Friday, May 27, 2011

താളം മറന്ന ചിലങ്കകള്‍.....





ശേഖരന്‍  മാമന്‍റെ  മകള്‍ രേണുവിന്‍റെ വിവാഹ നിശ്ചയം ആണ്  .നാട്ടിലേക്ക് പോയിട്ട്   വര്‍ഷം പതിനൊന്നു കഴിഞ്ഞിരിക്കുന്നു .എത്ര നാളായി എല്ലാവരെയും  കണ്ടിട്ട് ....

നാട്ടുവഴികള്‍ മറന്നിരിക്കുന്നു സുഭദ്ര,നാട് ഭദ്രയേയും  .തന്‍റെ ഓര്‍മകളുടെ വേരുകള്‍ക്ക് വളരാന്‍ ഒരു പിടി മണ്ണുപോലും  അവിടെ ഇല്ല എന്ന സത്യം  സുഭദ്രയെ വേദനിപ്പിക്കാറുണ്ട്  .മണ്ണും, ഹൃദയങ്ങളും ഭാഗം വെച്ചപ്പോള്‍ ഭദ്രയെ മാത്രം ആരും ഓര്‍ത്തില്ല ,അല്ലെങ്കില്‍  മനപൂര്‍വം മറന്നു.


എങ്കിലും ഇന്നും ആ മണ്ണില്‍   ഓര്‍മ്മകളുടെ  നിലക്കാത്ത താളം പോലെ ചില സ്വപ്നങ്ങള്‍ ഭദ്രക്ക് വേണ്ടി  ശേഷിക്കുന്നുണ്ട്‌ ,സുഭദ്രക്ക് വേണ്ടി മാത്രം. .......

ഈ പ്രാവിശ്യം എങ്കിലും  അമ്മയോട് ചോദിച്ച്‌ ആ ചിലങ്കകള്‍ വാങ്ങണം. 

നൃത്തം ചെയ്തിട്ട് ഇരുപതു  വര്‍ഷം , ചിലങ്കകള്‍ താളം മറന്നിട്ടുണ്ടാകുമോ?
ഓര്‍മ്മകളില്‍ .....അവസാനം ചിലങ്ക കെട്ടി നൃത്തം ചെയ്തത് എന്നാണ് ....? 

രഘു  മാഷാണ് അമ്മയോട് പറഞ്ഞത് ."ഗുരു വന്ദനം   എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട്   .സുഭദ്രയുടെ  ഒരു നൃത്തം വേണമെന്ന് ആഗ്രഹിക്കുന്നു."എന്ന് .

ഗുരു വിന്‍റെ  ആഗ്രഹമാണ് ,നിരസിക്കാന്‍ വയ്യ.......
കലാലയത്തിന്‍റെ   പടികള്‍ ചവിട്ടിയതില്‍  പിന്നെ  ഭദ്രക്ക്തന്‍റെ ചിലങ്കകള്‍  ഉമ്മറത്തെ കണ്ണാടിപ്പെട്ടിയിലെ കാഴ്ച വസ്തു മാത്രം ആയിരുന്നു. 

 മാഷിനോട് എന്ത് പറയും ?.

ഇനിയും  ഒരു അരങ്ങില്‍ .......... 

അതും ബിരുദം രണ്ടാം വര്‍ഷം.......

ഒടുവില്‍ അമ്മ  പറഞ്ഞു നോക്കി "അവള്‍ ചുവടുകളൊക്കെ മറന്നിട്ടുണ്ടാകില്ലേ മാഷേ    .....ഇനിയിപ്പോ ..."

 അതിന് മറുപടി  മാഷ്‌ തന്നെ പറഞ്ഞു, ചെറിയ പുഞ്ചിരിയോടെ  "ഭദ്രയോ .........നൃത്ത ചുവടുകള്‍ മറക്കുമെന്നോ .......!"

