ്റാത്ത കണ്ണുകളുടെ ആഴങ്ങളിലെവിടെയോ മഞ്ഞുപോലെ ഉറഞ്ഞു കിടക്കുന്ന    വല്ലാത്ത ഒരു നിര്‍വികാരത എനിക്ക് വായിക്കുവാന്‍ കഴിയുന്നു .ഒരു പക്ഷെ അത് എന്‍റെ തോന്നലാകാം .
ദൂരെയുള്ള  മല നിരകള്‍ മൂടല്‍ മഞ്ഞുകാരണം തെളിച്ചമില്ലാതെ കാണുന്നു.മഴ മാറി നിന്നാല്‍  കാഴ്ചകള്‍ ഇതിലും മനോഹരമാകുമെന്ന് ഡ്രൈവര്‍ ഇടയ്ക്കു പറയുന്നുണ്ട്. 
കാശ്മീര്‍ന്‍റെ  ആദ്യ ഷോട്ടുകള്‍ ക്യാമറയില്‍  പകര്‍ത്താന്‍ വല്ലാതെ കൊതി തോന്നി.കാറിന്‍റെ വിന്‍ഡോ ഗ്ലാസ്‌ പതുക്കെ താഴ്ത്തി. പുറത്തു നല്ല തണുപ്പ്.വിചാരിച്ചതുപോലെയല്ല. അല്‍പ്പം താഴ്ത്തിയ  ഗ്ലാസ്സിന്‍റെ  
വിടവിലൂടെ  കുറച്ചു മഞ്ഞുതുള്ളികളും കൊണ്ട് തണുത്തൊരു കാറ്റ് അകത്തേക്ക്  .....ആദ്യം എന്നെ കണ്ട് അല്‍പ്പം മടിച്ചു  നിന്ന അവന്‍ ഒരു കള്ള കാമുകനെപ്പോലെ   ആ തണുത്ത കൈകളാല്‍ എന്നെ അടക്കം പുണര്‍ന്നു ,അക്ഷരാര്‍ഥത്തില്‍ ഒന്ന്  പരിഭ്രമിച്ചു പോയെങ്കിലും   പെട്ടെന്ന് രണ്ട് സ്നാപ്പുകള്‍ എടുത്തിട്ട് ഞാന്‍  വിന്‍ഡോ ക്ലോസ്സ് ചെയ്തു.

പുറത്ത് മഴ പെയ്തുകൊണ്ട് ഇരിക്കുകയാണ് .നാട്ടിലേക്കൊന്നു വിളിക്കണമെങ്കില്‍ ഏതെങ്കിലും ടെലിഫോണ്‍ ബൂത്തില്‍ കയറണം.കാശ്മീര്‍ സ്റ്റേറ്റ് കടന്നാല്‍ പിന്നെ ഒരു പ്രീ പയെഡ് ഫോണുകളും വര്‍ക്ക്‌ ചെയ്യില്ല .പുതിയ ഒന്ന്സംഘടിപ്പിക്കാമെന്ന് വെച്ചപ്പോള്‍അതൊന്നു ശരിയായി കിട്ടാന്‍ കുറഞ്ഞത്‌  അഞ്ചു ദിവസമെങ്കിലും എടുക്കും.പുറത്തേക്ക് ഒന്ന് ഇറങ്ങുവാന്‍ തണുപ്പ് ഒട്ട് അനുവദിക്കുന്നുമില്ല  .

ശരീരം വല്ലാതെ വിറക്കുന്നുണ്ടെന്ന്തോന്നി .വിന്‍ഡോ തുറന്ന ശേഷമാണ് തണുപ്പിന്  ഇത്ര രൂക്ഷത.സ്വെട്ടെര്‍ പെട്ടിയില്‍ നിന്നും എടുക്കുവാന്‍ പറ്റിയില്ല .
അന്നോളം ഞാന്‍ ഇത്ര മേല്‍ തണുപ്പ് അറിഞ്ഞിട്ടില്ല ചുണ്ടുകള്‍ വിറക്കുന്നത് കാരണം പറയുവാന്‍ ഉദ്ദേശിക്കുന്ന വാക്കുകള്‍ ഒന്നും പുറത്ത് വരുന്നില്ല.എങ്കിലും ഈ തണുപ്പിനു ഒരു സുഖമുണ്ട്......... .തരളിതമായ ഏതോ കൈകളില്‍ കിടന്നുറങ്ങുമ്പോള്‍ നനച്ചു കൊണ്ടൊരു മഞ്ഞു മഴ പെയ്തിറങ്ങുന്ന ഒരു പ്രതേക സുഖം,മനസ്സില്‍ മഞ്ഞുപൂക്കുമ്പോള്‍  ആ സുഖത്തിന്‌ ഇരട്ടി മധുരം . വെളിയില്‍  പിന്നിലേക്ക്‌ ഓടി മറയുന്ന പുറം കാഴ്ചകളില്‍ നോക്കി ഒരു പ്രണയ ആലസ്യത്തിലെന്ന പോലെ  ഞാന്‍ അറിയാതെ മയങ്ങി. പാതയോരങ്ങളില്‍ ,മഞ്ഞു മഴ  പെയ്തിറങ്ങുന്ന  മരങ്ങളെ പിന്നിട്ടു കാര്‍ ഹസ്രത്  ബാല്‍ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു.അങ്ങ് ദൂരെ ദല്‍ തടാക  ത്തെഴുകി  വീശിയ ഒരു തണുത്ത കാറ്റ് വഴിയോരത്തെവിടെയോ എന്നെയും കാത്തു നിന്നു.........ചരിത്രവും ,പ്രണയവും,വിരഹവും,വേദനകളും,വേര്‍പാടുകളും ...........നിറഞ്ഞ ഒരുപാട് കഥകള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ .............