മാഷ്‌ പറഞ്ഞത് സത്യമായിരുന്നു.അന്ന് ഗുരുവന്ദന ദിനത്തില്‍  ...അരങ്ങില്‍ ഭദ്ര  ഒരു കൊച്ചു കുട്ടി യെപ്പോലെ എല്ലാം മറന്നു ചുവടുകള്‍ വെച്ചു  ..........ഒരു പുനര്‍ജന്മത്തിലെന്നപോലെ ചിലങ്കകളും .

യാത്ര പറഞ്ഞ്  കാല്‍തൊട്ടു  വണങ്ങുമ്പോള്‍  വിറയ്ക്കുന്ന കൈകള്‍ തലയില്‍  തൊട്ടു  മാഷ് അനുഗ്രഹിച്ചു ഭദ്രയെ  "എന്‍റെ കുട്ടിക്ക് നല്ലതേ വരൂ ...........".

അച്ഛനോളം വാത്സല്യമായിരുന്നു ആ വാക്കുകളില്‍ .

അന്നും ....എന്നും ,അനുഗ്രഹങ്ങള്‍ ഭദ്രയെ തേടി വന്നുകൊണ്ടിരുന്നു.

പണ്ട്  ശിവ ക്ഷേത്രത്തില്‍ വെച്ച്‌  മാഷിന്  ദക്ഷിണ കൊടുത്ത്  അരങ്ങേറ്റം കുറിച്ച ആ നിമിഷം ,അന്ന് നാല് വയസ്സുള്ള  കൊച്ചു സുഭദ്രയായിരുന്നു   .

പിന്നെ എത്ര എത്ര അരങ്ങുകള്‍ .....

ഓരോ നൃത്ത വേദികള്‍ പിന്നിടുമ്പോഴും  ഭദ്രയെ  തേടിവന്ന ,പുരസ്ക്കാരങ്ങള്‍   ,അഭിനന്ദനങ്ങള്‍ .......

പഠിച്ച വിദ്യാലയത്തിലും ജനിച്ച നാട്ടിലും  താരപരിവേഷത്തോടെ തിളങ്ങിയ ആ നാളുകള്‍ .

ഒരു ജന്മ സുകൃതം പോലെ നൃത്ത സപര്യക്ക് പതിച്ചു കിട്ടിയ "കലാതിലക പട്ടം".

പിന്നെ എപ്പോഴാണ് തിളക്കങ്ങള്‍ കുറഞ്ഞു പോയത് ......
കോളേജ് പഠനം തുടങ്ങിയപ്പോള്‍  അച്ഛനും അമ്മയുംഎടുത്ത തീരുമാനങ്ങള്‍ ആണോ ഭദ്രയുടെ ജീവിതം വഴി മാറ്റിവിട്ടത് ...?
അതോ നിനച്ചിരിക്കാതെ അച്ഛനെ ആക്രമിച്ച കട ബാധ്യതകളോ ?.

"ഗുരു വന്ദനം " കഴിഞ്ഞു കൃത്യം ഒരു വര്‍ഷത്തിനു ശേഷം,ഒരു ദിവസം  രഘു  മാഷ്‌ ഈ ലോകം വിട്ടു പോയി.
വിവരം അറിഞ്ഞു അമ്മയോടൊപ്പം ഭദ്ര എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
"കാണാഞ്ഞത് നന്നായ് കുട്ട്യേ .....ആകെ  കരുവാളിച്ച ആ മുഖം "എന്ന് പലരും പറഞ്ഞപ്പോള്‍ വൈകി വന്നത് നന്നായി എന്ന് ഭദ്രക്കും തോന്നി. 
.ദൈവം  വിളിച്ചിട്ടാണ് മാഷ്‌ പോയതെന്ന് ഭദ്ര പറയില്ല .
എല്ലാം വിധിയെന്ന് സമാധാനിക്കാം .
പക്ഷെ .....
 സ്നേഹമയിയായ ഭാര്യയേയും ഏക മകളെയും അനാഥമാക്കിയിട്ടു  എന്തിനായിരുന്നുമാഷ്‌ അങ്ങനെ ഒരു കടും കൈ ചെയ്തത് ?
നൃത്തത്തിനു വേണ്ടി   കുടുംബം മറന്നതോ ?അതോ കുടുംബത്തിനു വേണ്ടി ജീവിക്കാന്‍  മറന്നതോ .?  
ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍    ഭദ്ര യുടെ മനസ്സില്‍ വിങ്ങുന്നുണ്ട് . 