പേരറിയാത്ത  പൂക്കള്‍ ....ഇവരും വിരിഞ്ഞു എനിക്ക് വേണ്ടി 

കൃത്യം 11 : 30 ഹസ്രത് ബാല്‍ എത്തി . മുന്‍പ് പറഞ്ഞിരുന്ന പ്രകാരം ഫയാസ് ഭായി വീടിന്‍റെ  ഗൈറ്റിനു  മുന്‍പില്‍   ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു .കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ തണുപ്പ് അസ്സഹനീയം ,ദേഹമെല്ലാം വിറ ക്കുന്നതുപോലെ.മനസ്സിന്‍റെ ആസ്വാദനം ശരീരം തിരിച്ചറിയുന്നില്ലല്ലോ എന്ന് വിഷമം തോന്നി.
പലപ്പോഴും ഈ ശരീരം ഇങ്ങനെയാണ് ....മനസ്സിന്‍റെ  വികാരത്തോട് പോരുത്തപ്പെട്ടു പോകാറില്ല  .

ഫയാസ്  ഭായിയുടെ  ഭാര്യ നഗീന്‍ പുഞ്ചിരിക്കുന്ന മുഖവുമായി മുന്‍പില്‍ .
ഒരു വിധം ഹിന്ദി സംസാരിക്കുന്നുണ്ട് ഫയാസ് ഭായി ,എന്നാല്‍ നഗീന്‍ പറയുന്നത്  ശുദ്ധ കാശ്മീരി ഭാഷ ,ഒരു അക്ഷരം പോലും മനസ്സിലാകുന്നില്ല .

തറയില്‍ ഭംഗിയായി വിരിച്ചിട്ട കാര്‍ പെറ്റില്‍ കിടക്കുന്ന  കമ്പിളി പുതപ്പിനുള്ളില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ ചുരുണ്ട് കൂടാന്‍ എനിക്കപ്പോള്‍ തോന്നി.തണുപ്പില്‍ ഞാന്‍ വിറക്കുന്നത്കണ്ടിട്ടാകണം നഗീന്‍ ഒരു ഡ്രസ്സ്‌ എന്നെ ഇടുവിച്ചു .കശ്മീര്‍ പരമ്പരാഗത വേഷമായ  ഫിരണ്‍ ആയിരുന്നു അത് .കാങ്കിടി (നെരിപ്പോട്kangri or kangar or kangir)എന്‍റെ അടുത്തു നീക്കി വെച്ചിട്ട് അതിന് മുകളില്‍ കൈകള്‍ പിടിക്കാന്‍ ആംഗ്യ  കാട്ടി..ഭാഷയുടെ അതിര്‍ വരമ്പുകള്‍ നഗീനെയും എന്നെയും അകറ്റി നിര്‍ത്തുമ്പോലെ .നഗീന്‍ എന്തെല്ലാമോ ഫയാസ് ഭായിയോട് പറയുന്നുണ്ട് ,പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.ഓരോന്ന് പറയുമ്പോളും നഗീന്‍ ദയനീയ മായി എന്നെ നോക്കുകയും സ്വന്തം മുഖം അവരുടെ തോളോട് ചരിച്ചു ഒരു ഭാവം  പ്രകടിപ്പിക്കുന്നുമുണ്ട്,ആ ഭാവത്തിന്റെ അര്‍ത്ഥം ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല.  
 ചില ഭാവങ്ങള്‍,ചില വികാരങ്ങള്‍  അങ്ങനെയാണ് ഭാഷകള്‍ക്ക് അതീതമായി പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിയാത്ത  എന്തെല്ലാമോ അത് ഉള്‍ക്കൊള്ളുന്നു .


സമയം ഉച്ചയോടു അടുക്കുന്നു .നഗീന്‍ വെച്ച് വിളമ്പിയ ബസുമതി റൈസ് കൊണ്ട് ഉണ്ടാക്കിയ ചോറും അധികം എരിവും ,മസാലയും ചേര്‍ക്കാതെ  പാചകം ചെയ്ത ,ചിക്കന്‍   കറിയുമായിരുന്നു ഉച്ച ഭക്ഷണം .
പുറത്തേക്കു ഇന്നിനി പോകുവാന്‍ വയ്യ .മഴ പെയ്തുകൊണ്ടിരിക്കുകയാണ്.തണുപ്പ് അസ്സഹനീയം.

ഫയാസ് ഭായിയുടെ ഇളയ മകന്‍ ഷാഹിദ് പ്ലേ സ്കൂളില്‍ നിന്നും എത്തി .നല്ല ചുവന്ന  ആപ്പിള്‍ പോലെ തുടുത്തകാശ്മീരി കുട്ടി  .....അവന്‍റെ  കവിളുകളില്‍ റൂഷ് ഇട്ടതു പോലെ ചുവന്നിരിക്കുന്നു പുഞ്ചിരിക്കുമ്പോള്‍ ആ ചുവപ്പ്  കൂടുതല്‍ തെളിഞ്ഞു വരുന്നു.കാന്കിടിയും അരികില്‍ വെച്ച് കമ്പിളി ക്കിടയില്‍ ഇരിക്കുന്ന ഞങ്ങളെ ഏതോ അന്യ ഗ്രിഹ ജീവികളെ എന്ന പോലെ അവന്‍ മാറി മാറി നോക്കി .കൈകാട്ടി ഞാന്‍ അരികിലേക്ക് വിളിച്ചപ്പോള്‍ അപരിചിതത്വത്തിന്‍റെ മറ മെല്ലെ നീക്കി എന്നോടവന്‍ പുഞ്ചിരിച്ചു ,ഞാനും......ചിരിക്കാന്‍ ഭാഷ  വേണ്ടല്ലോ ....