അതില്‍ പിന്നെ എത്ര വര്‍ഷങ്ങള്‍ ,ആരുടെയൊക്കെ വേര്‍പാടുകള്‍ ,എന്തെല്ലാം  മാറ്റങ്ങള്‍.........

 ഒടുവില്‍ ഒരു  നിമിഷത്തെ ഇടവേളയില്‍  ഹൃദയ താളം നിശ്ചലമായപ്പോള്‍  കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ കിട്ടാക്കടങ്ങള്‍  മാത്രം ശേഷിപ്പിച്ച്‌......അച്ഛനും പോയി ,കടങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ...

......നൃത്തം,ചിലങ്കകള്‍,അരങ്ങുകള്‍ .........എല്ലാം ഭദ്രയുടെ മനസ്സില്‍ വെറും ഓര്‍മ്മകള്‍ മാത്രമായി.
എങ്കിലും മനസ്സില്‍ ഇപ്പോഴും പിഴക്കാത്ത ആ താള ചുവടുകള്‍ ഉണ്ടെന്നു ഭദ്രയ്ക്ക് തോന്നാറുണ്ട്.

രേണുവിന്‍റെ   വിവാഹ നിശ്ചയം  കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന നേരം,  മറക്കാത്ത ആ താളം മനസ്സിലിട്ട്   അമ്മയോട് തന്‍റെ  ചിലങ്കയെപ്പറ്റി സുഭദ്ര  ചോദിച്ചു .
തട്ടിന്‍ പുറത്ത് കാല്‍പ്പെട്ടിക്കകത്ത്‌ ഇരിക്കുന്ന ചിലങ്കകള്‍   തനിക്കു വേണം എന്ന് പറയുമ്പോള്‍ അമ്മയുടെ മുഖത്തെ  പരിഭ്രമം കലര്‍ന്ന ചോദ്യ ഭാവം കണ്ടില്ല എന്ന് നടിച്ചു ഭദ്ര .

പൊടി തട്ടിയെടുത്തപ്പോള്‍ ഭദ്രയോട്  പല പരിഭവങ്ങളും പറഞ്ഞു ആ ചിലങ്ക .ചുറ്റും മുഴങ്ങുന്ന പരിഹാസം കലര്‍ന്ന തമാശകള്‍ക്കൊന്നും അപ്പോള്‍ ഭദ്രയുടെ  മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല .


ഹൃദയത്തില്‍  ഇപ്പോഴും നിലക്കാത്ത താളം.നൃത്ത ചുവടുകളുടെ ചടുലമായതാളം.
ഓരോ  പദചലനങ്ങളിലും, പരിഭവം പറയാറുള്ള ചിലങ്ക .

"നീ   ഉറങ്ങിയില്ലേ ഭദ്രേ  ...?"

"ഇല്ല.......ഉറക്കം വരണില്ല്യ ഏട്ടാ ...."

"നീ ഇപ്പോഴും ആ ചിലങ്കകളെ ക്കുറിച്ച് ഓര്‍ക്കുന്നു അല്ലെ ....."

"ഉം ........."

"അതിപ്പോ എവിടെയാ വെച്ചിരിക്കണേ ......ഇങ്ങ് എടുത്തോണ്ട് വരൂ ഭദ്രേ  ...."

"ഏത് ......?ചിലങ്കകളോ !.....ഇപ്പോഴോ ......ഈ രാത്രിയില്‍   .....!"

"അതേല്ലോ .....കൊണ്ട് വരൂ   ......" 

അലമാരയില്‍ ഭദ്രമായി വച്ചിരിക്കുന്ന ചിലങ്കകള്‍  എടുത്ത്  ഭദ്ര കണ്ണുകളോട് ചേര്‍ത്ത് വെച്ചു.
ഒരു പരിഭവം പറച്ചിലിന്‍റെ  താളം,ഒരു വിരഹത്തിന്‍റെ  ഗദ്ഗതം  ഭദ്രയുടെ കാതോരം മുഴങ്ങി .....

"അതിങ്ങു തരൂ ഭദ്രേ.......കാലില്‍ ഞാന്‍  കെട്ടി തരാം "

"യ്യോ......ഏട്ടാ ...അത്......... അപ്പുറത്ത് അമ്മായി......ഉണ്ണിയും ,അപ്പുവും  ഉറങ്ങിയിട്ടുണ്ടാവില്യാ... " 

"................എന്ത് ഭംഗിയ ഈ ചിലങ്കകള്‍ നിന്‍റെ കാലിന്........നീ  ചുവടുകള്‍ മറന്നിട്ടില്ലല്ലോ ഭദ്രേ ......"

"ഈശ്വരാ ....ഈ വേഷത്തിലോ  .....ഒക്കെ മുഷിഞ്ഞിരിക്യാണ്  ഏട്ടാ  .....അതും ഈ രാത്രിയില്‍......!  "

"ചിലങ്കകളുടെ നാദം അത് മതി ......ഞാന്‍ ഇന്നേ വരെ നിന്‍റെ നൃത്തം കണ്ടിട്ടില്യാല്ലോ  .........."

ഭദ്ര യുടെ ചിലങ്ക കെട്ടിയ പാദങ്ങള്‍ മെല്ലെ തറയില്‍ അമര്‍ന്നു  .  മേയ് വഴക്കത്തോടെ ഭദ്ര ചുവടുകള്‍ വെച്ചു .ലാസ്യ ഭാവങ്ങള്‍ മുഖത്ത് മിന്നിത്തെളിഞ്ഞു. മുറിയില്‍ ഇപ്പോള്‍ ഇരുട്ടല്ല .പ്രകാശം നിറഞ്ഞിരിക്കുന്നു..പക്കമേളക്കാര്‍ ....ജതികള്‍ ചൊല്ലുന്നത്‌ രഘു  മാഷ്‌ ആണ് .ഭദ്രയുടെ പാദങ്ങള്‍ ദ്രുതഗതിയില്‍ചലിക്കുന്നു  ...........കണ്മു ന്പില്‍ ഒരു  ജനസമുദ്രം ആര്‍പ്പു വിളിക്കുന്നു .മുന്‍നിരയില്‍ ഏട്ടന്‍ ,അമ്മ ,അമ്മായി,ഉണ്ണിക്കുട്ടന്‍,അപ്പു  .....എല്ലാരുമുണ്ട്. രഘു  മാഷിന്‍റെ  പിന്നിലായി  അച്ഛന്‍ ,അമ്മമ്മ,........മണ്മറഞ്ഞു പോയവര്‍ .  കാണികളുടെ ആരവം പിന്നെയും  കൂടി വരുന്നു .

ഈശ്വരാ ....കാലിലെ ചിലങ്കകള്‍ അഴിഞ്ഞു പോകുമോ ?.......അരങ്ങില്‍ ചിലങ്ക അഴിഞ്ഞ് വീണാല്‍  പിന്നെ നൃത്ത ഉപേക്ഷിക്കേണ്ടി വരും എന്ന് രഘു മാഷ്‌ തന്നെയാണ് പറഞ്ഞിട്ടുള്ളത് .
ചുവടുകള്‍ തെറ്റരുത് .
ഭദ്ര  വല്ലാതെ വിയര്‍ത്തു.വിയര്‍പ്പിന്‍റെ  മഴ പെയ്തിറങ്ങുന്നു .