വൈകുന്നേരം ആയപ്പോഴേക്കും സ്കൂള്‍ വിട്ടു ഫയാസ് ഭായിയുടെ മറ്റു രണ്ട് മക്കളും എത്തി .
 വീട്ടില്‍ എത്തിയ അതിഥികളെ കാണാന്‍ തിരക്കിട്ട് അവര്‍ റൂമിലേക്ക് ഓടിവന്നു  .ഷാഹിദ് എന്ന കൊച്ചു മിടുക്കന്‍ അപ്പോഴേക്കും ഞങ്ങളോട് കൂടുതല്‍ പരിചയ ഭാവം നടിച്ചു ന്‍റെ ചേട്ടന്‍റെയും ,ചേച്ചിയുടെയുംമുന്‍പില്‍ ഒരു കൊച്ചു ഹീറോ ആയി ചമയുകയായിരുന്നു.  

കളിയും ചിരിയുമായി ശ്രീ നഗറിലെ ആദ്യരാത്രി .......വികാരങ്ങളേപ്പോലും മരവിപ്പിക്കുന്ന ആ തണുപ്പില്‍ ചില വേളകളില്‍ ഉറക്കം പോലും, എന്നെ തൊട്ടാല്‍ തണുക്കുമോ എന്ന്‌ ഭയന്ന് മാറിനില്‍ക്കും പോലെ .ആ രാത്രി തോരാതെ പെയ്ത മഴയില്‍ നനഞ്ഞു ഉറങ്ങുന്ന ശ്രീനഗറിനോടൊപ്പം എപ്പോഴോ ഞാനും  ഉറങ്ങി.

കാലത്ത്  എഴുന്നേറ്റപ്പോള്‍ പതിവിലും വൈകി .തണുപ്പും ,യാത്ര ക്ഷീണവും ആകെ ഒരു പരുവത്തില്‍ ആക്കിയതു പോലെ .മഴയുടെ  നേരിയ മര്‍മ്മരം അപ്പോഴും പുറത്തു കേള്‍ക്കാം .കമ്പിളിയില്‍  നിന്ന് പുറത്തേക്കു ഇറങ്ങുവാന്‍ മടി .തണുപ്പ് എനിക്കേറെ ഇഷ്ട്ടമാണ് ....എങ്കിലും ഈ തണുപ്പ് ...... .

പൈപ്പിലെ വെള്ളം കൈവിരലുകളെ മരവിപ്പിച്ചു.അടുക്കളയിലേക്കു കയറിയപ്പോള്‍ആ പതിവ് പുഞ്ചിരിയുമായി നഗീന്‍ കാശ്മീരിയില്‍ എന്തോ  ചോദിച്ചു ........."ബാബി ......"എന്ന വാക്ക് മാത്രം എനിക്ക് മനസ്സിലായി .
എന്ത് ചോദിക്കണം..?എന്ത് പറയണം..?
ചോദ്യങ്ങളും ഉത്തരങ്ങളും വിവിധ ഭാവങ്ങളിലുള്ള പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ ആ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു.

കാശ്മീരിലെ ആചാരങ്ങളും ,അനുഷ്ട്ടാനങ്ങളും അടുത്തറിയണമെങ്കില്‍ ഇത്തരം ഭവനങ്ങളില്‍ ചെല്ലണം .
വളരെ മനോഹരമായി തോന്നി ആ അടുക്കള ,.തറയിലൊക്കെ കാര്‍പെറ്റ് വിരിച്ച്  പാചകം പോലും തറയില്‍ ഇരുന്ന്.
കുറച്ചു പാത്രങ്ങള്‍ ,ഭംഗിയായി  അടുക്കി വെച്ചിരിക്കുന്നു.കൂട്ടത്തില്‍ ഞാന്‍ ഒരു "ഹുക്കയും"(hookah ) കണ്ടു.സത്യത്തില്‍ ചില സിനിമകളില്‍ ആണ് ഇത്തരം ഹുക്കകള്‍ ഞാന്‍ കണ്ടിട്ടുള്ളത് , രാജാക്കന്മാര്‍ ചില  നൃത്ത സദസ്സുകളില്‍ ഇതും വലിച്ചുകൊണ്ട് നൃത്തം ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട് . ഈ തണുപ്പില്‍ ഇവിടുത്തുകാര്‍ക്ക് മനസ്സിനും ശരീരത്തിനും ചൂടേകാന്‍ ഹുക്ക തന്നെ നല്ലതെന്ന്  എനിക്ക് തോന്നി .


"നമ്കിന്‍ .....ചായ് "എന്ന് പറഞ്ഞു ഒരു കപ്പില്‍ നഗീന്‍ എനിക്ക് ചായ പകര്‍ന്നു.പഞ്ചസാരക്ക് പകരം ഉപ്പ് ചേര്‍ത്ത ചായ ആണ് "നമ്കിന്‍ ".
കാശ്മീര്‍ പ്രഭാതങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെയുള്ള ഒരു  "നമക്  ടീ " യില്‍ നിന്നുമാണ്.രുചികരമായി ഞാന്‍ നമ്കിന്‍ "ആസ്വദിച്ചു" കുടിക്കുന്നത് കണ്ടിട്ടാകണം നഗീന്‍ നാല് കപ്പുകളും ഒരു ഫ്ലാസ്കില്‍ മധുരം ചേര്‍ത്ത ചായയും, റൂമില്‍ വേഗം എത്തിച്ചത്.
ഇവിടെ ഇവര്‍ പാകം ചെയ്യുന്ന മിക്ക ഭക്ഷണങ്ങളിലും ഉപ്പിന്റെ ഉപയോഗം കൂടുതലായി എനിക്ക് തോന്നി .