"അമ്മേ..........എന്‍റെ ചിലങ്ക .........."ഒരാര്‍ത്തനാദമായി അരങ്ങില്‍ തളര്‍ന്നു വീണത്‌ ഭദ്രയാണോ ?.

വിയര്‍പ്പില്‍ കുളിച്ച്‌.......   കട്ടിലില്‍നിന്നും ഭദ്ര പിടഞ്ഞെണീറ്റു . 

"എന്താ സുഭദ്രേ ഇത്  ........നിനക്കൊട്ടു ഉറക്കോം  ഇല്ല്യാ .  ബാക്കിയുള്ളോരെ  ഉറക്കുകേമില്ല  .......കഷ്ട്ടം തന്നെ  "

"അത്  ..........ഞാന്‍..... ഏട്ടാ  ...............ആ ചിലങ്ക "

 ഭദ്രപറഞ്ഞത് ആരും  കേട്ടില്ല .

താളങ്ങള്‍ സ്വപ്നം കണ്ട്  അപ്പോഴും സുഭദ്രയുടെ അലമാരിയില്‍ ആ ചിലങ്കകള്‍  പരാതികളും ,പരിഭവങ്ങളും  നെഞ്ചേറ്റി ഉറങ്ങുകയായിരുന്നു,



Friday, May 06, 2011

ആലീസിന്‍റെ സ്വയംവരം ...............



നേരം  പുലരാന്‍ ഇനിയുമുണ്ട്  അരനാഴിക  .

കണ്ണുകള്‍ ഇറുകെ അടച്ചു ഉറക്കം വരാതെ ആലീസ് കിടന്നു .

"അമ്മച്ചീടെ നേര്‍ച്ചക്കോഴി ആകാന്‍ എന്നെ കിട്ടില്ല  ...... മഠത്തില്‍   ചേരണം പോലും....".

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ,നാലു നേരവും താന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച കര്‍ത്താവ്‌ തന്നെ തന്‍റെ  ഉറക്കം കെടുത്തുകയാണല്ലോ എന്ന്   ആലീസിന് തോന്നിപ്പോയി.

പുറത്തു മഴ പെയ്തുകൊണ്ടിരുന്നു .
കണ്ണ് ചിമ്മിച്ചു മിന്നിയ കൊള്ളിയാന്‍റെ വെളിച്ചത്തില്‍ മുന്നില്‍ തെളിഞ്ഞ തിരുരൂപം കണ്ട്  ആലീസ് ഞെട്ടി.

"മിശിഹായേ..............................നീ"


കര്‍ത്താവ്‌ ഇതാ മുന്നില്‍ നില്‍ക്കുന്നു  .രൂപക്കൂട്ടില്‍ കണ്ട അതേ കാരുണ്യം ആ കണ്ണുകളില്‍ .
ശിരസ്സില്‍ ആ മുള്‍ക്കിരീടവും......


ഉണര്‍വിനും,ഉറക്കത്തിനുമിടക്ക്, പറന്നുപൊങ്ങിയ ഒരു  തൂവാലായി മാറി ആലീസ്   ...........  


"പ്രാര്‍ത്ഥനകളുടെ ഫലം  വൈകിയെങ്കിലും നിങ്ങളെ തേടി വരും " എന്ന്  പാതിരാ കുര്‍ബാനയ്ക്ക് ഇന്നലെ എസ്താപ്പച്ചന്‍പറഞ്ഞത്   എത്ര സത്യമാണെന്ന് ആലീസ് ഓര്‍ത്തു.
കര്‍ത്താവിനോട് ചോദിയ്ക്കാന്‍,  കുറെനാളായി  മനസ്സില്‍ അക്കമിട്ടു  സൂക്ഷിച്ച  ചോദ്യങ്ങള്‍   വെറുതെ ആയില്ലല്ലോ എന്ന്  ആശ്വസിച്ചെങ്കിലും ,ഉണങ്ങി  വരണ്ടു പോയ തന്‍റെ  തൊണ്ടയില്‍ക്കിടന്നു  പിടയുന്ന ചോദ്യങ്ങളെ രക്ഷപ്പെടുത്താന്‍ ഒരു വിഫല  ശ്രമം തന്നെ നടത്തി ആ നിമിഷങ്ങളില്‍ ആലീസ്‌