 യൂണിവേഴ്സിറ്റി   കാമ്പസിലെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് കുട്ടികള്‍ പഠിക്കുന്നത് ,അത് കൊണ്ട്  ചില  ഹിന്ദി, ഇംഗ്ലീഷ് വാക്കുകളില്‍ പിടിച്ചു കയറി കുഞ്ഞുങ്ങളോട് ഞാന്‍ വളരെ പെട്ടെന്ന് അടുത്തു.വീടിന്‍റെ ബാക്ക്യര്‍ഡില്‍ നില്‍ക്കുന്നത് അപ്പിള്‍ മരമാണെന്നും  തണുപ്പിനു "തീര്‍"എന്നാണ് കാശ്മീരിയില്‍  പറയുക എന്നും മുന്തസിര്‍ എന്ന രണ്ടാം ക്ലാസ്സുകാരനാണ് എന്നെ പഠിപ്പിച്ചത് .അവന്‍റെ അനുജത്തി, അര്‍ബിന എന്ന  സുന്ദരിക്കുട്ടി എല്‍ .കെ .ജി യില്‍ പഠിക്കുന്നു  വളരെ മധുരമായ ശബ്ദമാണ് അര്‍ബിനയുടെത് .ആ തണുപ്പില്‍ അവരോടു സംസാരിക്കാന്‍ ചില ഹിന്ദി  വാക്കുകള്‍ക്കു വേണ്ടി  ഞാന്‍ തപ്പിത്തടയുമ്പോള്‍  ഇടക്കിടെ അവള്‍ എന്നോട് ചോദിക്കും., മധുരമായ സ്വരത്തില്‍ "ടണ്ടി....ലഗി........?".  എന്‍റെ മറുപടി "ഉം ഉം ...."എന്നും .
ഏത് നാട്ടിടും ,ഏത് ഭാഷയിലും "ഉം ...."എന്ന മൂളലിനു വല്യ അര്‍ദ്ധ വ്യത്യാസമില്ലല്ലോ .ടോണ്‍ അല്‍പ്പം മാറ്റി ഏത് അവസരത്തിലും,ഏത് വികാര പ്രകടനങ്ങള്‍ക്കും  ഈ മൂളല്‍ നമുക്ക് പ്രയോഗിക്കാം എന്നത്  പല അവസരങ്ങളിലും എനിക്ക് വലിയ ആശ്വാസമായി ,പ്രത്യേകിച്ച് നഗീന്‍റെ  കശ്മീരിഭാഷയുടെ  മുന്‍പില്‍ കിടന്നു ചക്ര ശ്വാസം വലിച്ച സമയങ്ങളില്‍ ഒക്കെയും .


മരപ്പലകകള്‍ പാകിയ ഒരു മൂന്നു നില കെട്ടിടമാണ് ഖാസി അങ്കിളിന്‍റെ  വീട്  .പുല്‍ത്തകിടികള്‍ പാകിയ വിശാലമായ മുറ്റവും ,ആപ്പിള്‍ ,പീച്ച് ,അക്രൂട്ട് (വാല്നട്ട്  ) തുടങ്ങി സ്ട്രോബെറി ,സവാള,ഉരുളക്കിഴങ്ങ്‌ കടുക് എല്ലാം സമ്രിദ്ധമായി  ഉള്ള ഒരു ബാക്ക്യാര്‍ഡും  ചേര്‍ന്ന ഒരു സ്വപ്ന സുന്ദര ഭവനം.