കര്‍ത്താവ്‌  ചിരിക്കുകയാണോ?... .....തിരുമുറിവുകളില്‍ ഇപ്പോഴും രക്തത്തിന്‍റെ   പാടുകള്‍ .......

"ആലീസേ.................." 


കര്‍ത്താവല്ലേ  തന്നെ വിളിച്ചത് .......... ?
മഴ പൂവിട്ടു കൊഴിഞ്ഞ  മരത്തിന്‍റെ  ചില്ലകളില്‍  തട്ടി നനഞ്ഞ തൂവലായി ആലീസ്‌ താഴേക്ക്‌ പതിച്ചു   ..............തിരുരൂപതിന്‍റെ  കാല്‍ക്കല്‍....


"ആലീസ്സെ ..............നിനക്കിന്നു സ്വയംവരം ......."


"സ്വയം വരമോ....?എനിക്കോ  !......നീ എന്നെ പരിഹസിക്കുകയാണോ ദൈവമേ........"


"നോക്കൂ ആലീസേ  .................."


മിന്നല്‍ പിണരുകള്‍ തെളിച്ച പ്രകാശത്തില്‍ കര്‍ത്താവിന്‍റെ    വലം ഭാഗത്ത്‌   നിരന്നിരിക്കുന്ന അഞ്ചു പുരുഷന്മാരെ ആലീസ്‌  കണ്ടു .


"മിശിഹായേ ..........ഇതാണോ  അങ്ങ് പറഞ്ഞ സ്വയം വരം? ഇവരില്‍ ആരെ ഞാന്‍................?"


എവിടെയൊക്കെയോ കണ്ടുമറന്ന ആ മുഖങ്ങളില്‍ ആലീസ്‌ തന്‍റെ  പ്രിയനെ   തേടിയലഞ്ഞു.....


ധര്‍മ്മിഷ്ടന്‍ ആണ് ഒന്നാമന്‍,എത്ര  ശാന്തമാണ്  ആ മുഖം !....  പക്ഷെ.... 
സുന്ദരനും ,വീരനുമായ രണ്ടാമനെ ആയാലോ ....?,
ആരോഗ്യവാനും ,ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നവനുമായ  മൂന്നാമനാകുമോ ശ്രേഷ്ഠന്‍.....?.
പിന്നെയും രണ്ടു പേര്‍ ..............


ഇതില്‍ ആരാവും എന്‍റെ പ്രിയന്‍..........?


"എന്‍റെ ദൈവമേ നീ എന്നെ വീണ്ടും പരീക്ഷിക്കുവാണോ?       "
ആലീസിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി 


"ഈ ഉള്ളവരിലൊന്നും ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ പ്രിയനില്ല  മിശിഹായേ .........
അഞ്ചുപേരിലും അഞ്ചു ഗുണങ്ങള്‍ ,അതിലേറെ ദോഷങ്ങള്‍ ..........
നീ സൃഷ്ട്ടി കര്‍ത്താവ്‌ അല്ലെ  . ......എനിക്ക് വേണ്ടി എല്ലാ ഗുണങ്ങളുമുള്ള ഒരുവനെ നീ എന്തേ കാട്ടിത്തരുന്നില്ല........"