വീണ്ടും  ഒരു വസന്തം  വിരിയിച്ച്  ആപ്പിള്‍ മരം 


വീടിന്‍റെ വാതില്‍ തുറന്നു ഞാന്‍ പുറത്തേക്ക് ഇറങ്ങി മുന്‍തസിറും,അര്‍ബിനയും കൂടെയുണ്ട് .ആപ്പിള്‍ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു . മനാലി,ഷിംല  യാത്രകളില്‍ ആണ് അപ്പിള്‍ മരങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളത് .യാത്രകള്‍ മിക്കതും ഏപ്രില്‍ മാസം ആയതിനാല്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാനാനുള്ള ഭാഗ്യമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ.ഇപ്പോള്‍ ദാ ഇവിടെയും നിറയെ പൂത്തുലഞ്ഞ ആപ്പിള്‍ മരം.ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളാണത്രെ ആപ്പിള്‍ സീസണ്‍ .നാട്ടില്‍ ആപ്പിള്‍ മരങ്ങള്‍ ഇല്ല എന്ന് പറയുമ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതം ."നാരിയല്‍ പേട്"നിറയെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അത് എങ്ങനെയെന്നു വരച്ചു കാണിക്കണം എന്നായി അവര്‍.എന്‍റെ ചിത്ര രചനയിലുള്ള പ്രാവിണ്യം മാറ്റുരക്കാന്‍ പറ്റിയ സമയം. ഇന്നേ വരെ ആരും എന്നോട് ഒരു പൂവിന്‍റെപടം പോലും വരച്ചു കാണിക്കാന്‍ ആവശ്യ പെട്ടിട്ടില്ല .മുന്തസിര്‍ എവിടെ നിന്നോ ഒരു വെള്ള പേപ്പറും പേനയുമായി ഓടി വന്നു .അങ്ങനെ നമ്മുടെ തെങ്ങിന്‍റെ ചിത്രം ഞാന്‍ വരച്ചു തുടങ്ങി ,ആദ്യം ഒറ്റത്തടി,പിന്നെ ഓലകള്‍ ,തേങ്ങകള്‍ കൂടി വരക്കണം എന്നുണ്ടായിരുന്നു. രണ്ട് ഓല എത്തിയപ്പോഴേക്കും കുട്ടികള്‍ "യെ കൊക്കോ നട്ട് ട്രീ ഹേ?......കൊക്കോ നട്ട് ട്രീ" എന്ന് ബഹളമ വെച്ചത് കാരണം ആ ശ്രമം പാതി വഴിയില്‍ ഞാന്‍ ഉപേക്ഷിച്ചു .പിന്നെ പ്ലാവ്...ചക്ക ഒക്കെ എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു .ഞാന്‍ വരച്ച "പ്ലാവില്‍ "കിടക്കുന്ന ചക്കകള്‍ കണ്ട് "ഇതനാ ബഡാ    ഫ്രൂട്ട്     ........!"എന്ന് അവര്‍ ഒച്ച വെക്കുമ്പോള്‍ എന്‍റെ ഒന്നോ രണ്ടോ വരകളില്‍  അത് ജാക്ക് ഫ്രൂട്ട് ആണെന്ന് അവര്‍ക്ക് മനസ്സിലായല്ലോ എന്ന് ഞാന്‍ ആത്മ സംതൃപ്തി അടയുകയായിരുന്നു.

നിറഞ്ഞു പൂത്ത്  നില്‍ക്കുന്ന ആപ്പിള്‍ മരം ചൂണ്ടിക്കാണിച്ചു മുന്തസിര്‍  എന്നോട് പറഞ്ഞു "ആപ്പിള്‍ കൂല്‍ ..." ."കൂല്‍" എന്നാല്‍ കഷ്മിരിയില്‍ "മരം" എന്ന് അര്‍ത്ഥം  .ഞാന്‍ അതേ പോലെ ആ വാക്കുകള്‍  അവരോടൊപ്പം ഏറ്റു പറഞ്ഞു "ആപ്പിള്‍ കൂല്‍...." 
കുഞ്ഞുങ്ങള്‍    രണ്ട് പേരും  ഉറക്കെ ചിരിച്ചു .........,  ഭാഷക്കും, ദേശത്തിനും അപ്പുറം എല്ലാം മറന്ന് ചിരിക്കുന്ന നിഷ്ക്കളങ്ക  ബാല്യം....
ഈ ചിരികളില്‍സംഘര്‍ഷങ്ങള്‍ ഇല്ല ....ഇവരുടെ ചിരിക്ക് ഭാഷയില്ല ...എനിക്കിവരെ അറിയാന്‍ ഒരു ഭാഷയുടെയും ആവശ്യമില്ല ."ഈ മനസ്സുകളില്‍ ഒരിക്കലും വിഷം പുരളാതിരിക്കട്ടെ ......കാശ്മീരിന്റെ മണ്ണില്‍ ചിരിക്കുന്ന ഈ ബാല്യങ്ങള്‍ക്ക്‌ നല്ലത് മാത്രം വരുത്തണേ....  എന്ന് പ്രാ ര്‍ത്ഥിക്കുമ്പോള്‍" ആ ചിരികള്‍ക്കിടയിലും എന്തിനായിരുന്നു എന്‍റെ  മാത്രം കണ്ണുകള്‍ നിറഞ്ഞത്‌ .....?



ഉച്ചക്കുശേഷം ദര്‍ഗയില്‍ പോകാമെന്ന് നഗീന്‍  തന്നെയാണ് പറഞ്ഞത് .
ദര്‍ഗയെന്നാല്‍ ഹസ്രത് ബാല്‍ മോസ്ക്ക് (ശ്രീ മേജര്‍  രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന സിനിമയില്‍ ആണ് ഞാന്‍  hazratbal shrine  [Arabic word Hazrat, meaning holy or majestic, and the Kashmiri word bal, meaning place ].മുന്‍പ് കണ്ടിട്ടുള്ളത് )   ഖാസി അങ്കിളിന്റെ വീട്ടില്‍  നിന്നും നടന്നു  പോകുവാനുള്ള ദൂരം മാത്രം .വീട്ടില്‍ നിന്നാല്‍ പള്ളിയിലെ ബാങ്ക് വിളി വളരെ വ്യക്തമായി കേള്‍ക്കാം.പോകുന്ന വഴികളില്‍ അവിടെയും ഇവി ടെയുമൊക്കെ സുരക്ഷാ ഭടന്മാര്‍ .മഴയുടെ നേരിയ തലോടല്‍ അപ്പോഴും .ഫിരന്‍ ധരിച്ചു ഒരു കാശ്മീരി വനിതയെപ്പോലെയാണ് ഞാന്‍ ആവഴികള്‍ നടന്നത്.തണുപ്പ് അപ്പോഴും അതേ പടി എന്നോടൊപ്പം ഉണ്ട്.ഹസ്രത് ബാലിന്‍റെ  ഏകദേശ അടുത്താണ്   ജമ്മു ആന്‍ഡ്‌ കാശ്മീര്‍ യൂണിവേഴ്സിറ്റി.
ഹസ്രത്  ബാല്‍ -മഴമാറിനിന്ന ഒരു പകല്‍ എടുത്ത ചിത്രം -


ദൂര കാഴ്ചയില്‍ തന്നെ മനോഹരമാണ് ആ ദേവാലയം. ആ മനോഹര കാഴ്ചകള്‍  കണ്ണിനോടു അടുക്കുംതോറും ഒരു ദിവ്യ ഗീതം മനസ്സിലൂടെ ഒഴുകുന്ന പ്രതീതി. 
വഴിയോരങ്ങളില്‍ ആകാശം തൊട്ടു നില്ക്കുന്നത് ചിനാര്‍ മരങ്ങളാണെന്ന് ഫയാസ് ഭായി പറഞ്ഞു .വര്‍ഷങ്ങള്‍ പ്രായമുള്ള വൃക്ഷങ്ങള്‍.കാശ്മീരിന്‍റെ ആത്മ കഥകള്‍ നെഞ്ചേറ്റുന്ന തണല്‍ മരങ്ങള്‍ 

ആത്മ നൊമ്പരങ്ങള്‍ പറയുവാനാകാതെ ചീനാര്‍ മരങ്ങള്‍.........................



.  
ലോകത്തിലെ തന്നെ പേര് കേട്ട വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ് ഹസ്രത് ബല്‍.    മദീനയിലെ പരിശുദ്ധ ദേവാലയത്തെ അനുസ്മരിപ്പിക്കുംപോലെ   മാര്‍ബിളില്‍ കൊത്തിയ  ഒരു ശില്‍പ്പ ചാതുര്യം.
ശ്രീനഗറില്‍ നിന്നും 7 കിലോമീറ്റര്‍  മാറി ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ് തീരത്ത്,നിശാറ്റ്ബാഗിന്‍റെ (മുഗള്‍ ഗാര്‍ഡന്‍) എതിര്‍ ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന  ഈ പള്ളിയിലേക്ക് റോഡ്‌ മാര്‍ഗ്ഗമോ ,നിഷാറ്റ് ബാഗില്‍ നിന്ന്ദല്‍ തടാകത്തില്‍ കൂടി  ഷിക്കാറയിലോ(അലങ്കരിച്ച തോണി) എത്തിച്ചേരാം.

 പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ "sacred hair"ഇവിടെ സൂക്ഷിക്കുന്നു .ചില വിശേഷ ദിവസങ്ങളില്‍ മാത്രം   ഇത്‌ പൊതു ജനങ്ങള്‍ക്ക്‌ കാട്ടി കൊടുക്കുന്നു .1630തില്‍ സൌദി അറേബ്യയിലെ മദീനയില്‍ നിന്നും കൊണ്ടുവരപെട്ടതാണ്  ഈ തിരുശേഷിപ്പെന്ന്   പറയപ്പെടുന്നു.ഖ്വാജാ നസ്സരുദീന്‍ ബീജാപൂരില്‍ നിന്നുമാണ് ഇത്‌ കാശ്മീരില്‍ എത്തിച്ചത് . മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ നിര്‍മ്മിച്ചതാണ് ഈ ആരാധനാലയം . ഇതിന്‍റെ  നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്   തീര്‍ത്തും മുഗള്‍  അറേബ്യന്‍ രീതിയാണ് ,നബിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മദീന ആരാധനാലയത്തിന്‍റെ   അതേ മാതൃകയില്‍,കാഴ്ചയില്‍ മദീന എന്ന്‌ തന്നെ തോന്നി പോകും .

പള്ളിയുടെ കവാടങ്ങളില്‍ മണല്‍ നിറച്ച ചാക്കുകളും, വളച്ചു വെച്ചിരിക്കുന്ന മുള്ള് വേലികളും .പ്രവേശന കവാടത്തില്‍  സുരക്ഷാഭട ന്മാര്‍ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്   .

  ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ അന്ന് ,അത്ര തിരക്കുണ്ടായിരുന്നില്ല.


 വെള്ളിയാഴ്ചകളിലെ ജുമാ  നമസ്ക്കാര   സമയത്താണ്  ഇവിടെ അനിയന്ത്രിതമായി തിരക്ക് ഉണ്ടാവുക എന്ന്‌ ഫയസ്‌ ഭായി പറഞ്ഞു.അടുത്ത വെള്ളിയാഴ്ച നമുക്കിവിടെ വരാമെന്ന് നഗീന്‍ അപ്പോള്‍ എന്നോട് ആംഗ്യ ഭാഷയില്‍ കാണിച്ചു .നഗീന്‍ പറയുന്നത്  ഏകദേശം എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് .



സ്ത്രീകള്‍ക്കും പുര്‍ഷന്മാര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക കവാടങ്ങള്‍.ഫിരന്‍ ധരിച്ചു  കശ്മീര്‍ രീതിയില്‍ ,കാശ്മീരി കുടുംബത്തോടൊപ്പം കണ്ടത് കൊണ്ടാകാം ഞങ്ങളേ പ്രത്യേക സുരക്ഷാ പരിശോധനകള്‍ക്കൊന്നും വിധേയരാക്കിയില്ല .