 പുണ്യ രൂപത്തിന്  ഒരു ചലനവും ഇല്ലല്ലോ .......ആലീസ്‌ ഓര്‍ത്തു  


കാറ്റ് പിന്നെയും വീശി ,മഴയുടെ ആരവം കൂടി. .ഇരുട്ടില്‍ കര്‍ത്താവിന്‍റെ  തിരുമുഖം പ്രകാശിച്ചു.  


"ആലീസേ ......നീ പറയുന്ന ഈ അഞ്ചു ഗുണങ്ങളും ഉള്‍ക്കൊള്ളുവാന്‍  ഒരു പുരുഷജന്മത്തിനും  കഴിയില്ല .അഞ്ചു   ഗുണങ്ങളും ഒരുവനില്‍ വേണം എന്നത്, നീയാകുന്ന സ്ത്രീയുടെ വെറും ശാഠ്യം,അല്ലെങ്കില്‍ അറിവുകേട്‌ ............................."


ആലീസ്‌ കര്‍ത്താവിന്‍റെ കണ്ണുകളിലേക്ക്  നോക്കി.പരിഹാസമാണോ ഈ വാക്കുകളില്‍ ..?
"നീ എന്ന സ്ത്രീ തകരുന്നതും ,കുടുംബബന്ധങ്ങള്‍ അകലുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്"
എന്ന് കൂടി ദൈവം പറയുമെന്ന് ആലീസ്‌ ഭയപ്പെട്ടു ,


"ഇനി നിനക്ക് നിന്‍റെ തീരുമാനം പറയാം   ......സമയം വൈകുന്നു........."


ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍  പരതിനടക്കവേ ഒരു വെളിപാടെന്നപോലെ ആലീസ്സ്    കര്‍ത്താവിനോട് പറഞ്ഞു .

"സര്‍വ സൃഷ്ട്ടിക്കും കാരണം നീ ആണല്ലോ മിശിഹായേ ................................നന്മയും ,തിന്മയും എന്നില്‍ നിറച്ചതും നീ ......
ഈ സ്വയംവരത്തില്‍.......... ഞാന്‍.........ഞാന്‍  അങ്ങയുടെ തിരുമാണവാട്ടി ആയിക്കൊള്ളാം  ............."

കര്‍ത്താവ്‌പുഞ്ചിരിച്ചോ?.
കണ്ണുകളില്‍ കാരുണ്യത്തിന്‍റെ  വറ്റാത്ത ഉറവ  ഇപ്പോഴും ശേഷിക്കുന്നുണ്ടോ ?
ഉണങ്ങാത്ത തിരുമുറിവുകള്‍ ലീസിന്‍റെ ഹൃദയത്തെ നോവിച്ചു..........

അടഞ്ഞു പോകുന്ന കണ്ണുകള്‍ വലിച്ചു തുറന്നപ്പോള്‍ പുറത്ത്  പകല്‍ വെളിച്ചം.
തുറന്നിട്ട ജനലുകള്‍ക്കപ്പുറം  നനഞ്ഞ  മുറ്റവും, വയലുകളും .

അമ്മച്ചിയോടൊപ്പം ബാഗുമെടുത്ത്  ആലീസ്‌   വീടിന്‍റെ   പടിക്കെട്ടുകളിറങ്ങുമ്പോള്‍, അപ്പുറത്തെ കയ്യാലക്കരികില്‍ നിന്നും കത്രീനാമ്മയുടെ  ശബ്ദം.

"ഒടുവില്‍ കൊച്ചു സമ്മതിച്ചല്യോടീ   മറിയേ ................കര്‍ത്താവിനു  സ്തുതി "

നിറഞ്ഞു പോയ കണ്ണുകള്‍ ആലീസ്‌ കാണാതെ  തുടച്ചിട്ട്   കറുത്ത ചരടിലെ   കുരിശില്‍ മുത്തുമ്പോള്‍ മറിയച്ചേടത്തിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.....
"കര്‍ത്താവേ   എന്‍റെ കുഞ്ഞിനെ കാത്തോളണേ............. ".