സമയം അഞ്ചു മണിയോട് അടുക്കുന്നു . നേരം വൈകുന്നതുകൊണ്ട് തണുപ്പ് കൂടി വരുന്നു .ഫിരനും സ്വെറ്ററും  ഷാളും ചുറ്റിയിട്ടും നന്നായി തണുക്കുന്നുണ്ട് .ചെരുപ്പ് വെളിയില്‍  ഊരി ഇട്ടശേഷം ഞാന്‍ നഗീനോടൊപ്പം പള്ളിയുടെ അകത്തേക്ക് കയറി .വിശാലമായ ഹാളില്‍ മനോഹരമായി കാര്‍പെറ്റു വിരിച്ചിട്ടുണ്ട് .പള്ളിയുടെ  അകത്തു  തണുപ്പ് അല്‍പ്പം കുറവുള്ളതുപോലെ.സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാമുറിയാണെങ്കിലും അവിടെ ഒരു ഭാഗത്ത്‌ ഒരു പുരുഷന്‍ ഇരുന്നു ഖുര്‍-ആന്‍ വായിക്കുന്നുണ്ട് .നഗീന്‍ പറഞ്ഞത് പ്രകാരം അല്‍പ്പം മാറി ഞാന്‍ നഗീനോടൊപ്പം  ഇരുന്നു.തണുപ്പിനും അതീതമായി  മനസ്സില്‍ എന്തെന്നില്ലാത്ത ഒരു കുളിര്‍മ .പ്രാര്‍ത്ഥനകള്‍ അത് എവിടെയാണെങ്കിലും മനസ്സിന് ആശ്വാസം നല്‍കും.ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചു,
 മനസ്സ്ദൈവീകമായ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ...ഉള്ളുരുകി പ്രാത്ഥി ക്കുമ്പോള്‍ നാം അറിയാതെ  കണ്ണുകള്‍ നിറയും ,മനസില്‍ നിറഞ്ഞ സങ്കടങ്ങള്‍ ദൈവം കഴുകി കളയുന്നതാകം ഈ കണ്ണുനീര്‍. 

പള്ളിയില്‍ നിന്നും തിരികെ പോകും മുന്‍പ് മനോഹരമായ ചില ദ്രിശ്യങ്ങള്‍  കാമറയില്‍ പകര്‍ത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു .തണുപ്പി ന്‍റെ കാഠിന്യം കാരണം  ബാഗ് ഒന്ന് തുറക്കുവാന്‍  പോലും കഴിയുന്നില്ല .എങ്കിലും ഞാന്‍ ക്യാമറ പുറത്തെടുത്തു .പെട്ടെന്ന് അല്‍പ്പം പിന്നിലായി വായനയില്‍ ഇരുന്ന ആ പുരുഷ രൂപം സംസാരിച്ചു തുടങ്ങി കാഷ്മീരിയും,ഇംഗ്ലീഷും,ഹിന്ദിയു കലര്‍ന്ന ഭാഷയിലാണ് സംസാരം.ദര്ഗയുടെ  ഫോട്ടോ എടുക്കുവാന്‍ പാടില്ല എന്നും,ദല്‍ തടാകത്തിന്റെ തീരത്ത്  പോയി ചിത്രങ്ങള്‍ എടുത്തു കൊള്ളുവാനും ആണ്    ആള്‍ പറഞ്ഞത് . ക്യാമറ അതേപോലെ ഞാന്‍ ബാഗില്‍ തിരികെ വെച്ചു .പള്ളിയിലെ ആരെങ്കിലും ആകും .അല്ലെങ്കില്‍ ഇന്നാട്ടുകാരില്‍ ഒരാള്‍  .ഇത് കാശ്മീര്‍ ആണ് .ഇവിടുത്തുകാര്‍  പറയുന്നത് നമ്മള്‍ അനുസരിക്കണം.
ഞാനും നഗീനും പോകുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇരുന്ന ആള്‍രൂപം പള്ളിക്കകത്തേക്ക്   പോകുന്നത് കണ്ടു.ഫിരന്‍ ധരിച്ചിരുന്ന ആളിന്റെ കയ്യില്‍ ഒരു മെഷീന്‍ ഗണ്‍ .എന്നോട് ഫോട്ടോ എടുക്കുവാന്‍ പാടില്ല എന്ന് പറഞ്ഞത് ഒരു സുരക്ഷാ ഭടന്‍  ആയിരുന്നു?.
ഒരു പുഞ്ചിരി പോലും ബാക്കി നിര്‍ത്താത്ത മുഖം,എന്നില്‍  അത്ഭുതവും ആകാംഷയും ശേഷിപ്പിച്ച്‌ പതിവ് ഗൌരവത്തോടെ  പള്ളിയുടെ അകത്തളങ്ങള്‍വളരെ സൂഷ്മതയോടെ വീക്ഷിച്ചു  നടന്നു. 
ദൈവത്തിനും കാവല്‍ പട്ടാളക്കാര്‍ .......




ഹസ്രത് ബാല്‍-ആരാധനാലയം -ദാല്‍ തടാക തീരത്ത് നിന്ന് 

ദൂര കാഴ്ച 


.ദര്‍ഗയില്‍ നിന്നും നേരെ പോയത് ദല്‍ തടാകത്തിന്‍റെ  തീരത്തേക്കാണ്  . തടാക തീരം തികച്ചും ശാന്തം. പശ്ചാത്തലത്തില്‍ ദര്‍ഗയുടെ അടുത്തായി ഒരു മരത്തില്‍ അന്തിക്ക് കൂടണയാന്‍ തിരക്കു കൂട്ടുന്ന ഒരുപറ്റം കിളികളുടെ കലപില ശബ്ദം നേര്‍ത് കേള്‍ക്കാം .
ദല്‍ന്‍റെ തീരത്ത് എത്തിയപ്പോള്‍ അനിര്‍വനീയമായ ഒരു അന്തരീക്ഷം.ഇരുട്ടിന്റെ മറപറ്റി തണുപ്പിന്‍റെ പുതപ്പണിഞ്ഞ്‌  ദല്‍ നേരത്തേ  ഉറങ്ങിയെന്ന്എനിക്ക് തോന്നി .പടിക്കെട്ടുകള്‍ ഇറങ്ങി അവളെ ഒന്ന് തോട്ടുണര്‍ത്തിയാലോ?.തണുപ്പ് വല്ലാതെ അരിച്ചു കയറുന്നു .വീശുന്ന കാറ്റിനു തണുപ്പിന്‍റെ ആയിരം കൈകള്‍ .സമയം വൈകുന്നത് കാരണം  ഇനിയൊരു സായാഹ്നം ഇവിടെ വീണ്ടും വരാം എന്ന പ്രതീക്ഷയില്‍ തടാക തീരം വിട്ട് നടന്നകന്നു.
അന്തി മയങ്ങിയ നേരം  തണുത്തുറഞ്ഞ് ഉറങ്ങിപ്പോയ ദല്‍ തടാകം......


വഴിയോരങ്ങള്‍ അപ്പോഴേക്കും പൂര്‍ണ്ണമായി ഇരുട്ടില്‍ മുങ്ങിയിരുന്നു .മൂടല്‍ മഞ്ഞിന്‍റെ പുകമക്കുള്ളില്‍  ആകാശത്ത് മിന്നിയും മറഞ്ഞും കുറച്ച് നക്ഷത്രങ്ങള്‍ മാത്രം .  സ്ട്രീറ്റ് ലൈറ്റ്ന്‍റെ  അരണ്ട വെളിച്ചത്തില്‍ ടാറിട്ട റോഡില്‍ തെളിഞ്ഞു കണ്ട അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു .ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ .വഴിയരികിലെ മതിലുകളില്‍ വീണ്ടും അതേ വാചകങ്ങള്‍.ഉള്ളില്‍ അപ്പോള്‍ നിറഞ്ഞ വികാരം എന്തായിരുന്നു ?ഭയമോ നൊമ്പരമോ ?.മനസ്സില്‍ എവിടെയോ ഭയത്തിന്‍റെ നെരിപ്പോട് എരിയാന്‍ തുടങ്ങി ,കോര്‍ത്ത് വലിക്കുന്ന ഒരു നൊമ്പരവും .ഒരു കാര്യം ഉറപ്പാണ്‌ ഇന്നും ഇന്ത്യ വിരുദ്ധ ജനത കാശ്മീരിന്‍റെ മണ്ണില്‍ ഉണ്ട്.കാങ്കിടിയില്‍ എരിയുന്ന  കനലുപോലെ ചില മനസ്സിലെങ്കിലും ഒരു തരം സ്പര്‍ദ നീറുന്നുണ്ട് . എന്‍റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഒരു മറുപടി ഭയാസ് ഭായി പറഞ്ഞില്ല .നഗീനോട് ചോദിച്ചാല്‍ ഒരു പക്ഷെ പറയുമായിരുന്നിരിക്കണം .ഭാഷയുടെ ലോകത്ത് ഞങ്ങള്‍ അന്യരായിപ്പോയല്ലോ .

തണുപ്പിനോടൊപ്പം എന്നില്‍ നിറഞ്ഞ ഭയം ,
ഞാന്‍ കടന്ന് പോയ വഴിയോരങ്ങളിലെചിനാര്‍മരങ്ങള്‍അറിഞ്ഞിട്ടുണ്ടാകുമോ ?.
അവര്‍ നിശബ്ദമായി എല്ലാം കാണുന്നു ,കേള്‍ക്കുന്നു ,അറിയുന്നു ,ഒന്ന് പ്രതികരിക്കനാകാതെ .......ഒരു പക്ഷെ എന്നെ പോലെ .......


ഇതാണ് കാശ്മീര്‍ .....പല കാഴ്ചകളും അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിച്ചു കളയും.
അനുഭവങ്ങള്‍ നമ്മളെ കോരിയെടുത്തു ഒരു അത്ഭുത ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും.മനോഹരമായ കാഴ്ചകളുടെ അതിരുകള്‍ കാട്ടി നമ്മെ കൊതിപ്പിക്കും ,ഭീകരതയുടെ അതിര്‍ വരമ്പുകളില്‍ കൊണ്ട് പോയി ഭയപ്പെടുത്തും .
എങ്കിലും എനിക്കേറെ ഇഷ്ട്ടപ്പെട്ടു ഈ കാശ്മീര്‍ ......തണുപ്പിന്‍റെ 
തരളിതമായ ഈ പുതപ്പിനുള്ളില്‍ മൂടിപ്പുതച്ച്‌   ഇങ്ങനെ ഇരിക്കുവാന്‍ എനിക്കതിലും ഇഷ്ട്ടം.
ദല്‍ തടാകം കടന്ന്  ചിനാര്‍ മരങ്ങളെ തഴുകിയെത്തുന്ന ഈ തണുത്ത കാറ്റിന് അനുഭവത്തിന്‍റെ ഓര്‍മ്മകൂട്ടുകള്‍,പ്രണയത്തിന്‍റെ  മധുര സ്മരണകള്‍  എത്ര മേല്‍  പങ്കുവെക്കുവാന്‍  ഇനിയും ബാക്കിയുണ്ടാകും . 
                                                                                                                                                                   



കുറിപ്പ് :സുരക്ഷാനടപടികള്‍ കര്‍ശനമായതിനാല്‍ മനോഹരദ്രിശ്യങ്ങള്‍ പലതും ക്യാമറയില്‍  പകര്‍ത്തുവാന്‍ കഴിഞ്ഞില്ല . 


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(2)